wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ശമൂവേൽ[del]1അദ്ധ്യായം 26
  • 1 അനന്തരം സീഫ്യർ ഗിബെയയിൽ ശൌലിന്റെ അടുക്കൽ വന്നു; ദാവീദ് മരുഭൂമിക്കു തെക്കുള്ള ഹഖീലാക്കുന്നിൽ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞു.
  • 2 ശൌൽ എഴുന്നേറ്റു ദാവീദിനെ തിരയുവാൻ സീഫ് മരുഭൂമിയിലേക്കു ചെന്നു; യിസ്രായേലിൽനിന്നു തിരഞ്ഞെടുത്തിരുന്ന മൂവായിരംപേരും അവനോടുകൂടെ ഉണ്ടായിരുന്നു.
  • 3 ശൌൽ മരുഭൂമിക്കു തെക്കുള്ള ഹഖീലാക്കുന്നിൽ പെരുവഴിക്കരികെ പാളയം ഇറങ്ങി. ദാവീദോ മരുഭൂമിയിൽ പാർത്തു, ശൌൽ തന്നേ തേടി മരുഭൂമിയിൽ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.
  • 4 അതുകൊണ്ടു ദാവീദ് ചാരന്മാരെ അയച്ചു ശൌൽ ഇന്നേടത്തു വന്നിരിക്കുന്നു എന്നു അറിഞ്ഞു.
  • 5 ദാവീദ് എഴുന്നേറ്റു ശൌൽ പാളയം ഇറങ്ങിയിരുന്ന സ്ഥലത്തു ചെന്നു; ശൌലും അവന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേരും കിടക്കുന്ന സ്ഥലം ദാവീദ് കണ്ടു; ശൌൽ കൈനിലയുടെ നടുവിൽ കിടന്നുറങ്ങി; പടജ്ജനം അവന്റെ ചുറ്റും പാളയമിറങ്ങിയിരുന്നു.
  • 6 ദാവീദ് ഹിത്യനായ അഹീമേലെക്കിനോടും സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ അബീശായിയോടും: പാളയത്തിൽ ശൌലിന്റെ അടുക്കലേക്കു ആർ എന്നോടുകൂടെ പോരും എന്നു ചോദിച്ചു. ഞാൻ നിന്നോടു കൂടെ പോരും എന്നു അബീശായി പറഞ്ഞു.
  • 7 ഇങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ പടജ്ജനത്തിന്റെ അടുക്കൽ ചെന്നു; ശൌൽ കൈനിലെക്കകത്തു കിടന്നുറങ്ങുകയായിരുന്നു; അവന്റെ കുന്തം അവന്റെ തലെക്കൽ നിലത്തു തറെച്ചിരുന്നു; അബ്നേരും പടജ്ജനവും അവന്നു ചുറ്റും കിടന്നിരുന്നു.
  • 8 അബീശായി ദാവീദിനോടു: ദൈവം നിന്റെ ശത്രുവിനെ ഇന്നു നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; ഞാൻ അവനെ കുന്തംകൊണ്ടു നിലത്തോടു ചേർത്തു ഒരു കുത്തായിട്ടു കുത്തട്ടെ; രണ്ടാമതു കുത്തുകയില്ല എന്നു പറഞ്ഞു.
  • 9 ദാവീദ് അബീശായിയോടു: അവനെ നശിപ്പിക്കരുതു; യഹോവയുടെ അഭിഷിക്തന്റെ മേൽ കൈ വെച്ചിട്ടു ആർ ശിക്ഷ അനുഭവിക്കാതെപോകും എന്നു പറഞ്ഞു.
  • 10 യഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കിൽ അവൻ മരിപ്പാനുള്ള ദിവസം വരും; അല്ലെങ്കിൽ അവൻ പടെക്കു ചെന്നു നശിക്കും;
  • 11 ഞാൻ യഹോവയുടെ അഭിഷിക്തന്റെമേൽ കൈ വെപ്പാൻ യഹോവ സംഗതിവരുത്തരുതേ; എങ്കിലും അവന്റെ തലെക്കൽ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊൾക; നമുക്കു പോകാം എന്നു ദാവീദ് പറഞ്ഞു.
  • 12 ഇങ്ങനെ ദാവീദ് കുന്തവും ജലപാത്രവും ശൌലിന്റെ തലെക്കൽനിന്നു എടുത്തു അവർ പോകയും ചെയ്തു; ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണർന്നതുമില്ല; അവർ എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാൽ ഗാഢനിദ്ര അവരുടെമേൽ വീണിരുന്നു.
  • 13 ദാവീദ് അപ്പുറം കടന്നുചെന്നു ദൂരത്തു ഒരു മലമുകളിൽ നിന്നു; അവർക്കു മദ്ധ്യേ മതിയായ അകലമുണ്ടായിരുന്നു.
