wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യോഹന്നാൻ അദ്ധ്യായം 10
  • 1 “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, ആട്ടിൻ തൊഴിത്തിൽ വാതിലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു.
  • 2 വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു.
  • 3 അവന്നു വാതിൽ കാവൽക്കാരൻ തുറന്നുകൊടുക്കുന്നു; ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു; തന്റെ ആടുകളെ അവൻ പേർ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു.
  • 4 തനിക്കുള്ളവയെ ഒക്കെയും പുറത്തുകൊണ്ടു പോയശേഷം അവൻ അവെക്കു മുമ്പായി നടക്കുന്നു; ആടുകൾ അവന്റെ ശബ്ദം അറിഞ്ഞു അവനെ അനുഗമിക്കുന്നു.
  • 5 അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ടു അവ അന്യനെ അനുഗമിക്കാതെ വിട്ടു ഓടിപ്പോകും.
  • 6 ഈ സാദൃശ്യം യേശു അവരോടു പറഞ്ഞു; എന്നാൽ തങ്ങളോടു പറഞ്ഞതു ഇന്നതു എന്നു അവർ ഗ്രഹിച്ചില്ല.
  • 7 യേശു പിന്നെയും അവരോടു പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു.
  • 8 എനിക്കു മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല.
  • 9 ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയും പുറത്തുപോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും.
  • 10 മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.
  • 11 ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
  • 12 ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.
  • 13 അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ.
  • 14 ഞാൻ നല്ല ഇടയൻ; പിതാവു എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു.
  • 15 ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.
  • 16 ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും.
  • 17 എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു.
  • 18 ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു.
  • 19 ഈ വചനം നിമിത്തം യെഹൂദന്മാരുടെ ഇടയിൽ പിന്നെയും ഭിന്നത ഉണ്ടായി.
  • 20 അവരിൽ പലരും; അവന്നു ഭൂതം ഉണ്ടു; അവൻ ഭ്രാന്തൻ ആകുന്നു; അവന്റെ വാക്കു കേൾക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
  • 21 മറ്റു ചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിന്നു കുരുടന്മാരുടെ കണ്ണു തുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു.
  • 22 അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു.
  • 23 യേശു ദൈവലായത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടിരുന്നു.
  • 24 യെഹൂദന്മാർ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ സ്പഷ്ടമായി പറക എന്നു അവനോടു പറഞ്ഞു.
  • 25 യേശു അവരോടു ഉത്തരം പറഞ്ഞതു: “ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടു; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.
  • 26 നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാൽ വിശ്വസിക്കുന്നില്ല. എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു;
  • 27 ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.
  • 28 ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല.
  • 29 അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല
  • 30 ഞാനും പിതാവും ഒന്നാകുന്നു.”
  • 31 യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.
  • 32 യേശു അവരോടു: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു.
  • 33 യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
  • 34 യേശു അവരോടു: “നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ?
  • 35 ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ-
  • 36 ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ?
  • 37 ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ടാ;
  • 38 ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിൻ”.
  • 39 അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി.
  • 40 അവൻ യോർദ്ദാന്നക്കരെ യോഹന്നാൻ ആദിയിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്നു അവിടെ പാർത്തു.
  • 41 പലരും അവന്റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ചു യോഹന്നാൻ പറഞ്ഞതു ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു. അവിടെ പലരും അവനിൽ വിശ്വസിച്ചു.
  • 42 അവിടെ പലരും അവനിൽ വിശ്വസിച്ചു.