- 1 അവർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി,
- 2 കല്ലറയിൽ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു.
- 3 അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
- 4 അതിനെക്കുറിച്ചു അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷാന്മാർ അരികെ നില്ക്കുന്നതു കണ്ടു.
- 5 ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോൾ അവർ അവരോടു: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു?
- 6 അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു;
- 7 മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു ഓർത്തുകൊൾവിൻ എന്നു പറഞ്ഞു
- 8 അവർ അവന്റെ വാക്കു ഓർത്തു,
- 9 കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.
- 10 അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.
- 11 ഈ വാക്കു അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല.
- 12 (എന്നാൽ പത്രൊസ് എഴുന്നേറ്റു കല്ലറെക്കൽ ഓടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.)
- 13 അന്നു തന്നേ അവരിൽ രണ്ടുപേർ യെരൂശലേമിൽനിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയിൽ
- 14 ഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.
- 15 സംസാരിച്ചും തർക്കിച്ചും കൊണ്ടിരിക്കുമ്പോൾ യേശു താനും അടുത്തുചെന്നു അവരോടു ചേർന്നു നടന്നു.
- 16 അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു.
- 17 അവൻ അവരോടു: “നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്തു” എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.
- 18 ക്ളെയൊപ്പാവു എന്നു പേരുള്ളവൻ; യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു.
- 19 “ഏതു” എന്നു അവൻ അവരോടു ചോദിച്ചതിന്നു അവർ അവനോടു പറഞ്ഞതു: ദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.
- 20 നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.
- 21 ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു.
- 22 ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറെക്കൽ പോയി
- 23 അവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു.
- 24 ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ കണ്ടു; അവനെ കണ്ടില്ലതാനും.
- 25 അവൻ അവരോടു: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,
- 26 ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ ” എന്നു പറഞ്ഞു.
- 27 മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.
- 28 അവർ പോകുന്ന ഗ്രാമത്തോടു അടുത്തപ്പോൾ അവൻ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.
- 29 അവരോ: ഞങ്ങളോടുകൂടെ പാർക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിർബന്ധിച്ചു; അവൻ അവരോടുകൂടെ പാർപ്പാൻ ചെന്നു.
- 30 അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ അവൻ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്കു കൊടുത്തു.
- 31 ഉടനെ അവരുടെ കണ്ണു തുറന്നു അവർ അവനെ അറിഞ്ഞു; അവൻ അവർക്കു അപ്രത്യക്ഷനായി
- 32 അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു.
- 33 ആ നാഴികയിൽ തന്നേ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
- 34 കർത്താവു വാസ്തവമായി ഉയിർത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു.
- 35 വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ്‍വന്നതും അവർ വിവരിച്ചു പറഞ്ഞു.
- 36 ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: (“നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു”.)
- 37 അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്കു തോന്നി.
- 38 അവൻ അവരോടു “നിങ്ങൾ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു?
- 39 ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ ”എന്നു പറഞ്ഞു.
- 40 (ഇങ്ങനെ പറഞ്ഞിട്ടു അവൻ കയ്യും കാലും അവരെ കാണിച്ചു.)
- 41 അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോടു: “തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ ” എന്നു ചോദിച്ചു.
- 42 അവർ ഒരു ഖണ്ഡം വറുത്ത മീനും (തേൻ കട്ടയും) അവന്നു കൊടുത്തു.
- 43 അതു അവൻ വാങ്ങി അവർ കാൺകെ തിന്നു.
- 44 പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു
- 45 തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.
- 46 ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും
- 47 അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
- 48 ഇതിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു.
- 49 എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ ”എന്നും അവരോടു പറഞ്ഞു.
- 50 അനന്തരം അവൻ അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അവരെ അനുഗ്രഹിച്ചു.
- 51 അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടു പിരിഞ്ഞു (സ്വർഗ്ഗാരോഹണം ചെയ്തു).
- 52 അവർ (അവനെ നമസ്ക്കരിച്ചു) മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു
- 53 എല്ലായ്പോഴും ദൈവലായത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.
Luke 24
- Details
- Parent Category: New Testament
- Category: Luke
ലൂക്കോസ് അദ്ധ്യായം 24