wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


പ്രവൃത്തികൾഅദ്ധ്യായം 27
  • 1 ഞങ്ങൾ കപ്പൽ കയറി ഇതല്യെക്കു പോകേണം എന്നു കല്പനയായപ്പോൾ പൌലൊസിനെയും മറ്റു ചില തടവുകാരെയും ഔഗുസ്ത്യപട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു.
  • 2 അങ്ങനെ ഞങ്ങൾ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലിൽ കയറി നീക്കി; തെസ്സലൊനിക്കയിൽ നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു.
  • 3 പിറ്റെന്നു ഞങ്ങൾ സീദോനിൽ എത്തി; യൂലിയൊസ് പൌലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം കൈക്കൊൾവാൻ അനുവദിച്ചു.
  • 4 അവിടെ നിന്നു ഞങ്ങൾ നീക്കി, കാറ്റു പ്രതികൂലമാകയാൽ കുപ്രൊസ് ദ്വീപിന്റെ മറപറ്റി ഓടി;
  • 5 കിലിക്യ പംഫുല്യ കടൽവഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തിൽ എത്തി.
  • 6 അവിടെ ശതാധിപൻ ഇതല്യെക്കു പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പൽ കണ്ടു ഞങ്ങളെ അതിൽ കയറ്റി.
  • 7 പിന്നെ ഞങ്ങൾ ബഹുദിവസം പതുക്കെ ഓടി, ക്നീദൊസ് തൂക്കിൽ പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാൽ ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനെക്കു നേരെ ഓടി,
  • 8 കരപറ്റി പ്രയാസത്തോടെ ലസയ്യപട്ടണത്തിന്റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്തു എത്തി.
  • 9 ഇങ്ങനെ വളരെ നാൾ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ടു പൌലൊസ്:
  • 10 പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിന്നും കപ്പലിന്നും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്നു ഞാൻ കാണുന്നു എന്നു അവരെ പ്രബോധിപ്പിച്ചു.
  • 11 ശതാധിപനോ പൌലൊസ് പറഞ്ഞതിനെക്കാൾ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്കു അധികം വിശ്വസിച്ചു.
  • 12 ആ തുറമുഖം ശീതകാലം കഴിപ്പാൻ തക്കതല്ലായ്കയാൽ അവിടെ നിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു.
  • 13 തെക്കൻ കാറ്റു മന്ദമായി ഊതുകയാൽ താല്പര്യം സാധിച്ചു എന്നു തോന്നി, അവർ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഓടി.
  • 14 കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലൻ എന്ന കൊടങ്കാറ്റു അടിച്ചു.
  • 15 കപ്പൽ കാറ്റിന്റെ നേരെ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കൈവിട്ടു അങ്ങനെ പാറിപ്പോയി.
  • 16 ക്ളൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.
  • 17 അതു വലിച്ചുകയറ്റീട്ടു അവർ കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേൽ അകപ്പെടും എന്നു പേടിച്ചു പായി ഇറക്കി അങ്ങനെ പാറിപ്പോയി.
  • 18 ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ടു പിറ്റെന്നു അവർ ചരക്കു പുറത്തുകളഞ്ഞു.
  • 19 മൂന്നാം നാൾ അവർ സ്വന്തകയ്യാൽ കപ്പൽകോപ്പും കടലിൽ ഇട്ടുകളഞ്ഞു.
  • 20 വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റു അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപ്പെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി.
  • 21 അവർ വളരെ പട്ടിണി കിടന്നശേഷം പൌലോസ് അവരുടെ നടുവിൽ നിന്നുകൊണ്ടു പറഞ്ഞതു: പുരുഷന്മാരേ, എന്റെ വാക്കു അനുസരിച്ചു ക്രേത്തയിൽനിന്നു നീക്കാതെയും ഈ കഷ്ട നഷ്ടങ്ങൾ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു.
