wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ദിനവൃത്താന്തം 2 അദ്ധ്യായം 21
  • 1 യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കംചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.
  • 2 അവന്നു യെഹോശാഫാത്തിന്റെ പുത്രന്മാരായി അസർയ്യാവു, യെഹീയേൽ, സെഖർയ്യാവു, അസർയ്യാവു, മീഖായേൽ, ശെഫത്യാവു എന്നീ സഹോദരന്മാർ ഉണ്ടായിരുന്നു; ഇവരെല്ലാവരും യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാർ.
  • 3 അവരുടെ അപ്പൻ അവർക്കു വെള്ളിയും പൊന്നും വിശേഷ വസ്തുക്കളുമായ വലിയ ദാനങ്ങളും യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാൽ യെഹോരാം ആദ്യജാതനായിരിക്കയാൽ രാജത്വം അവന്നു കൊടുത്തു.
  • 4 യെഹോരാം തന്റെ അപ്പന്റെ രാജത്വം ഏറ്റു തന്നേത്താൽ ബലപ്പെടുത്തിയശേഷം തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ടു കൊന്നു.
  • 5 യെഹോരാം വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.
  • 6 ആഹാബ്ഗൃഹം ചെയ്തതുപോലെ അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവന്നു ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
  • 7 എന്നാൽ യഹോവ ദാവീദിനോടു ചെയ്തിരുന്ന നിയമംനിമിത്തവും അവന്നും അവന്റെ പുത്രന്മാർക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്കനിമിത്തവും ദാവീദ്ഗൃഹത്തെ നശിപ്പിപ്പാൻ അവന്നു മനസ്സില്ലായിരുന്നു.
  • 8 അവന്റെ കാലത്തു എദോം യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്കു ഒരു രാജാവിനെ വാഴിച്ചു.
  • 9 യെഹോരാം തന്റെ പ്രഭുക്കന്മാരോടും സകലരഥങ്ങളോടുംകൂടെ ചെന്നു രാത്രിയിൽ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും തേരാളികളെയും തോല്പിച്ചുകളഞ്ഞു.
  • 10 എന്നാൽ എദോം ഇന്നുവരെ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചുനില്ക്കുന്നു; അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു ആ കാലത്തു തന്നേ ലിബ്നയും അവന്റെ മേലധികാരത്തോടു മത്സരിച്ചു.
  • 11 അവൻ യെഹൂദാപർവ്വതങ്ങളിൽ പൂജാഗിരികളെ ഉണ്ടാക്കി; യെരൂശലേംനിവാസികളെ പരസംഗം ചെയ്യുമാറാക്കി, യെഹൂദയെ തെറ്റിച്ചുകളഞ്ഞു.
  • 12 അവന്നു എലീയാപ്രവാചകന്റെ പക്കൽനിന്നു ഒരു എഴുത്തു വന്നതെന്തെന്നാൽ: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ നിന്റെ അപ്പനായ യെഹോശാഫാത്തിന്റെ വഴികളിലും യെഹൂദാരാജാവായ ആസയുടെ വഴികളിലും നടക്കാതെ
  • 13 യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടക്കയും ആഹാബ്ഗൃഹത്തിന്റെ പരസംഗംപോലെ യെഹൂദയെയും യെരൂശലേംനിവാസികളെയും പരസംഗം ചെയ്യുമാറാക്കുകയും നിന്നെക്കാൾ നല്ലവരായ നിന്റെ പിതൃഭവനത്തിലുള്ള നിന്റെ സഹോദരന്മാരെ കൊല്ലുകയും ചെയ്കകൊണ്ടു
  • 14 യഹോവ നിന്റെ ജനത്തെയും നിന്റെ മക്കളെയും നിന്റെ ഭാര്യമാരെയും നിന്റെ സകലവസ്തുവകകളെയും മഹാബാധകൊണ്ടു ബാധിക്കും.
  • 15 നിനക്കോ ദീനത്താൽ നിന്റെ കുടൽ കാലക്രമേണ പുറത്തു ചാടുംവരെ കുടലിൽ വ്യാധിപിടിച്ചു കഠിനദീനമുണ്ടാകും.
  • 16 യഹോവ ഫെലിസ്ത്യരുടെയും കൂശ്യരുടെയും സമീപത്തുള്ള അരബികളുടെയും മനസ്സു യെഹോരാമിന്റെ നേരെ ഉണർത്തി;
  • 17 അവർ യെഹൂദയിലേക്കു വന്നു അതിനെ ആക്രമിച്ചു രാജധാനിയിൽ കണ്ട സകലവസ്തുവകകളെയും അവന്റെ പുത്രന്മാരെയും അവന്റെ ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി; അതുകൊണ്ടു അവന്റെ ഇളയമകനായ യെഹോവാഹാസല്ലാതെ ഒരു മകനും അവന്നു ശേഷിച്ചില്ല.
  • 18 ഇതെല്ലാം കഴിഞ്ഞശേഷം യഹോവ അവനെ കുടലിൽ പൊറുക്കാത്ത വ്യാധികൊണ്ടു ബാധിച്ചു.
  • 19 കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ടു ദീനത്താൽ അവന്റെ കുടൽ പുറത്തുചാടി അവൻ കഠിനവ്യാധിയാൽ മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം കഴിച്ചില്ല.
  • 20 അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സാന്നയിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളിൽ അല്ലതാനും.