wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ഫിലിപ്പിയർഅദ്ധ്യായം 4
  • 1 അതുകൊണ്ടു എന്റെ പ്രിയരും വാഞ്ഛിതരുമായ സഹോദരന്മാരേ, എന്റെ സന്തോഷവും കിരീടവുമായുള്ളോരേ, ഇങ്ങനെ കർത്താവിൽ നിലനില്പിൻ, പ്രിയമുള്ളവരേ.
  • 2 കർത്താവിൽ ഏകചിന്തയോടിരിപ്പാൻ ഞാൻ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു.
  • 3 സാക്ഷാൽ ഇണയാളിയായുള്ളോവേ, അവർക്കു തുണനിൽക്കേണം എന്നു ഞാൻ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തിൽ പേരുള്ള ക്ളേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകൾ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ പോരാടിയിരിക്കുന്നു.
  • 4 കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.
  • 5 നിങ്ങളുടെ സൌമ്യത സകല മനുഷ്യരും അറിയട്ടെ; കർത്താവു വരുവാൻ അടുത്തിരിക്കുന്നു.
  • 6 ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.
  • 7 എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.
  • 8 ഒടുവിൽ സഹോദരന്മാരേ, സത്യമായതു ഒക്കെയും ഘനമായതു ഒക്കെയും നീതിയായതു ഒക്കെയും നിർമ്മലമായതു ഒക്കെയും രമ്യമായതു ഒക്കെയും സല്കീർത്തിയായതു ഒക്കെയും സൽഗുണമോ പുകഴ്ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.
  • 9 എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിപ്പിൻ; എന്നാൽ സമാധാനത്തിന്റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.
  • 10 നിങ്ങൾ പിന്നെയും എനിക്കു വേണ്ടി വിചാരിപ്പാൻ തുടങ്ങിയതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു; മുമ്പെ തന്നേ നിങ്ങൾക്കു വിചാരമുണ്ടായിരുന്നു. എങ്കിലും അവസരം കിട്ടിയില്ല.
  • 11 ബുദ്ധിമുട്ടു നിമിത്തമല്ല ഞാൻ പറയുന്നതു; ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു.
  • 12 താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു.
  • 13 എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.
  • 14 എങ്കിലും എന്റെ കഷ്ടതയിൽ നിങ്ങൾ കൂട്ടായ്മ കാണിച്ചതു നന്നായി.
  • 15 ഫിലിപ്പിയരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മക്കദോന്യയിൽനിന്നു പുറപ്പെട്ടാറെ നിങ്ങൾ മാത്രമല്ലാതെ ഒരു സഭയും വരവുചിലവുകാര്യത്തിൽ എന്നോടു കൂട്ടായ്മ കാണിച്ചില്ല എന്നു നിങ്ങളും അറിയുന്നു.
  • 16 തെസ്സലൊനീക്യയിലും എന്റെ ബുദ്ധിമുട്ടു തീർപ്പാൻ നിങ്ങൾ ഒന്നുരണ്ടുവട്ടം അയച്ചു തന്നുവല്ലോ.
  • 17 ഞാൻ ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്കു ഏറുന്ന ഫലം അത്രേ ആഗ്രഹിക്കുന്നതു.
  • 18 ഇപ്പോൾ എനിക്കു വേണ്ടുന്നതു എല്ലാം ഉണ്ടു; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങൾ അയച്ചുതന്നതു സൌരഭ്യവാസനയായി ദൈവത്തിന്നു പ്രസാദവും സുഗ്രാഹ്യവുമായ യാഗമായി എപ്പഫ്രൊദിത്തോസിന്റെ കയ്യാൽ ഞാൻ പ്രതിഗ്രഹിച്ചു തൃപ്തനായിരിക്കുന്നു.
  • 19 എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും.
  • 20 നമ്മുടെ ദൈവവും പിതാവുമായവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.
  • 21 ക്രിസ്തുയേശുവിൽ ഓരോ വിശുദ്ധനെയും വന്ദനം ചെയ്‍വിൻ. എന്നോടുകൂടെയുള്ള സഹോദരന്മാർ നിങ്ങളെ വന്ദനം ചെയ്യുന്നു.
  • 22 വിശുദ്ധന്മാർ എല്ലാവരും വിശേഷാൽ കൈസരുടെ അരമനയിലുള്ളവരും നിങ്ങളെ വന്ദനം ചെയ്യുന്നു.
  • 23 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ.