wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ദിനവൃത്താന്തം 2 അദ്ധ്യായം 7
  • 1 ശലോമോൻ പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ആകാശത്തുനിന്നു തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തിൽ നിറഞ്ഞു.
  • 2 യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കകൊണ്ടു പുരോഹിതന്മാർക്കു യഹോവയുടെ ആലയത്തിൽ കടപ്പാൻ കഴിഞ്ഞില്ല.
  • 3 തീ ഇറങ്ങിയതും ആലയത്തിൽ യഹോവയുടെ തേജസ്സും യിസ്രായേൽമക്കളൊക്കെയും കണ്ടപ്പോൾ അവർ കൽക്കളത്തിൽ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു: അവൻ നല്ലവൻ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു എന്നു ചൊല്ലി സ്തുതിച്ചു.
  • 4 പിന്നെ രാജാവും സർവ്വജനവും യഹോവയുടെ സന്നിധിയിൽ യാഗംകഴിച്ചു.
  • 5 ശലോമോൻ രാജാവു ഇരുപത്തീരായിരം കാളയെയും ഒരുലക്ഷത്തിരുപതിനായിരം ആടിനെയും യാഗം കഴിച്ചു; ഇങ്ങനെ രാജാവും സർവ്വജനവും ദൈവാലയത്തെ പ്രതിഷ്ഠിച്ചു.
  • 6 പുരോഹിതന്മാർ തങ്ങളുടെ ഉദ്യോഗം അനുസരിച്ചും ലേവ്യർ: അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ അവർമുഖാന്തരം ദാവീദ് സ്തോത്രം ചെയ്ത സമയത്തു യഹോവയെ സ്തുതിപ്പാൻ ദാവീദ്‍രാജാവു ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെയും നിന്നു; യിസ്രായേൽ ഒക്കെയും നിൽക്കേ പുരോഹിതന്മാർ അവരുടെ മുമ്പിൽ കാഹളം ഊതി.
  • 7 ശലോമോൻ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠത്തിന്മേൽ ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ കൊള്ളാതിരുന്നതുകൊണ്ടു ശലോമോൻ യഹോവയുടെ ആലയത്തിന്നു മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ചു, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു.
  • 8 ശലോമോനും ഹമാത്തിന്റെ അതിർമുതൽ മിസ്രയീംതോടുവരേയുള്ള എല്ലായിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്തു ഏഴു ദിവസം ഉത്സവം ആചരിച്ചു.
  • 9 എട്ടാം ദിവസം അവർ വിശുദ്ധസഭായോഗംകൂടി; ഏഴു ദിവസം അവർ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു.
  • 10 ഏഴാം മാസം ഇരുപത്തിമൂന്നാം തീയ്യതി അവൻ ജനത്തെ യഹോവ ദാവീദിന്നും ശലോമോന്നും തന്റെ ജനമായ യിസ്രായേലിന്നും ചെയ്ത നന്മയെക്കുറിച്ചു സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു.
  • 11 ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജധാനിയും തീർത്തു; യഹോവയുടെ ആലയത്തിലും തന്റെ അരമനയിലും ഉണ്ടാക്കുവാൻ ശലോമോന്നു താല്പര്യം ഉണ്ടായിരുന്നതൊക്കെയും അവൻ ശുഭമായി നിവർത്തിച്ചു.
  • 12 അതിന്റെശേഷം യഹോവ രാത്രിയിൽ ശലോമോന്നു പ്രത്യക്ഷനായി അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു ഈ സ്ഥലം എനിക്കു യാഗത്തിന്നുള്ള ആലയമായിട്ടു തിരഞ്ഞെടുത്തിരിക്കുന്നു.
  • 13 മഴ പെയ്യാതിരിക്കേണ്ടതിന്നു ഞാൻ ആകാശം അടെക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന്നു വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ,
  • 14 എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.
  • 15 ഈ സ്ഥലത്തു കഴിക്കുന്ന പ്രാർത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.
  • 16 എന്റെ നാമം ഈ ആലയത്തിൽ എന്നേക്കും ഇരിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതിനെ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ ദൃഷ്ടിയും എന്റെ ഹൃദയവും എല്ലായ്പോഴും ഇവിടെ ഇരിക്കും.
  • 17 നീയോ നിന്റെ അപ്പനായ ദാവീദ്,നടന്നതുപോലെ എന്റെ മുമ്പാകെ നടക്കയും ഞാൻ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്കയും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിച്ചുനടക്കയും ചെയ്താൽ,
  • 18 യിസ്രായേലിൽ വാഴുവാൻ നിനക്കു ഒരു പുരുഷൻ ഇല്ലാതെവരികയില്ല എന്നു ഞാൻ നിന്റെ അപ്പനായ ദാവീദിനോടു ഒരു നിയമം ചെയ്തതുപോലെ ഞാൻ നിന്റെ രാജാസനത്തെ സ്ഥിരമാക്കും.
  • 19 എന്നാൽ നിങ്ങൾ തിരിഞ്ഞു, ഞാൻ നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന എന്റെ ചട്ടങ്ങളും കല്പനകളും ഉപേക്ഷിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ,
  • 20 ഞാൻ അവർക്കു കൊടുത്ത എന്റെ ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നായി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയത്തെയും ഞാൻ എന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു സകലജാതികളുടെയും ഇടയിൽ ഒരു പഴഞ്ചൊല്ലും പരിഹാസവും ആക്കിത്തീർക്കും.
  • 21 ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെപ്പറ്റി സ്തംഭിച്ചു: യഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തുവാൻ സംഗതി എന്തു എന്നു ചോദിക്കും.
  • 22 അതിന്നു അവർ: തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ അവർ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്തതുകൊണ്ടാകുന്നു അവൻ ഈ അനർത്ഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നതു എന്നു ഉത്തരം പറയും.