wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


പ്രവൃത്തികൾഅദ്ധ്യായം 24
  • 1 അഞ്ചുനാൾ കഴിഞ്ഞശേഷം മഹാപുരോഹിതനായ അനന്യാസ് മൂപ്പന്മാരോടും തെർത്തുല്ലൊസ് എന്ന ഒരു വ്യവഹാരജ്ഞനോടും കൂടി വന്നു. പൌലൊസിന്റെ നേരെ ദേശാധിപതിയുടെ മുമ്പാകെ അന്യായം ബോധിപ്പിച്ചു.
  • 2 അവനെ വിളിച്ചാറെ തെർത്തുല്ലൊസ് അന്യായം വിവരിച്ചു പറഞ്ഞതെന്തെന്നാൽ:
  • 3 രാജശ്രീ ഫേലിക്സേ, നീമുഖാന്തരം ഞങ്ങൾ വളരെ സമാധാനം അനുഭവിക്കുന്നതും നിന്റെ പരിപാലനത്താൽ ഈ ജാതിക്കു ഏറിയ ഗുണീകരണങ്ങൾ സാധിച്ചിരിക്കുന്നതും ഞങ്ങൾ എപ്പോഴും എല്ലായിടത്തും പൂർണ്ണനന്ദിയോടും കൂടെ അംഗീകരിക്കുന്നു.
  • 4 എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുതു എന്നുവെച്ചു ക്ഷമയോടെ ചുരുക്കത്തിൽ ഞങ്ങളുടെ അന്യായം കേൾക്കേണം എന്നു അപേക്ഷിക്കുന്നു.
  • 5 ഈ പുരുഷൻ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുന്നവനും നസറായമതത്തിന്നു മുമ്പനും എന്നു ഞങ്ങൾ കണ്ടിരിക്കുന്നു.
  • 6 അവൻ ദൈവാലയം തീണ്ടിപ്പാനും ശ്രമിച്ചു. അവനെ ഞങ്ങൾ പിടിച്ചു (ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാൻ വിചാരിച്ചു.
  • 7 എങ്കിലും സഹസ്രാധിപനായ ലുസിയാസ് വളരെ ബലത്തോടു വന്നു അവനെ ഞങ്ങളുടെ കയ്യിൽനിന്നു പിടിച്ചുകൊണ്ടുപോയി.
  • 8 അവന്റെ വാദികൾ നിന്റെ മുമ്പാകെ വരുവാൻ കല്പിച്ചു) നീ തന്നേ അവനെ വിസ്തരിച്ചാൽ ഞങ്ങൾ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും അറിഞ്ഞുകൊൾവാൻ ഇടയാകും.
  • 9 അതു അങ്ങനെ തന്നേ എന്നു യെഹൂദന്മാരും യോജിച്ചു പറഞ്ഞു.
  • 10 സംസാരിക്കാം എന്നു ദേശാധിപതി ആംഗ്യം കാട്ടിയാറെ പൌലൊസ് ഉത്തരം പറഞ്ഞതു: ഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്നു അറികകൊണ്ടു എന്റെ കാര്യത്തിൽ ഞാൻ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു.
  • 11 ഞാൻ യെരൂശലേമിൽ നമസ്കരിപ്പാൻ പോയിട്ടു പന്ത്രണ്ടു നാളിൽ അധികമായില്ല എന്നു നിനക്കു അറിയാകുന്നതാകുന്നു.
  • 12 ദൈവാലയത്തിലോ പള്ളികളിലോ നഗരങ്ങളിലോവെച്ചു ആരോടും വാദിക്കയെങ്കിലും പുരുഷാരത്തിൽ കലഹം ഉണ്ടാക്കുകയെങ്കിലും ചെയ്യുന്നാതായി അവർ എന്നെ കണ്ടില്ല.
  • 13 ഇന്നു എന്റെ നേരെ ബോധിപ്പിക്കുന്ന അന്യായം നിന്റെ മുമ്പാകെ തെളിയിപ്പാൻ അവർക്കു കഴിയുന്നതുമല്ല.
  • 14 എന്നാൽ ഒന്നു ഞാൻ സമ്മതിക്കുന്നു: മതഭേദം എന്നു ഇവർ പറയുന്ന മാർഗ്ഗപ്രകാരം ഞാൻ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതു ഒക്കെയും വിശ്വസിക്കയും ചെയ്യുന്നു.
  • 15 നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഇവർ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.
  • 16 അതു കൊണ്ടു എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാൻ ഞാൻ ശ്രമിക്കുന്നു.
  • 17 പലസംവത്സരം കൂടീട്ടു ഞാൻ എന്റെ ജാതിക്കാർക്കു ധർമ്മം കൊണ്ടുവരുവാനും വഴിപാടു കഴിപ്പാനും വന്നു.
  • 18 അതു അനുഷ്ഠിക്കുമ്പോൾ അവർ എന്നെ ദൈവാലയത്തിൽവെച്ചു ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടു കൂടിയല്ല, കലഹത്തോടുകൂടിയുമല്ല.
  • 19 എന്നാൽ ആസ്യക്കാരായ ചില യെഹൂദന്മാർ ഉണ്ടായിരുന്നു; അവർക്കു എന്റെ നേരെ അന്യായം ഉണ്ടെങ്കിൽ നിന്റെ മുമ്പിൽ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു.
  • 20 അല്ല, ഞാൻ ന്യായാധിപസംഘത്തിന്റെ മുമ്പിൽ നില്ക്കുമ്പോൾ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ഇന്നു നിങ്ങൾ എന്നെ വിസ്തരിക്കുന്നു എന്നു ഞാൻ വിളിച്ചു പറഞ്ഞോരു വാക്കല്ലാതെ
  • 21 അവിടെ വെച്ചു എന്റെ പക്കൽ വല്ല കുറ്റവും കണ്ടിട്ടുണ്ടങ്കിൽ ഇവർ തന്നേ പറയട്ടെ
  • 22 ഫേലിക്സിന്നു ഈ മാർഗ്ഗം സംബന്ധിച്ചു സൂക്ഷ്മമായ അറിവു ഉണ്ടായിരുന്നിട്ടും: ലുസിയാസ് സഹസ്രാധിപൻ വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീർച്ചപ്പെടുത്തും എന്നു പറഞ്ഞു അവധിവെച്ചു,
  • 23 ശതാധിപനോടു അവനെ തടവിൽ തന്നേ സൂക്ഷിച്ചു ദയകാണിപ്പാനും അവന്റെ സ്നേഹിതന്മാർ അവന്നു ശുശ്രൂഷ ചെയ്യുന്നതു വിരോധിക്കാതിരിപ്പാനും കല്പിച്ചു.
  • 24 കുറെനാൾ കഴിഞ്ഞിട്ടു ഫേലിക്സ് യെഹൂദ സ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയുമായി വന്നു, പൌലൊസിനെ വരുത്തി ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചു അവന്റെ പ്രസംഗം കേട്ടു.
  • 25 എന്നാൽ അവൻ നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി: തൽക്കാലം പോകാം; അവസരം ഉള്ളപ്പോൾ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു.
  • 26 പൌലൊസ് തനിക്കു ദ്രവ്യം തരും എന്നു ആശിച്ചു പലപ്പോഴും അവനെ വരുത്തി അവനോടു സംഭാഷിച്ചു പോന്നു.
  • 27 രണ്ടാണ്ടു കഴിഞ്ഞിട്ടു ഫേലിക്സിന്നു പിൻവാഴിയായി പൊർക്ക്യൊസ് ഫെസ്തൊസ് വന്നപ്പോൾ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വെച്ചു പൌലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി.