- 1 ഉടനെ അതികാലത്തു തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം ഒക്കെയും കൂടി ആലോചിച്ചു യേശുവിനെ കെട്ടി കൊണ്ടുപോയി പീലാത്തൊസിനെ ഏല്പിച്ചു.
- 2 പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: ഞാൻ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.
- 3 മഹാപുരോഹിതന്മാർ അവനെ ഏറിയോന്നു കുറ്റം ചുമത്തി.
- 4 പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു.
- 5 യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തൊസ് ആശ്ചര്യപ്പെട്ടു.
- 6 അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്കു വിട്ടുകൊടുക്ക പതിവായിരുന്നു.
- 7 എന്നാൽ ഒരു കലഹത്തിൽ കുല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തൻ ഉണ്ടായിരുന്നു.
- 8 പുരുഷാരം കയറി വന്നു, അവൻ പതിവുപോലെ ചെയ്യേണം എന്നു അപേക്ഷിച്ചുതുടങ്ങി.
- 9 മഹാപുരോഹിതന്മാർ അസൂയകൊണ്ടു അവനെ ഏല്പിച്ചു എന്നു പീലാത്തൊസ് അറിഞ്ഞതുകൊണ്ടു അവരോടു:
- 10 യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്കു വിട്ടുതരേണം എന്നു ഇച്ഛിക്കുന്നുവോ എന്നു ചോദിച്ചു.
- 11 എന്നാൽ അവൻ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന്നു ചോദിപ്പാൻ മഹാപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
- 12 പീലാത്തൊസ് പിന്നെയും അവരോടു: എന്നാൽ യെഹൂദന്മാരുടെ രാജാവു എന്നു നിങ്ങൾ പറയുന്നവനെ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു.
- 13 അവനെ ക്രൂശിക്ക എന്നു അവർ വീണ്ടും നിലവിളിച്ചു.
- 14 പീലാത്തൊസ് അവരോടു: അവൻ എന്തു ദോഷം ചെയ്തു എന്നു പറഞ്ഞാറെ, അവനെ ക്രൂശിക്ക എന്നു അവർ അധികമായി നിലവിളിച്ചു.
- 15 പീലാത്തൊസ് പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു യേശുവിനെ ചമ്മട്ടികൊണ്ടു അടിപ്പിച്ചു ക്രൂശിപ്പാൻ ഏല്പിച്ചു.
- 16 പടയാളികൾ അവനെ ആസ്ഥാനമായ മണ്ഡപത്തിന്നകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.
- 17 അവനെ രക്താംബരം ധരിപ്പിച്ചു, മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു:
- 18 യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞു വന്ദിച്ചു;
- 19 കോൽകൊണ്ടു അവന്റെ തലയിൽ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു.
- 20 അങ്ങനെ അവനെ പരിഹസിച്ച ശേഷം അവർ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ചു അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി.
- 21 അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിർബന്ധിച്ചു.
- 22 തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കു അവനെ കൊണ്ടുപോയി;
- 23 കണ്ടിവെണ്ണ കലർത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല.
- 24 അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രം ഇന്നവന്നു ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതി ചെയ്തു.
- 25 മൂന്നാം മണി നേരമായപ്പോൾ അവനെ ക്രൂശിച്ചു.
- 26 യെഹൂദന്മാരുടെ രാജാവു എന്നിങ്ങനെ അവന്റെ കുറ്റം മീതെ എഴുതിയിരുന്നു.
- 27 അവർ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.
- 28 (അധർമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.)
- 29 കടന്നു പോകുന്നവർ തല കുലുക്കിക്കൊണ്ടു: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ,
- 30 നിന്നെത്തന്നേ രക്ഷിച്ചു ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു അവനെ ദുഷിച്ചു.
- 31 അങ്ങനെ തന്നേ മഹാപുരോഹിതന്മാരും അവനെ പരിഹസിച്ചു: ഇവൻ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താൻ രക്ഷിപ്പാൻ വഹിയാ.
- 32 നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേൽ രാജാവു ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മിൽ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു.
- 33 ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി. ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അർത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.
- 34
- 35 അരികെ നിന്നവരിൽ ചിലർ കേട്ടിട്ടു: അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.
- 36 ഒരുത്തൻ ഓടി ഒരു സ്പോങ്ങിൽ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഓടക്കോലിന്മേലാക്കി: നില്പിൻ; ഏലീയാവു അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞു അവന്നു കുടിപ്പാൻ കൊടുത്തു.
- 37 യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
- 38 ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി.
- 39 അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.
- 40 സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു.
- 41 അവൻ ഗലീലയിൽ ഇരിക്കുമ്പോൾ അവർ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു.
- 42 വൈകുന്നേരമായപ്പോൾ ശബ്ബത്തിന്റെ തലനാളായ ഒരുക്കനാൾ ആകകൊണ്ടു ശ്രേഷ്ഠമന്ത്രിയും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്ഥ്യയിലെ യോസേഫ് വന്നു ധൈര്യത്തോടെ പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു.
- 43
- 44 അവൻ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തൊസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചു: അവൻ മരിച്ചിട്ടു ഒട്ടുനേരമായോ എന്നു ശതാധിപനോടു വസ്തുത ചോദിച്ചറിഞ്ഞിട്ടു ഉടൽ യോസേഫിന്നു നല്കി.
- 45
- 46 അവൻ ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, പാറയിൽ വെട്ടീട്ടുള്ള കല്ലറയിൽ വെച്ചു, കല്ലറവാതിൽക്കൽ ഒരു കല്ലു ഉരുട്ടിവെച്ചു;
- 47 അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.
Mark 15
- Details
- Parent Category: New Testament
- Category: Mark
മർക്കൊസ് അദ്ധ്യായം 15