wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


രാജാക്കന്മാർ 1അദ്ധ്യായം 21
  • 1 അതിന്റെ ശേഷം സംഭവിച്ചതു: യിസ്രെയേല്യനായ നാബോത്തിന്നു യിസ്രെയേലിൽ ശമര്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്തു ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
  • 2 ആഹാബ് നാബോത്തിനോടു: നിന്റെ മുന്തിരിത്തോട്ടം എനിക്കു ചീരത്തോട്ടം ആക്കുവാൻ തരേണം; അതു എന്റെ അരമനെക്കു സമീപമല്ലോ. അതിന്നു പകരം ഞാൻ അതിനെക്കാൾ വിശേഷമായോരു മുന്തിരിത്തോട്ടം നിനക്കു തരാം; അല്ല, നിനക്കു സമ്മതമെങ്കിൽ ഞാൻ അതിന്റെ വില നിനക്കു പണമായിട്ടു തരാം എന്നു പറഞ്ഞു.
  • 3 നാബോത്ത് ആഹാബിനോടു: ഞാൻ എന്റെ പിതാക്കന്മാരുടെ അവകാശം നിനക്കു തരുവാൻ യഹോവ സംഗതിവരുത്തരുതേ എന്നു പറഞ്ഞു.
  • 4 യിസ്രെയേല്യനായ നാബോത്ത്: എന്റെ പിതാക്കന്മാരുടെ അവകാശം ഞാൻ നിനക്കു തരികയില്ല എന്നു തന്നോടു പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ടു തന്റെ അരമനയിലേക്കു ചെന്നു; ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖം തിരിച്ചു കിടന്നു.
  • 5 അപ്പോൾ അവന്റെ ഭാര്യ ഈസേബെൽ അവന്റെ അടുക്കൽ വന്നു: ഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
  • 6 അവൻ അവളോടു: ഞാൻ യിസ്രെയേല്യനായ നാബോത്തിനോടു: നിന്റെ മുന്തിരിത്തോട്ടം എനിക്കു വിലെക്കു തരേണം; അല്ല, നിനക്കു സമ്മതമെങ്കിൽ അതിന്നു പകരം വേറെ മുന്തിരത്തോട്ടം ഞാൻ നിനക്കു തരാമെന്നു പറഞ്ഞു; എന്നാൽ അവൻ: ഞാൻ എന്റെ മുന്തിരിത്തോട്ടം നിനക്കു തരികയില്ല എന്നു പറഞ്ഞതുകൊണ്ടത്രേ എന്നു പറഞ്ഞു.
  • 7 അവന്റെ ഭാര്യ ഈസേബെൽ അവനോടു: നീ ഇന്നു യിസ്രായേലിൽ രാജ്യഭാരം വഹിക്കുന്നുവോ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; നിന്റെ മനസ്സു തെളിയട്ടെ; യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാൻ നിനക്കു തരും എന്നു പറഞ്ഞു.
  • 8 അങ്ങനെ അവൾ ആഹാബിന്റെ പേർവെച്ചു എഴുത്തു എഴുതി അവന്റെ മുദ്രകൊണ്ടു മുദ്രയിട്ടു; എഴുത്തു നാബോത്തിന്റെ പട്ടണത്തിൽ പാർക്കുന്ന മൂപ്പന്മാർക്കും പ്രധാനികൾക്കും അയച്ചു.
  • 9 എഴുത്തിൽ അവൾ എഴുതിയിരുന്നതെന്തെന്നാൽ: നിങ്ങൾ ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലം കൊടുത്തു ഇരുത്തുവിൻ.
  • 10 നീചന്മാരായ രണ്ടാളുകളെ അവന്നെതിരെ നിർത്തി: അവൻ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്നു അവന്നു വിരോധമായി സാക്ഷ്യം പറയിപ്പിൻ; പിന്നെ നിങ്ങൾ അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞുകൊല്ലേണം.
  • 11 അവന്റെ പട്ടണത്തിൽ പാർക്കുന്ന മൂപ്പന്മാരും പ്രധാനികളുമായ പൌരന്മാർ ഈസേബെൽ പറഞ്ഞയച്ചതു പോലെയും അവൾ കൊടുത്തയച്ച എഴുത്തിൽ എഴുതിയിരുന്നതുപോലെയും ചെയ്തു.
  • 12 അവർ ഉപവാസം പ്രസിദ്ധംചെയ്തു, നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലത്തിരുത്തി.
  • 13 നീചന്മാരായ രണ്ടു ആളുകൾ വന്നു അവന്റെ നേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്നു ആ നീചന്മാർ ജനത്തിന്റെ മുമ്പിൽ അവന്നു വിരോധമായി, നാബോത്തിന്നു വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവർ അവനെ പട്ടണത്തിന്നു പുറത്തു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.
  • 14 നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു അവർ ഈസേബെലിന്നു വർത്തമാനം പറഞ്ഞയച്ചു.
  • 15 നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു ഈസേബെൽ കേട്ടപ്പോൾ അവൾ ആഹാബിനോടു: നീ എഴുന്നേറ്റു നിനക്കു വിലെക്കു തരുവാൻ മനസ്സില്ലാത്ത യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കിക്കൊൾക; നാബോത്ത് ജീവനോടെയില്ല; മരിച്ചുപോയി എന്നു പറഞ്ഞു.
  • 16 നാബോത്ത് മരിച്ചു എന്നു കേട്ടപ്പോൾ ആഹാബ് എഴുന്നേറ്റു യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്കു പോയി.
  • 17 എന്നാൽ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നുണ്ടായതെന്തെന്നാൽ:
  • 18 നീ എഴുന്നേറ്റു ശമര്യയിലെ യിസ്രായേൽരാജാവായ ആഹാബിനെ എതിരേല്പാൻ ചെല്ലുക; ഇതാ, അവൻ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്കു പോയിരിക്കുന്നു.
  • 19 നീ അവനോടു: നീ കുലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കന്നു. നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തു വെച്ചു തന്നേ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോടു പറക.
  • 20 ആഹാബ് ഏലീയാവോടു: എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു. അതിന്നു അവൻ പറഞ്ഞതെന്തെന്നാൽ: അതേ, ഞാൻ കണ്ടെത്തി. യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‍വാൻ നീ നിന്നെ വിറ്റുകളഞ്ഞതുകൊണ്ടു
  • 21 ഞാൻ നിന്റെ മേൽ അനർത്ഥം വരുത്തും; നിന്നെ അശേഷം നിർമ്മൂലമാക്കി യിസ്രായേലിൽ അഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാൻ നിഗ്രഹിച്ചുകളയും.
  • 22 നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതുകൊണ്ടു ഞാൻ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
  • 23 ഈസേബെലിനെക്കുറിച്ചു യഹോവ അരുളിച്ചെയ്തതു: നായ്ക്കൾ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവെച്ചു തിന്നുകളയും.
  • 24 ആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽ വെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും.
  • 25 എന്നാൽ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‍വാൻ തന്നെത്താൻ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവന്റെ ഭാര്യ ഈസേബെൽ അവനെ അതിന്നായി ഉത്സാഹിപ്പിച്ചിരുന്നു.
  • 26 യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കക്കളഞ്ഞ അമോര്യർ ചെയ്തതുപോലെയൊക്കെയും അവൻ വിഗ്രഹങ്ങളെ ചെന്നു സേവിച്ചു മഹാമ്ളേച്ഛത പ്രവർത്തിച്ചു.
  • 27 ആഹാബ് ആ വാക്കു കേട്ടപ്പോൾ വസ്ത്രം കീറി, തന്റെ ദേഹം പറ്റെ രട്ടുടുത്തുകൊണ്ടു ഉപവസിച്ചു, രട്ടിൽ തന്നേ കിടക്കുകയും സാവധാനമായി നടക്കയും ചെയ്തു.
  • 28 അപ്പോൾ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നു ഉണ്ടായി:
  • 29 ആഹാബ് എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതു കണ്ടുവോ? അവൻ എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ടു ഞാൻ അവന്റെ ജീവകാലത്തു അനർത്ഥം വരുത്താതെ അവന്റെ മകന്റെ കാലത്തു അവന്റെ ഗൃഹത്തിന്നു അനർത്ഥം വരുത്തും എന്നു കല്പിച്ചു.