wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


രാജാക്കന്മാർ 1അദ്ധ്യായം 19
  • 1 ഏലീയാവു ചെയ്തതൊക്കെയും അവൻ സകല പ്രവാചകന്മാരെയും വാൾകൊണ്ടു കൊന്ന വിവരമൊക്കെയും ആഹാബ് ഈസേബെലിനോടു പറഞ്ഞു.
  • 2 ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ചു: നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു.
  • 3 അവൻ ഭയപ്പെട്ടു എഴുന്നേറ്റു ജീവരക്ഷെക്കായി പുറപ്പെട്ടു യെഹൂദെക്കുൾപ്പെട്ട ബേർ-ശേബയിൽ ചെന്നു അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു.
  • 4 താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു; ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു.
  • 5 അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്നു ഒരു ദൂതൻ അവനെ തട്ടി അവനോടു: എഴുന്നേറ്റു തിന്നുക എന്നു പറഞ്ഞു.
  • 6 അവൻ ഉണർന്നു നോക്കിയപ്പോൾ കനലിന്മേൽചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തലെക്കൽ ഇരിക്കുന്നതു കണ്ടു; അവൻ തിന്നുകുടിച്ചു പിന്നെയും കിടന്നുറങ്ങി.
  • 7 യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യം വന്നു അവനെ തട്ടി: എഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്‍വാനുണ്ടല്ലോ എന്നു പറഞ്ഞു.
  • 8 അവൻ എഴുന്നേറ്റു തിന്നുകുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ടു നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പർവ്വതമായ ഹോരേബോളം നടന്നു.
  • 9 അവിടെ അവൻ ഒരു ഗുഹയിൽ കടന്നു രാപാർത്തു; അപ്പോൾ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോടു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിച്ചു.
  • 10 അതിന്നു അവൻ: സൈന്യങ്ങളുടെ ദൈവമായ യഹോവെക്കു വേണ്ടി ഞാൻ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ നിന്റെ നിയമത്തെ ഉപേക്ഷിച്ചു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു എന്നു പറഞ്ഞു.
  • 11 നീ പുറത്തു വന്നു പർവ്വതത്തിൽ യഹോവയുടെ മുമ്പാകെ നിൽക്ക എന്നു അവൻ കല്പിച്ചു. അപ്പോൾ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റു യഹോവയുടെ മുമ്പിൽ പർവ്വതങ്ങളെ കീറി പാറകളെ തകർത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന്റെ ശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.
  • 12 ഭൂകമ്പത്തിന്റെ ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെ ശേഷം സാവധാനത്തിൽ ഒരു മൃദുസ്വരം ഉണ്ടായി.
  • 13 ഏലീയാവു അതു കേട്ടിട്ടു തന്റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തു വന്നു ഗുഹാമുഖത്തുനിന്നു: ഏലീയാവേ, ഇവിടെ നിനക്കു എന്തു കാര്യം എന്നു ചോദിക്കുന്ന ഒരു ശബ്ദം അവൻ കേട്ടു.
  • 14 അതിന്നു അവൻ: സൈന്യങ്ങളുടെ ദൈവമായ യഹോവെക്കു വേണ്ടി ഞാൻ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ നിന്റെ നിയമത്തെ ഉപേക്ഷിച്ചു, നിന്റെ യാഗപീഠങ്ങളെ ഇടിച്ചു, നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; എനിക്കും അവൻ ജീവഹാനി വരുത്തുവാൻ നോക്കുന്നു എന്നു പറഞ്ഞു.
  • 15 യഹോവ അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ പുറപ്പെട്ടു ദമ്മേശെക്കിന്റെ മരുഭൂമിവഴിയായി മടങ്ങിപ്പോക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിന്നു രാജാവായിട്ടു അഭിഷേകം ചെയ്ക.
  • 16 നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്യേണം; ആബേൽ-മെഹോലയിൽനിന്നുള്ള സാഫാത്തിന്റെ മകനായ എലീശയെ നിനക്കു പകരം പ്രവാചകനായിട്ടു അഭിഷേകം ചെയ്കയും വേണം.
  • 17 ഹസായേലിന്റെ വാളിന്നു തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്റെ വാളിന്നു തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും.
  • 18 എന്നാൽ ബാലിന്നു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരംപേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.
  • 19 അങ്ങനെ അവൻ അവിടെനിന്നു പറപ്പെട്ടു സാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി; അവൻ പന്ത്രണ്ടു ഏർ കാള പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ താൻ തന്നേ ആയിരുന്നു; ഏലീയാവു അവന്റെ അരികെ ചെന്നു തന്റെ പുതപ്പു അവന്റെ മേൽ ഇട്ടു.
  • 20 അവൻ കാളയെ വിട്ടു ഏലീയാവിന്റെ പിന്നാലെ ഓടി: ഞാൻ എന്റെ അപ്പനെയും അമ്മയെയും ചുംബിച്ചു കൊള്ളട്ടെ; അതിന്റെശേഷം ഞാൻ നിന്റെ പിന്നാലെ വരാം എന്നു പറഞ്ഞു. അതിന്നു അവൻ: പോയി വരിക; എന്നാൽ ഞാൻ നിനക്കു എന്തു ചെയ്തിരിക്കുന്നു എന്നോർക്ക എന്നു പറഞ്ഞു.
  • 21 അങ്ങനെ അവൻ അവനെ വിട്ടു ചെന്നു ഒരു ഏർ കാളയെ പിടിച്ചു അറുത്തു കാളയുടെ മരക്കോപ്പുകൊണ്ടു മാംസം പാകം ചെയ്തു ജനത്തിന്നു കൊടുത്തു; അവർ തിന്നു; പിന്നെ അവൻ എഴുന്നേറ്റു ഏലീയാവിന്റെ പിന്നാലെ ചെന്നു അവന്നു ശുശ്രൂഷകനായ്തീർന്നു.