wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ശമൂവേൽ[del]1അദ്ധ്യായം 12
  • 1 അനന്തരം ശമൂവേൽ എല്ലായിസ്രായേലിനോടും പറഞ്ഞതെന്തെന്നാൽ: നിങ്ങൾ എന്നോടു പറഞ്ഞതിൽ ഒക്കെയും ഞാൻ നിങ്ങളുടെ അപേക്ഷ കേട്ടു, നിങ്ങൾക്കു ഒരു രാജാവിനെയും വാഴിച്ചുതന്നു.
  • 2 ഇപ്പോൾ രാജാവു നിങ്ങളുടെ നായകനായിരിക്കുന്നു; ഞാനോ വൃദ്ധനും നരച്ചവനുമായി; എന്റെ മക്കൾ നിങ്ങളോടുകൂടെ ഉണ്ടു; എന്റെ ബാല്യം മുതൽ ഇന്നുവരെയും ഞാൻ നിങ്ങൾക്കു നായകനായിരുന്നു.
  • 3 ഞാൻ ഇതാ, ഇവിടെ നില്ക്കുന്നു: ഞാൻ ഒരുത്തന്റെ കാളയെ അപഹരിച്ചിട്ടുണ്ടോ? ഒരുത്തന്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ? ഞാൻ വല്ലവനെയും ചതിച്ചിട്ടുണ്ടോ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ? ഞാൻ വല്ലവന്റെയും കയ്യിൽനിന്നു കൈക്കൂലി വാങ്ങി എന്റെ കണ്ണു കുരുടാക്കീട്ടുണ്ടോ? യഹോവയുടെയും അവന്റെ അഭിഷിക്തന്റെയും മുമ്പാകെ എന്റെ നേരെ സാക്ഷീകരിപ്പിൻ; ഞാൻ അതു മടക്കിത്തരാം.
  • 4 അതിന്നു അവർ: നീ ഞങ്ങളെ ചതിക്കയോ പീഡിപ്പിക്കയോ യാതൊരുത്തന്റെയും കയ്യിൽനിന്നു വല്ലതും അപഹരിക്കയോ ചെയ്തിട്ടില്ല എന്നു പറഞ്ഞു.
  • 5 അവൻ പിന്നെയും അവരോടു: നിങ്ങൾ എന്റെ പേരിൽ ഒന്നും കണ്ടില്ല എന്നുള്ളതിന്നു യഹോവ സാക്ഷി; അവന്റെ അഭിഷിക്തനും ഇന്നു സാക്ഷി എന്നു പറഞ്ഞു.
  • 6 അപ്പോൾ ശമൂവേൽ ജനത്തോടു പറഞ്ഞതെന്തെന്നാൽ: മോശെയെയും അഹരോനെയും കല്പിച്ചാക്കുകയും നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരികയും ചെയ്തവൻ യഹോവ തന്നേ.
  • 7 ആകയാൽ ഇപ്പോൾ ഒത്തുനില്പിൻ; യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ചെയ്തിട്ടുള്ള സകലനീതികളെയും കുറിച്ചു ഞാൻ യഹോവയുടെ മുമ്പാകെ നിങ്ങളോടു വ്യവഹരിക്കും.
  • 8 യാക്കോബ് മിസ്രയീമിൽചെന്നു പാർത്തു; അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ മോശെയെയും അഹരോനെയും അയച്ചു; അവർ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു ഈ സ്ഥലത്തു പാർക്കുമാറാക്കി.
  • 9 എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോൾ അവൻ അവരെ ഹാസോരിലെ സേനാപതിയായ സീസെരയുടെ കയ്യിലും ഫെലിസ്ത്യരുടെ കയ്യിലും മോവാബ്‌രാജാവിന്റെ കയ്യിലും ഏല്പിച്ചു, അവർ അവരോടു യുദ്ധം ചെയ്തു.
  • 10 അപ്പോൾ അവർ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ യഹോവയെ ഉപേക്ഷിച്ചു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു പാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞങ്ങളെ ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കേണമേ; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കും എന്നു പറഞ്ഞു.
