wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


രാജാക്കന്മാർ 1അദ്ധ്യായം 12
  • 1 രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു എല്ലായിസ്രായേലും ശെഖേമിൽ വന്നിരുന്നതുകൊണ്ടു അവനും ശെഖേമിൽ ചെന്നു.
  • 2 നെബാത്തിന്റെ മകനായ യൊരോബെയാം മിസ്രയീമിൽ അതു കേട്ടാറെ ശലോമോൻ രാജാവിന്റെ സന്നിധിയിൽനിന്നു യൊരോബെയാം മിസ്രയീമിൽ ഓടിപ്പോയി അവിടെ പാർത്തിരിക്കുമ്പോൾ
  • 3 അവർ ആളയച്ചു അവനെ വിളിപ്പിച്ചിരുന്നു--യൊരോബെയാമും യിസ്രായേൽസഭയൊക്കെയും വന്നു രെഹബെയാമിനോടു സംസാരിച്ചു:
  • 4 നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
  • 5 അവൻ അവരോടു: നിങ്ങൾ പോയി മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
  • 6 രെഹബെയാം രാജാവു തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്തു അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചു: ഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു.
  • 7 അതിന്നു അവർ അവനോടു: നീ ഇന്നു ഈ ജനത്തിന്നു വഴിപ്പെട്ടു അവരെ സേവിച്ചു അവരോടു നല്ലവാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.
  • 8 എന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരായി തന്റെ മുമ്പിൽ നില്ക്കുന്ന യൌവ്വനക്കാരോടു ആലോചിച്ചു:
  • 9 നിന്റെ അപ്പൻ ഞങ്ങളുടെ മേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടു നാം ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു.
  • 10 അവനോടുകൂടെ വളർന്നിരുന്ന യൌവ്വനക്കാർ അവനോടു: നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നീ അതു ഞങ്ങൾക്കു ഭാരം കുറെച്ചുതരേണമെന്നു നിന്നോടു പറഞ്ഞ ഈ ജനത്തോടു: എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയെക്കാൾ വണ്ണമുള്ളതായിരിക്കും.
  • 11 എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.
  • 12 മൂന്നാം ദിവസം എന്റെ അടുക്കൽ വീണ്ടും വരുവിൻ എന്നു രാജാവു പറഞ്ഞതുപോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽ ചെന്നു.
  • 13 എന്നാൽ രാജാവു ജനത്തോടു കഠിനമായി ഉത്തരം പറഞ്ഞു; വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചനയെ അവൻ ത്യജിച്ചു.
  • 14 യൌവ്വനക്കാരുടെ ആലോചനപോലെ അവരോടു: എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു.
  • 15 ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശിലോന്യനായ അഹിയാവുമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം യഹോവയുടെ ഹിതത്താൽ സംഭവിച്ചു.
  • 16 രാജാവു തങ്ങളുടെ അപേക്ഷ കേൾക്കയില്ലെന്നു എല്ലായിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോടു: ദാവീദിങ്കൽ ഞങ്ങൾക്കു എന്തു ഓഹരി ഉള്ളു? യിശ്ശായിയുടെ മകങ്കൽ ഞങ്ങൾക്കു അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊൾക എന്നുത്തരം പറഞ്ഞു, യിസ്രായേൽ തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
  • 17 യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കോ രെഹബെയാം രാജാവായ്തീർന്നു.
  • 18 പിന്നെ രെഹബെയാംരാജാവു ഊഴിയവേലെക്കു മേൽവിചാരകനായ അദോരാമിനെ അയച്ചു; എന്നാൽ യിസ്രായേലൊക്കെയും അവനെ കല്ലെറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവോ വേഗത്തിൽ രഥം കയറി യെരൂശലേമിലേക്കു ഓടിപ്പോന്നു.
  • 19 ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മതസരിച്ചു നില്ക്കുന്നു.
