wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ശമൂവേൽ[del]1അദ്ധ്യായം 17
  • 1 അനന്തരം ഫെലിസ്ത്യർ സൈന്യങ്ങളെ യുദ്ധത്തിന്നു ഒന്നിച്ചുകൂട്ടി; അവൻ യെഹൂദെക്കുള്ള സോഖോവിൽ ഒരുമിച്ചുകൂടി സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി.
  • 2 ശൌലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയിൽ പാളയമിറങ്ങി ഫെലിസ്ത്യരോടു പടെക്കു അണിനിരത്തി;
  • 3 ഫെലിസ്ത്യർ ഇപ്പുറത്തു ഒരു മലഞ്ചരിവിലും യിസ്രായേല്യർ അപ്പുറത്തു ഒരു മലഞ്ചരിവിലും നിന്നു; അവരുടെ മദ്ധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.
  • 4 അപ്പോൾ ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ പുറപ്പെട്ടു; അവൻ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവൻ ആയിരുന്നു.
  • 5 അവന്നു തലയിൽ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവൻ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.
  • 6 അവന്നു താമ്രംകൊണ്ടുള്ള കാൽചട്ടയും ചുമലിൽ താമ്രം കൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു.
  • 7 അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലകു അറുനൂറു ശേക്കെൽ ഇരിമ്പു ആയിരുന്നു; ഒരു പരിചക്കാരൻ അവന്റെ മുമ്പെ നടന്നു.
  • 8 അവൻ നിന്നു യിസ്രായേൽ നിരകളോടു വിളിച്ചുപറഞ്ഞതു: നിങ്ങൾ വന്നു പടെക്കു അണിനിരന്നിരിക്കുന്നതു എന്തിന്നു? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൌലിന്റെ ചേവകരും അല്ലയോ? നിങ്ങൾ ഒരുത്തനെ തിരഞ്ഞെടുത്തുകൊൾവിൻ; അവൻ എന്റെ അടുക്കൽ ഇറങ്ങിവരട്ടെ.
  • 9 അവൻ എന്നോടു അങ്കം പൊരുതു എന്നെ കൊല്ലുവാൻ പ്രാപ്തനായാൽ ഞങ്ങൾ നിങ്ങൾക്കു അടിമകൾ ആകാം; ഞാൻ അവനെ ജയിച്ചു കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു അടിമകളായി ഞങ്ങളെ സേവിക്കേണം.
  • 10 ഫെലിസ്ത്യൻ പിന്നെയും: ഞാൻ ഇന്നു യിസ്രായേൽ നിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങൾ തമ്മിൽ അങ്കം പൊരുതേണ്ടതിന്നു ഒരുത്തനെ വിട്ടു തരുവിൻ എന്നു പറഞ്ഞു.
  • 11 ഫെലിസ്ത്യന്റെ ഈ വാക്കുകൾ ശൌലും എല്ലായിസ്രായേല്യരും കേട്ടപ്പോൾ ഭ്രമിച്ചു ഏറ്റവും ഭയപ്പെട്ടു.
  • 12 എന്നാൽ ദാവീദ് യെഹൂദയിലെ ബേത്ത്ളേഹെമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകൻ ആയിരുന്നു; യിശ്ശായിക്കു എട്ടു മക്കൾ ഉണ്ടായിരുന്നു; അവൻ ശൌലിന്റെ കാലത്തു വയസ്സുചെന്നു വൃദ്ധനായിരുന്നു.
  • 13 യിശ്ശായിയുടെ മൂത്ത മക്കൾ മൂവരും പുറപ്പെട്ടു ശൌലിന്റെ കൂടെ യുദ്ധത്തിന്നു ചെന്നിരുന്നു. യുദ്ധത്തിന്നു പോയ മൂന്നു മക്കൾ ആദ്യജാതൻ ഏലീയാബും അവന്റെ അനുജൻ അബീനാദാബും മൂന്നാമത്തെവൻ ശമ്മയും ആയിരുന്നു.
  • 14 ദാവീദോ എല്ലാവരിലും ഇളയവൻ; മൂത്തവർ മൂവരും ശൌലിന്റെ കൂടെ പോയിരുന്നു.
  • 15 ദാവിദ് ശൌലിന്റെ അടുക്കൽ നിന്നു തന്റെ അപ്പന്റെ ആടുകളെ മേയിപ്പാൻ ബേത്ത്ളേഹെമിൽ പോയിവരിക പതിവായിരുന്നു.
  • 16 ആ ഫെലിസ്ത്യൻ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടു വന്നുനിന്നു.
  • 17 യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞതു: ഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തിൽ നിന്റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്നു കൊടുക്ക.
  • 18 ഈ പാൽക്കട്ട പത്തും സഹസ്രാധിപന്നു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക.
