wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


രാജാക്കന്മാർ 1അദ്ധ്യായം 17
  • 1 എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവു അഹാബിനോടു: ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.
  • 2 പിന്നെ അവന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
  • 3 നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക.
  • 4 തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു.
  • 5 അങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവൻ ചെന്നു യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ പാർത്തു.
  • 6 കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടിൽനിന്നു അവൻ കുടിക്കും.
  • 7 എന്നാൽ ദേശത്തു മഴ പെയ്യായ്കയാൽ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.
  • 8 അപ്പോൾ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
  • 9 നീ എഴുന്നേറ്റു സീദോനോടു ചേർന്ന സാരെഫാത്തിലേക്കു ചെന്നു അവിടെ പാർക്ക; നിന്നെ പുലർത്തേണ്ടതിന്നു അവിടെ ഉള്ള ഒരു വിധവയോടു ഞാൻ കല്പിച്ചിരിക്കുന്നു.
  • 10 അങ്ങനെ അവൻ എഴുന്നേറ്റു സാരെഫാത്തിന്നു പോയി. അവൻ പട്ടണവാതിൽക്കൽ എത്തിയപ്പോൾ അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവൻ അവളെ വിളിച്ചു: എനിക്കു കുടിപ്പാൻ ഒരു പാത്രത്തിൽ കുറെ വെള്ളം കൊണ്ടുവരേണമേ എന്നു പറഞ്ഞു.
  • 11 അവൾ കൊണ്ടുവരുവാൻ പോകുമ്പോൾ ഒരു കഷണം അപ്പവും കൂടെ നിന്റെ കയ്യിൽ കൊണ്ടുപോരേണമേ എന്നു അവൻ അവളോടു വിളിച്ചുപറഞ്ഞു.
  • 12 അതിന്നു അവൾ: നിന്റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്കു ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്നു എനിക്കും മകന്നും വേണ്ടി ഒരുക്കി അതു ഞങ്ങൾ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്നു പറഞ്ഞു.
  • 13 ഏലീയാവു അവളോടു: ഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാൽ ആദ്യം എനിക്കു ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകന്നും വേണ്ടി ഉണ്ടാക്കിക്കൊൾക.
  • 14 യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവു തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
  • 15 അവൾ ചെന്നു ഏലീയാവു പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാൾ അഹോവൃത്തികഴിച്ചു.
  • 16 യഹോവ ഏലീയാവുമുഖാന്തരം അരുളിച്ചെയ്ത വചന പ്രകാരം കലത്തിലെ മാവു തീർന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.
  • 17 അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകൻ ദീനം പിടിച്ചു കിടപ്പിലായി; ദീനം കടുത്തിട്ടു അവനിൽ ശ്വാസം ഇല്ലാതെയായി.
  • 18 അപ്പോൾ അവൾ ഏലീയാവോടു: അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ പാപം ഓർപ്പിക്കേണ്ടതിന്നും എന്റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്റെ അടുക്കൽ വന്നതു എന്നു പറഞ്ഞു.
  • 19 അവൻ അവളോടു: നിന്റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയിൽനിന്നെടുത്തു താൻ പാർത്തിരുന്ന മാളികമുറിയിൽ കൊണ്ടുചെന്നു തന്റെ കട്ടിലിന്മേൽ കിടത്തി.
  • 20 അവൻ യഹോവയോടു: എന്റെ ദൈവമായ യഹോവേ, ഞാൻ വന്നു പാർക്കുന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാൻ തക്കവണ്ണം നീ അവൾക്കു അനർത്ഥം വരുത്തിയോ എന്നു പ്രാർത്ഥിച്ചുപറഞ്ഞു.
  • 21 പിന്നെ അവൻ കുട്ടിയുടെ മേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാർത്ഥിച്ചു.
  • 22 യഹോവ ഏലീയാവിന്റെ പ്രാർത്ഥന കേട്ടു; കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്നു അവൻ ജീവിച്ചു.
  • 23 ഏലീയാവു കുട്ടിയെ എടുത്തു മാളികയിൽനിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്റെ അമ്മെക്കു കൊടുത്തു: ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു ഏലിയാവു പറഞ്ഞു.
  • 24 സ്ത്രീ ഏലീയാവോടു: നീ ദൈവപുരുഷൻ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു എന്നു പറഞ്ഞു.