  • 20 യൊരോബെയാം മടങ്ങിവന്നു എന്നു യിസ്രായേലൊക്കെയും കേട്ടപ്പോൾ അവർ ആളയച്ചു അവനെ സഭയിലേക്കു വിളിപ്പിച്ചു അവനെ എല്ലായിസ്രായേലിന്നും രാജാവാക്കി; യെഹൂദാഗോത്രം മാത്രം അല്ലാതെ മറ്റാരും ദാവീദ് ഗൃഹത്തിന്റെ പക്ഷം ചേർന്നില്ല.
  • 21 രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേൽഗൃഹത്തോടു യുദ്ധംചെയ്തു രാജത്വം ശലോമോന്റെ മകനായ രെഹബെയാമിന്നു വീണ്ടുകൊള്ളേണ്ടതിന്നു അവൻ യെഹൂദാഗൃഹം മുഴുവനിലും ബെന്യാമീന്റെ ഗോത്രത്തിലുംനിന്നു ശ്രേഷ്ഠയോദ്ധാക്കളായ ഒരു ലക്ഷത്തെണ്പതിനായിരംപേരെ ശേഖരിച്ചു.
  • 22 എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന്നു ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
  • 23 നീ ശലോമോന്റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദയുടെയും ബെന്യാമീന്റെയും സകലഗൃഹത്തോടും ശേഷം ജനത്തോടും പറക; നിങ്ങൾ പുറപ്പെടരുതു;
  • 24 നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽമക്കളോടു യുദ്ധം ചെയ്കയുമരുതു; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ ഉണ്ടായിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവർ യഹോവയുടെ അരുളപ്പാടു അനുസരിച്ചു യഹോവയുടെ കല്പനപ്രകാരം മടങ്ങിപ്പോയി.
  • 25 അനന്തരം യൊരോബെയാം എഫ്രയീംമലനാട്ടിൽ ശെഖേം പണിതു അവിടെ പാർത്തു. അവൻ അവിടെനിന്നു പുറപ്പെട്ടു പെനൂവേലും പണിതു.
  • 26 എന്നാൽ യൊരോബെയാം തന്റെ മനസ്സിൽ: രാജത്വം വീണ്ടും ദാവീദ്ഗൃഹത്തിന്നു ആയിപ്പോകും;
  • 27 ഈ ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിപ്പാൻ ചെന്നാൽ ഈ ജനത്തിന്റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാം എന്ന തങ്ങളുടെ യജമാനങ്കലേക്കു തിരികയും അവർ എന്നെ കൊന്നു യെഹൂദാരാജാവായ രെഹബെയാമിന്റെ പക്ഷം ചേരുകയും ചെയ്യും എന്നു പറഞ്ഞു.
  • 28 ആകയാൽ രാജാവു ആലോചിച്ചു പൊന്നുകൊണ്ടു രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി; നിങ്ങൾ യെരൂശലേമിൽ പോയതു മതി; യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു അവരോടു പറഞ്ഞു.
  • 29 അവൻ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
  • 30 ഈ കാര്യം പാപഹേതുവായിത്തീർന്നു; ജനം ഒന്നിന്റെ മുമ്പിൽ നമസ്കരിപ്പാൻ ദാൻവരെ ചെന്നു.
  • 31 അവൻ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി സർവ്വജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.
  • 32 യെഹൂദയിൽ ആചരിച്ചുവന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തിയ്യതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിങ്കൽ ചെന്നു; താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്കു യാഗം കഴിക്കേണ്ടതിന്നു അവൻ ബേഥേലിലും അങ്ങനെ തന്നേ ചെയ്തു; താൻ നിയമിച്ച പൂജാഗിരിപുരോഹിതന്മാരെ അവൻ ബേഥേലിൽ ആക്കി.
  • 33 അവൻ സ്വമേധയായി നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തിയ്യതി താൻ ബേഥേലിൽ ഉണ്ടാക്കിയ യാഗപീഠത്തിങ്കൽ ചെന്നു യിസ്രായേൽമക്കൾക്കു ഒരു ഉത്സവം നിയമിച്ചു, പീഠത്തിന്നരികെ ചെന്നു ധൂപം കാട്ടി.