  • 11 എന്നാറെ യഹോവ യെരുബ്ബാൽ, ബെദാൻ, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ചു ചുറ്റുമുള്ള ശത്രുക്കളുടെ കയ്യിൽനിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങൾ നിർഭയമായി വസിച്ചു.
  • 12 പിന്നെ അമ്മോന്യരുടെ രാജാവായ നാഹാശ് നിങ്ങളുടെ നേരെ വരുന്നതു നിങ്ങൾ കണ്ടപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു രാജാവായിരിക്കെ നിങ്ങൾ എന്നോടു: ഒരു രാജാവു ഞങ്ങളുടെമേൽ വാഴേണം എന്നു പറഞ്ഞു.
  • 13 ഇപ്പോൾ ഇതാ, നിങ്ങൾ തിരഞ്ഞെടുത്തവനും ആഗ്രഹിച്ചവനുമായ രാജാവു; യഹോവ നിങ്ങൾക്കു ഒരു രാജാവിനെ കല്പിച്ചാക്കിയിരിക്കുന്നു.
  • 14 നിങ്ങൾ യഹോവയുടെ കല്പനയെ മറുക്കാതെ യഹോവയെ ഭയപ്പെട്ടു അവനെ സേവിച്ചു അവന്റെ വാക്കു അനുസരിക്കയും നിങ്ങളും നിങ്ങളെ വാഴുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയോടു ചേർന്നിരിക്കയും ചെയ്താൽ കൊള്ളാം.
  • 15 എന്നാൽ നിങ്ങൾ യഹോവയുടെ വാക്കു അനുസരിക്കാതെ യഹോവയുടെ കല്പനയെ മറുത്താൽ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാർക്കു വിരോധമായിരുന്നതുപോലെ നിങ്ങൾക്കും വിരോധമായിരിക്കും.
  • 16 ആകയാൽ ഇപ്പോൾ നിന്നു യഹോവ നിങ്ങൾ കാൺകെ ചെയ്‍വാൻ പോകുന്ന ഈ വലിയ കാര്യം കണ്ടുകൊൾവിൻ.
  • 17 ഇതു കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാൻ യഹോവയോടു അപേക്ഷിക്കും; അവൻ ഇടിയും മഴയും അയക്കും; നിങ്ങൾ ഒരു രാജാവിനെ ചോദിക്കയാൽ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്നു നിങ്ങൾ അതിനാൽ കണ്ടറിയും.
  • 18 അങ്ങനെ ശമൂവേൽ യഹോവയോടു അപേക്ഷിച്ചു; യഹോവ അന്നു ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.
  • 19 ജനമെല്ലാം ശമൂവേലിനോടു: അടിയങ്ങൾക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കേണമേ; ഞങ്ങൾ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതിൽ ഞങ്ങളുടെ സകലപാപങ്ങളോടും ഞങ്ങൾ ഈ ഒരു ദോഷവും കൂട്ടിയിരിക്കുന്നു എന്നു പറഞ്ഞു.
  • 20 ശമൂവേൽ ജനത്തോടു പറഞ്ഞതു: ഭയപ്പെടായ്‍വിൻ; നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ.
  • 21 വിട്ടുമാറി, ഉപകാരമില്ലാത്തവയും രക്ഷിപ്പാൻ കഴിയാത്തവയുമായ മിത്ഥ്യാമൂർത്തികളോടു നിങ്ങൾ ചേരരുതു; അവ മിത്ഥ്യാവസ്തു തന്നേയല്ലോ.
  • 22 യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊൾവാൻ യഹോവെക്കു ഇഷ്ടം തോന്നിയിരിക്കുന്നു.
  • 23 ഞാനോ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്‍വാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും.
  • 24 യഹോവയെ ഭയപ്പെട്ടു പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊൾവിൻ.
  • 25 എന്നാൽ നിങ്ങൾ ഇനിയും ദോഷം ചെയ്താൽ നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.