  • 19 ശൌലും അവരും യിസ്രായേല്യർ ഒക്കെയും ഏലാതാഴ്വരയിൽ ഫെലിസ്ത്യരോടു യുദ്ധം ചെയ്യുന്നുണ്ടു.
  • 20 അങ്ങനെ ദാവീദ് അതികാലത്തു എഴുന്നേറ്റു ആടുകളെ കാവൽക്കാരന്റെ പക്കൽ വിട്ടേച്ചു, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടു ചെന്നു കൈനിലയിൽ എത്തിയപ്പോൾ സൈന്യം പടെക്കു ആർത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു.
  • 21 യിസ്രായേലും ഫെലിസ്ത്യരും നേർക്കുനേരെ അണിനിരന്നുനിന്നു.
  • 22 ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കൽ ഏല്പിച്ചുംവെച്ചു അണിയിൽ ഓടിച്ചെന്നു തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു.
  • 23 അവൻ അവരോടു സംസാരിച്ചുകൊണ്ടു നില്ക്കുമ്പോൾ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലൻ ഫെലിസ്ത്യരുടെ നിരകളിൽനിന്നു പുറപ്പെട്ടു വന്നു മുമ്പിലത്തെ വാക്കുകൾതന്നേ പറയുന്നതു ദാവീദ് കേട്ടു.
  • 24 അവനെ കണ്ടപ്പോൾ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ടു അവന്റെ മുമ്പിൽനിന്നു ഓടി.
  • 25 എന്നാറെ യിസ്രായേല്യർ: വന്നു നില്ക്കുന്ന ഇവനെ കണ്ടുവോ? അവൻ യിസ്രായേലിനെ നിന്ദിപ്പാൻ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവു മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവന്നു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന്നു യിസ്രായേലിൽ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു.
  • 26 അപ്പോൾ ദാവീദ് തന്റെ അടുക്കൽ നില്ക്കുന്നവരോടു: ഈ ഫെലിസ്ത്യനെകൊന്നു യിസ്രായേലിൽനിന്നു നിന്ദയെ നീക്കിക്കളയുന്നവന്നു എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ എന്നു പറഞ്ഞു.
  • 27 അതിന്നു ജനം: അവനെ കൊല്ലുവന്നു ഇന്നിന്നതൊക്കെയും കൊടുക്കും എന്നു അവനോടു ഉത്തരം പറഞ്ഞു.
  • 28 അവരോടു അവൻ സംസാരിക്കുന്നതു അവന്റെ മൂത്ത ജ്യേഷ്ഠൻ എലീയാബ് കേട്ടു ദാവീദിനോടു കോപിച്ചു: നീ ഇവിടെ എന്തിന്നു വന്നു? മരുഭൂമിയിൽ ആ കുറെ ആടുള്ളതു നീ ആരുടെ പക്കൽ വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നതു എന്നു പറഞ്ഞു.
  • 29 അതിന്നു ദാവീദ്: ഞാൻ ഇപ്പോൾ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളു എന്നു പറഞ്ഞു.
  • 30 അവൻ അവനെ വിട്ടുമാറി മറ്റൊരുത്തനോടു അങ്ങനെ തന്നേ ചോദിച്ചു; ജനം മുമ്പിലത്തേപ്പോലെ തന്നേ ഉത്തരം പറഞ്ഞു.
  • 31 ദാവീദ് പറഞ്ഞ വാക്കുകൾ പരസ്യമായപ്പോൾ ശൌലിന്നും അറിവു കിട്ടി; അവൻ അവനെ വിളിച്ചുവരുത്തി.
  • 32 ദാവീദ് ശൌലിനോടു: ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയൻ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും എന്നു പറഞ്ഞു.
  • 33 ശൌൽ ദാവീദിനോടു: ഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാൻ നിനക്കു പ്രാപ്തിയില്ല; നീ ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു എന്നു പറഞ്ഞു.
  • 34 ദാവീദ് ശൌലിനോടു പറഞ്ഞതു: അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും ഒരിക്കൽ ഒരു കരടിയും വന്നു കൂട്ടത്തിൽ നിന്നു ആട്ടിൻ കുട്ടിയെ പിടിച്ചു.
  • 35 ഞാൻ പിന്തുടർന്നു അതിനെ അടിച്ചു അതിന്റെ വായിൽനിന്നു ആട്ടിൻ കുട്ടിയെ വിടുവിച്ചു, അതു എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ചു അടിച്ചു കൊന്നു.
  • 36 ഇങ്ങനെ അടിയൻ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ടു അവനും അവയിൽ ഒന്നിനെപ്പോലെ ആകും.
  • 37 ദാവീദ് പിന്നെയും: സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൌൽ ദാവീദിനോടു: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു.