  • 14 ദാവീദ് ജനത്തോടും നേരിന്റെ മകനായ അബ്നേരിനോടും: അബ്നേരേ, നീ ഉത്തരം പറയുന്നില്ലയോ എന്നു വിളിച്ചു പറഞ്ഞു. അതിന്നു അബ്നേർ: രാജസന്നിധിയിൽ ക്കുകുന്ന നീ ആർ എന്നു അങ്ങോട്ടു ചോദിച്ചു.
  • 15 ദാവീദ് അബ്നേരിനോടു പറഞ്ഞതു: നീ ഒരു പുരുഷൻ അല്ലയോ? യിസ്രായേലിൽ നിനക്കു തുല്യൻ ആരുള്ളു? അങ്ങനെയിരിക്കെ നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാതിരുന്നതു എന്തു? നിന്റെ യജമാനനായ രാജാവിനെ നശിപ്പിപ്പാൻ ജനത്തിൽ ഒരുത്തൻ അവിടെ വന്നിരുന്നുവല്ലോ.
  • 16 നീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരിക്കയാൽ യഹോവയാണ നിങ്ങൾ മരണയോഗ്യർ ആകുന്നു. രാജാവിന്റെ കുന്തവും അവന്റെ തലെക്കൽ ഇരുന്ന ജലപാത്രവും എവിടെ എന്നു നോക്കുക.
  • 17 അപ്പോൾ ശൌൽ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞു: എന്റെ മകനെ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചതിന്നു ദാവീദ് എന്റെ ശബ്ദം തന്നേ, യജമാനനായ രാജാവേ എന്നു പറഞ്ഞു.
  • 18 യജമാനൻ ഇങ്ങനെ അടിയനെ തേടിനടക്കുന്നതു എന്തിന്നു? അടിയൻ എന്തു ചെയ്തു? അടിയന്റെ പക്കൽ എന്തു ദോഷം ഉള്ളു?
  • 19 ആകയാൽ യജമാനനായ രാജാവു അടിയന്റെ വാക്കു കേൾക്കേണമേ; തിരുമേനിയെ അടിയന്നു വിരോധമായി ഉദ്യോഗിപ്പിക്കുന്നതു യഹോവയാകുന്നു എങ്കിൽ അവൻ ഒരു വഴിപാടു ഏറ്റു പ്രസാദിക്കുമാറാകട്ടെ; മനുഷ്യർ എങ്കിലോ അവർ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടിരിക്കട്ടെ. നീ പോയി അന്യദൈവങ്ങളെ സേവിക്ക എന്നു പറഞ്ഞു യഹോവയുടെ അവകാശത്തിൽ എനിക്കു പങ്കില്ലാതാകുംവണ്ണം അവർ എന്നെ ഇന്നു പുറത്തു തള്ളിയിരിക്കുന്നു.
  • 20 എന്റെ രക്തം യഹോവയുടെ മുമ്പാകെ നിലത്തു വീഴരുതേ; ഒരുത്തൻ പർവ്വതങ്ങളിൽ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേൽരാജാവു ഒരു ഒറ്റ ചെള്ളിനെ തിരഞ്ഞു പുറപ്പെട്ടിരിക്കുന്നു എന്നും അവൻ പറഞ്ഞു.
  • 21 അതിന്നു ശൌൽ: ഞാൻ പാപം ചെയ്തിരിക്കുന്നു; എന്റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്റെ ജീവൻ ഇന്നു നിനക്കു വിലയേറിയതായി തോന്നിയതുകൊണ്ടു ഞാൻ ഇനി നിനക്കു ദോഷം ചെയ്കയില്ല; ഞാൻ ഭോഷത്വം പ്രവർത്തിച്ചു അത്യന്തം തെറ്റിപ്പോയിരിക്കുന്നു എന്നു പറഞ്ഞു.
  • 22 ദാവീദ് ഉത്തരം പറഞ്ഞതു: രാജാവേ, കുന്തം ഇതാ; ബാല്യക്കാരിൽ ഒരുത്തൻ വന്നു കൊണ്ടുപോകട്ടെ.
  • 23 യഹോവ ഓരോരുത്തന്നു അവനവന്റെ നീതിക്കും വിശ്വസ്തതെക്കും ഒത്തവണ്ണം പകരം നല്കട്ടെ; യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിച്ചു; എങ്കിലും യഹോവയുടെ അഭിഷിക്തന്റെ മേൽ കൈവെപ്പാൻ എനിക്കു മനസ്സായില്ല.
  • 24 എന്നാൽ നിന്റെ ജീവൻ ഇന്നു എനിക്കു വിലയേറിയതായിരുന്നതുപോലെ എന്റെ ജീവൻ യഹോവെക്കു വിലയേറിയതായിരിക്കട്ടെ; അവൻ എന്നെ സകല കഷ്ടതയിൽ നിന്നും രക്ഷിക്കുമാറാകട്ടെ.
  • 25 അപ്പോൾ ശൌൽ ദാവീദിനോടു: എന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; നീ കൃതാർത്ഥനാകും; നീ ജയംപ്രാപിക്കും എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്റെ വഴിക്കു പോയി; ശൌലും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.