- 1 അനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.
- 2 അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.
- 3 അപ്പോൾ പരീക്ഷകൻ അടുത്തു വന്നു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു അപ്പമായ്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.
- 4 അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
- 5 പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു:
- 6 നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
- 7 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.
- 8 പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു:
- 9 വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു.
- 10 യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; 'നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു' എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
- 11 അപ്പോൾ പിശാചു അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു.
- 12 യോഹന്നാൻ തടവിൽ ആയി എന്നു കേട്ടാറെ അവൻ ഗലീലെക്കു വാങ്ങിപ്പോയി,
- 13 നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളിൽ കടൽക്കരെയുള്ള കഫർന്നഹൂമിൽ ചെന്നു പാർത്തു;
- 14 “സെബൂലൂൻ ദേശവും നഫ്താലിദേശവും കടൽക്കരയിലും യോർദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും.”
- 15 ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു”
- 16 എന്നു യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇടവന്നു.
- 17 അന്നുമുതൽ യേശു: “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ”എന്നു പ്രസംഗിച്ചു തുടങ്ങി.
- 18 അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീൻപിടിക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു:
- 19 “എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു.
- 20 ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു.
- 21 അവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു.
- 22 അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.
- 23 പിന്നെ യേശു ഗലീലയിൽ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.
- 24 അവന്റെ ശ്രുതി സുറിയയിൽ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്തർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കൽ കൊണ്ടു വന്നു.
- 25 അവൻ അവരെ സൌഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോർദ്ദന്നക്കരെ എന്നീ ഇടങ്ങളിൽ നിന്നു വളരെ പുരുഷാരം അവനെ പിന്തുടർന്നു.
Matthew 04
- Details
- Parent Category: New Testament
- Category: Matthew
മത്തായി അദ്ധ്യായം 4