wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


കൊരിന്ത്യർ 2 അദ്ധ്യായം 1
  • 1 ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസും സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭെക്കും അഖായയിൽ എല്ലാടത്തുമുള്ള സകലവിശുദ്ധന്മാർക്കും കൂടെ എഴുതുന്നതു:
  • 2 നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
  • 3 മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ.
  • 4 ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.
  • 5 ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നേ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.
  • 6 ഞങ്ങൾ കഷ്ടം അനുഭവിക്കുന്നു എങ്കിൽ അതു നിങ്ങളുടെ ആശ്വാസത്തിന്നും രക്ഷെക്കും ആകുന്നു; ഞങ്ങൾക്കു ആശ്വാസം വരുന്നു എങ്കിൽ അതു ഞങ്ങൾ സഹിക്കുന്ന കഷ്ടങ്ങൾ തന്നേ നിങ്ങളും സഹിക്കുന്നതിൽ നിങ്ങളുടെ ആശ്വാസത്തിന്നായി ഫലിക്കുന്നു.
  • 7 നിങ്ങൾ കഷ്ടങ്ങൾക്കു കൂട്ടാളികൾ ആകുന്നതു പോലെ ആശ്വാസത്തിന്നും കൂട്ടാളികൾ എന്നറികയാൽ നിങ്ങൾക്കു വേണ്ടി ഞങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതു തന്നേ.
  • 8 സഹോദരന്മാരേ, ആസ്യയിൽ ഞങ്ങൾക്കു ഉണ്ടായ കഷ്ടം നിങ്ങൾ അറിയാതിരിപ്പാൻ ഞങ്ങൾക്കു മനസ്സില്ല; ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറു ഞങ്ങൾ ശക്തിക്കു മീതെ അത്യന്തം ഭാരപ്പെട്ടു.
  • 9 അതേ, ഞങ്ങളിൽ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ തന്നേ ആശ്രയിപ്പാൻ തക്കവണ്ണം ഞങ്ങൾ മരിക്കും എന്നു ഉള്ളിൽ നിർണ്ണയിക്കേണ്ടിവന്നു.
  • 10 ഇത്ര ഭയങ്കരമരണത്തിൽനിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്നു ഞങ്ങൾ അവനിൽ ആശ വെച്ചുമിരിക്കുന്നു.
  • 11 അതിന്നു നിങ്ങളും ഞങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനയാൽ തുണെക്കുന്നുണ്ടല്ലോ; അങ്ങനെ പലർ മുഖാന്തരം ഞങ്ങൾക്കു കിട്ടിയ കൃപെക്കു വേണ്ടി പലരാലും ഞങ്ങൾനിമിത്തം സ്തോത്രം ഉണ്ടാകുവാൻ ഇടവരും.
  • 12 ഞങ്ങൾ ലോകത്തിൽ, വിശേഷാൽ നിങ്ങളോടു, ജഡജ്ഞാനത്തിൽ അല്ല, ദൈവകൃപയിലത്രേ, ദൈവം നല്കുന്ന വിശുദ്ധിയിലും നിർമ്മലതയിലും പെരുമാറിയിരിക്കുന്നു എന്നു ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യം തന്നേ ഞങ്ങളുടെ പ്രശംസ.
  • 13 നിങ്ങൾ വായിക്കുന്നതും ഗ്രഹിക്കുന്നതും അല്ലാതെ മറ്റൊന്നും ഞങ്ങൾ നിങ്ങൾക്കു എഴുതുന്നില്ല;
  • 14 നമ്മുടെ കർത്താവായ യേശുവിന്റെ നാളിൽ നിങ്ങൾ ഞങ്ങൾക്കു എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ ഞങ്ങളെ ഏറക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്നു ഞാൻ ആശിക്കുന്നു.
  • 15 ഇങ്ങനെ ഉറെച്ചിട്ടു നിങ്ങൾക്കു രണ്ടാമതു ഒരു അനുഗ്രഹം ഉണ്ടാകേണം എന്നുവെച്ചു
  • 16 മുമ്പെ നിങ്ങളുടെ അടുക്കൽ വരുവാനും ആ വഴിയായി മക്കെദോന്യെക്കു പോയി പിന്നെയും മക്കെദോന്യയിൽനിന്നു നിങ്ങളുടെ അടുക്കൽ വരുവാനും നിങ്ങളാൽ യെഹൂദ്യയിലേക്കു യാത്ര അയക്കപ്പെടുവാനും ഞാൻ വിചാരിച്ചിരുന്നു.
  • 17 ഇങ്ങനെ വിചാരിച്ചതിൽ ഞാൻ ചാപല്യം കാണിച്ചുവോ? അല്ലെങ്കിൽ എന്റെ വാക്കു ഉവ്വു, ഉവ്വു; ഇല്ല, ഇല്ല എന്നു ആകുവാന്തക്കവണ്ണം എന്റെ നിരൂപണം ജഡികനിരൂപണമോ?
  • 18 നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കൽ ഉവ്വു എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല എന്നതിന്നു വിശ്വസ്തനായ ദൈവം സാക്ഷി.
  • 19 ഞാനും സില്വാനൊസും തിമൊഥെയോസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കൽ ഉവ്വു എന്നും മറ്റൊരിക്കൽ ഇല്ല എന്നും ആയിരുന്നില്ല; അവനിൽ ഉവ്വു എന്നത്രേയുള്ളു.
  • 20 ദൈവത്തിന്റെ വാഗ്ദത്തങ്ങൾ എത്ര ഉണ്ടെങ്കിലും അവനിൽ ഉവ്വു എന്നത്രേ; അതുകൊണ്ടു ഞങ്ങളാൽ ദൈവത്തിന്നു മഹത്വം ഉണ്ടാകുമാറു അവനിൽ ആമേൻ എന്നും തന്നേ.
  • 21 ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിൽ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ.
  • 22 അവൻ നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.
  • 23 എന്നാണ, നിങ്ങളെ ആദരിച്ചിട്ടത്രേ ഞാൻ ഇതുവരെ കൊരിന്തിൽ വരാഞ്ഞതു; അതിന്നു ദൈവം സാക്ഷി.
  • 24 നിങ്ങളുടെ വിശ്വാസത്തിന്മേൽ ഞങ്ങൾ കർത്തൃത്വം ഉള്ളവർ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങൾ സഹായികൾ അത്രേ; വിശ്വാസസംബന്ധമായി നിങ്ങൾ ഉറെച്ചു നില്ക്കുന്നുവല്ലോ.