  • 38 ശൌൽ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ചു അവന്റെ തലയിൽ താമ്രശിരസ്ത്രംവെച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു.
  • 39 പടയങ്കിമേൽ അവന്റെ വാളും കെട്ടി ദാവീദ് നടപ്പാൻ നോക്കി; എന്നാൽ അവന്നു ശീലമില്ലായിരുന്നു; ദാവീദ് ശൌലിനോടു: ഞാൻ ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാൻ എനിക്കു കഴികയില്ല എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.
  • 40 പിന്നെ അവൻ തന്റെ വടി എടുത്തു, തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്തു ഇടയസ്സഞ്ചിയായ പൊക്കണത്തിൽ ഇട്ടു, കയ്യിൽ കവിണയുമായി ഫെലിസ്ത്യനോടു അടുത്തു.
  • 41 ഫെലിസ്ത്യനും ദാവീദിനോടു അടുത്തു; പരിചക്കാരനും അവന്റെ മുമ്പെ നടന്നു.
  • 42 ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ നിന്ദിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.
  • 43 ഫെലിസ്ത്യൻ ദാവീദിനോടു: നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.
  • 44 ഫെലിസ്ത്യൻ പിന്നെയും ദാവീദിനോടു: ഇങ്ങോട്ടു വാ; ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു.
  • 45 ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതു: നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.
  • 46 യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും.
  • 47 യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവെക്കുള്ളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.
  • 48 പിന്നെ ഫെലിസ്ത്യൻ ദാവീദിനോടു എതിർപ്പാൻ നേരിട്ടടുത്തപ്പോൾ ദാവീദ് ബദ്ധപ്പെട്ടു ഫെലിസ്ത്യനോടു എതിർപ്പാൻ അണിക്കു നേരെ ഓടി.
  • 49 ദാവീദ് സഞ്ചിയിൽ കയ്യിട്ടു ഒരു കല്ലു എടുത്തു കവിണയിൽവെച്ചു വീശി ഫെലിസ്ത്യന്റെ നെറ്റിക്കു എറിഞ്ഞു. കല്ലു അവന്റെ നെറ്റിയിൽ കൊണ്ടു പതിഞ്ഞു;
  • 50 അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു മുടിച്ചു; എന്നാൽ ദാവീദിന്റെ കയ്യിൽ വാൾ ഇല്ലായിരുന്നു.
  • 51 ആകയാൽ ദാവീദ് ഓടിച്ചെന്നു ഫെലിസ്ത്യന്റെ പുറത്തു കയറിനിന്നു അവന്റെ വാൾ ഉറയിൽനിന്നു ഊരിയെടുത്തു അവനെ കൊന്നു, അവന്റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്നു ഫെലിസ്ത്യർ കണ്ടിട്ടു ഓടിപ്പോയി.
  • 52 യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ടു ആർത്തുംകൊണ്ടു ഗത്തും എക്രോൻ വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടർന്നു; ഫെലിസ്ത്യഹതന്മാർ ശയരയീമിന്നുള്ള വഴിയിൽ ഗത്തും എക്രോനുംവരെ വീണുകിടന്നു.
  • 53 ഇങ്ങനെ യിസ്രായേൽമക്കൾ ഫെലിസ്ത്യരെ ഓടിക്കയും മടങ്ങിവന്നു അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.
  • 54 എന്നാൽ ദാവീദ് ഫെലിസ്ത്യന്റെ തല എടുത്തു അതിനെ യെരൂശലേമിലേക്കു കൊണ്ടുവന്നു; അവന്റെ ആയുധവർഗ്ഗമോ തന്റെ കൂടാരത്തിൽ സൂക്ഷിച്ചുവെച്ചു.
  • 55 ദാവീദ് ഫെലിസ്ത്യന്റെ നേരെ ചെല്ലുന്നതു ശൌൽ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോടു: അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു ചോദിച്ചതിന്നു അബ്നേർ: രാജാവേ, തിരുമേനിയാണ ഞാൻ അറിയുന്നില്ല എന്നു പറഞ്ഞു.
  • 56 ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു നീ അന്വേഷിക്കേണം എന്നു രാജാവു കല്പിച്ചു.
  • 57 ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചു മടങ്ങിവരുമ്പോൾ അബ്നേർ അവനെ കൂട്ടി ശൌലിന്റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്റെ തലയും അവന്റെ കയ്യിൽ ഉണ്ടായിരുന്നു.
  • 58 ശൌൽ അവനോടു: ബാല്യക്കാരാ, നീ ആരുടെ മകൻ എന്നു ചോദിച്ചു; ഞാൻ ബേത്ത്ളേഹെമ്യനായ നിന്റെ ദാസൻ യിശ്ശായിയുടെ മകൻ എന്നു ദാവീദ് പറഞ്ഞു.