wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യാക്കോബ്അദ്ധ്യായം 3
  • 1 സഹോദരന്മാരേ, അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുതു.
  • 2 നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു.
  • 3 കുതിരയെ അധീനമാക്കുവാൻ വായിൽ കടിഞ്ഞാൺ ഇട്ടു അതിന്റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ.
  • 4 കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻ കൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു.
  • 5 അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;
  • 6 നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു.
  • 7 മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈവക എല്ലാം മനുഷ്യജാതിയോടു മരുങ്ങുന്നു, മരുങ്ങിയുമിരിക്കുന്നു.
  • 8 നാവിനെയോ മനുഷ്യക്കാർക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു.
  • 9 അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു.
  • 10 ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.
  • 11 ഉറവിന്റെ ഒരേ ദ്വാരത്തിൽനിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ?
  • 12 സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായിക്കുമോ? ഉപ്പുറവിൽനിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല.
  • 13 നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.
  • 14 എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കൈപ്പുള്ള ഈർഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുതു.
  • 15 ഇതു ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൌമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.
  • 16 ഈർഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്‌പ്രവൃത്തിയും ഉണ്ടു.
  • 17 ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.
  • 18 എന്നാൽ സമാധാനം ഉണ്ടാക്കുന്നവർ സമാധാനത്തിൽ വിതെച്ചു നീതി എന്ന ഫലം കൊയ്യും.