  • 22 എങ്കിലും ഇപ്പോൾ ധൈര്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന്നു അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന്നു ഹാനി വരികയില്ല.
  • 23 എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽനിന്നു:
  • 24 പൌലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
  • 25 അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിൻ; എന്നോടു അരുളിച്ചെയ്തതു പോലെ തന്നേ സംഭവിക്കും എന്നു ഞാൻ ദൈവത്തെ വിശ്വസിക്കുന്നു.
  • 26 എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു.
  • 27 പതിന്നാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അർദ്ധരാത്രിയിൽ ഒരു കരെക്കു സമീപിക്കുന്നു എന്നു കപ്പൽക്കാർക്കു തോന്നി.
  • 28 അവർ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മറ്റൊന്നു കണ്ടു.
  • 29 പാറ സ്ഥലങ്ങളിൽ അകപ്പെടും എന്നു പേടിച്ചു അവർ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു.
  • 30 എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ടു ഓടിപ്പോകുവാൻ വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി.
  • 31 അപ്പോൾ പൌലൊസ് ശതാധിപനോടും പടയാളികളോടും: ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്കു രക്ഷപ്പെടുവാൻ കഴിയുന്നതല്ല എന്നു പറഞ്ഞു.
  • 32 പടയാളികൾ തോണിയുടെ കയറു അറുത്തു അതു വീഴിച്ചുകളഞ്ഞു.
  • 33 നേരം വെളുക്കാറായപ്പോൾ പൌലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന്നു അപേക്ഷിച്ചു: നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നതു ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ.
  • 34 അതുകൊണ്ടു ആഹാരം കഴിക്കേണം എന്നു ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; അതു നിങ്ങളുടെ രക്ഷെക്കുള്ളതല്ലോ; നിങ്ങളിൽ ഒരുത്തന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു.
  • 35 ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി.
  • 36 അപ്പോൾ എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിച്ചു.
  • 37 കപ്പലിൽ ഞങ്ങൾ ആകപ്പാടെ ഇരുനൂറ്റെഴുപത്താറു ആൾ ഉണ്ടായിരുന്നു.
  • 38 അവർ തിന്നു തൃപ്തിവന്നശേഷം ധാന്യം കടലിൽ കളഞ്ഞു കപ്പലിന്റെ ഭാരം കുറെച്ചു.
  • 39 വെളിച്ചമായപ്പോൾ ഇന്ന ദേശം എന്നു അവർ അറിഞ്ഞില്ല എങ്കിലും കരയുള്ളോരു തുറ കണ്ടു, കഴിയും എങ്കിൽ കപ്പൽ അതിലേക്കു ഓടിക്കേണം എന്നു ഭാവിച്ചു.
  • 40 നങ്കൂരം അറുത്തു കടലിൽ വിട്ടു ചുക്കാന്റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരെക്കു നേരെ ഓടി.
  • 41 ഇരുകടൽ കൂടിയോരു സ്ഥലത്തിന്മേൽ ചെന്നു കയറുകയാൽ കപ്പൽ അടിഞ്ഞു അണിയം ഉറെച്ചു ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താൽ ഉടഞ്ഞുപോയി.
  • 42 തടവുകാരിൽ ആരും നീന്തി ഓടിപ്പോകാതിരിപ്പാൻ അവരെ കൊല്ലേണം എന്നു പടയാളികൾ ആലോചിച്ചു.
  • 43 ശതാധിപനോ പൌലൊസിനെ രക്ഷിപ്പാൻ ഇച്ഛിച്ചിട്ടു അവരുടെ താല്പര്യം തടുത്തു, നീന്തുവാൻ കഴിയുന്നവർ ആദ്യം ചാടി കരെക്കു പറ്റുവാനും
  • 44 ശേഷമുള്ളവർ പലകമേലും കപ്പലിന്റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും കരയിൽ എത്തി രക്ഷപ്പെടുവാൻ സംഗതിവന്നു.