wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


വെളിപ്പാടു അദ്ധ്യായം 22
  • 1 വീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു.
  • 2 നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.
  • 3 യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും.
  • 4 അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.
  • 5 ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.
  • 6 പിന്നെ അവൻ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു
  • 7 ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു.
  • 8 ഇതു കേൾക്കയും കാണുകയും ചെയ്തതു യോഹന്നാൻ എന്ന ഞാൻ തന്നേ. കേൾക്കയും കാൺകയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്റെ കാൽക്കൽ ഞാൻ വീണു നമസ്കരിച്ചു.
  • 9 എന്നാൽ അവൻ എന്നോടു: അതരുതു: ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.
  • 10 അവൻ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാൽ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു.
  • 11 അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
  • 12 ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
  • 13 ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.
  • 14 ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ.
  • 15 നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.
  • 16 യേശു എന്ന ഞാൻ സഭകൾക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാൻ എന്റെ ദൂതനെ അയച്ചു; ഞാൻ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.
  • 17 വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.
  • 18 ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും.
  • 19 ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.
  • 20 ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ,
  • 21 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.