wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ശമൂവേൽ[del]1അദ്ധ്യായം 31
  • 1 എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടി ഗിൽബോവപർവ്വതത്തിൽ നിഹതന്മാരായി വീണു.
  • 2 ഫെലിസ്ത്യർ ശൌലിനെയും അവന്റെ പുത്രന്മാരെയും പിന്തേർന്നുചെന്നു; ഫെലിസ്ത്യർ ശൌലിന്റെ പുത്രന്മാരായ യോനാഥാൻ അബീനാദാബ് മെൽക്കീശൂവ എന്നിവരെ കൊന്നു.
  • 3 എന്നാൽ പട ശൌലിന്റെ നേരെ ഏറ്റവും, മുറുകി; വില്ലാളികൾ അവനിൽ ദൃഷ്ടിവെച്ചു, വില്ലാളികളാൽ അവൻ ഏറ്റവും വിഷമത്തിലായി.
  • 4 ശൌൽ തന്റെ ആയുധവാഹകനോടു: ഈ അഗ്രചർമ്മികൾ വന്നു എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു. ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല; അതുകൊണ്ടു ശൌൽ ഒരു വാൾ പിടിച്ചു അതിന്മേൽ വീണു.
  • 5 ശൌൽ മരിച്ചു എന്നു അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ താനും അങ്ങനെ തന്നേ തന്റെ വാളിന്മേൽ വീണു അവനോടുകൂടെ മരിച്ചു.
  • 6 ഇങ്ങനെ ശൌലും അവന്റെ മൂന്നു പുത്രന്മാരും അവന്റെ ആയുധവാഹകനും അവന്റെ ആളുകൾ ഒക്കെയും അന്നു ഒന്നിച്ചു മരിച്ചു. യിസ്രായേല്യർ ഓടിപ്പോയി.
  • 7 ശൌലും പുത്രന്മാരും മരിച്ചു എന്നു താഴ്വരയുടെ അപ്പുറത്തും യോർദ്ദാന്നക്കരെയും ഉള്ള യിസ്രായേല്യർ കണ്ടപ്പോൾ അവർ പട്ടണങ്ങളെ വെടിഞ്ഞു ഓടിപ്പോകയും ഫെലിസ്ത്യർവന്നു അവിടെ പാർക്കയും ചെയ്തു.
  • 8 പിറ്റെന്നാൾ ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൌലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണു കിടക്കുന്നതു കണ്ടു.
  • 9 അവർ അവന്റെ തലവെട്ടി, അവന്റെ ആയുധവർഗ്ഗവും അഴിച്ചെടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വർത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.
  • 10 അവന്റെ ആയുധവർഗ്ഗം അവർ അസ്തോരെത്തിന്റെ ക്ഷേത്രത്തിൽവെച്ചു; അവന്റെ ഉടൽ അവർ ബേത്ത്-ശാന്റെ ചുവരിന്മേൽ തൂക്കി.
  • 11 എന്നാൽ ഫെലിസ്ത്യർ ശൌലിനോടു ചെയ്തതു ഗിലെയാദിലെ യാബേശ് നിവാസികൾ കേട്ടപ്പോൾ
  • 12 ശൂരന്മാരായ എല്ലാവരും പുറപ്പെട്ടു രാത്രിമുഴുവനും നടന്നുചെന്നു ബേത്ത്-ശാന്റെ ചുവരിൽനിന്നു ശൌലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിൽ കൊണ്ടുവന്നു അവിടെവെച്ചു ദഹിപ്പിച്ചു.
  • 13 അവരുടെ അസ്ഥികളെ അവർ എടുത്തു യാബേശിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു; ഏഴു ദിവസം ഉപവസിച്ചു.