wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ദിനവൃത്താന്തം 2 അദ്ധ്യായം 28
  • 1 ആഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപതു വയസ്സായിരുന്നു; അവൻ പതിനാറു സംവത്സരം യെരൂശലേമിൽ വാണു; എന്നാൽ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തില്ല.
  • 2 അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴികളിൽ നടന്നു ബാൽവിഗ്രഹങ്ങളെ വാർത്തുണ്ടാക്കി.
  • 3 അവൻ ബെൻ-ഹിന്നോം താഴ്വരയിൽ ധൂപം കാട്ടുകയും യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു.
  • 4 അവൻ പൂജാഗിരികളിലും ഓരോ പച്ചവൃക്ഷത്തിൻ കീഴിലും ബലികഴിച്ചും ധൂപം കാട്ടിയും പോന്നു.
  • 5 ആകയാൽ അവന്റെ ദൈവമായ യഹോവ അവനെ അരാംരാജാവിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവനെ തോല്പിച്ചു അവരിൽ അസംഖ്യംപേരെ പിടിച്ചു ദമ്മേശെക്കിലേക്കു കൊണ്ടുപോയി. അവൻ യിസ്രായേൽരാജാവിന്റെ കയ്യിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു.
  • 6 അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു രെമല്യാവിന്റെ മകനായ പെക്കഹ് യെഹൂദയിൽ ഒരു ലക്ഷത്തിരുപതിനായിരംപേരെ ഒരേദിവസം സംഹരിച്ചു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
  • 7 എഫ്രയീമ്യവീരനായ സിക്രി രാജകുമാരനായ മയശേയാവെയും രാജധാനിവിചാരകനായ അസ്രീക്കാമിനെയും രാജാവിന്നു രണ്ടാമനായിരുന്ന എൽക്കാനയെയും കൊന്നുകളഞ്ഞു.
  • 8 യിസ്രായേല്യർ തങ്ങളുടെ സഹോദരജനത്തിൽ സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം പേരെ പിടിച്ചു കൊണ്ടുപോയി, വളരെ കൊള്ളയിട്ടു കൊള്ളയും ശമർയ്യയിലേക്കു കൊണ്ടുപോയി.
  • 9 എന്നാൽ ഓദേദ് എന്ന പേരോടെ യഹോവയുടെ ഒരു പ്രവാചകൻ അവിടെ ഉണ്ടായിരുന്നു; അവൻ ശമർയ്യയിലേക്കു വന്ന സൈന്യത്തെ എതിരേറ്റു ചെന്നു അവരോടു പറഞ്ഞതു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദയോടു കോപിച്ചിരിക്കകൊണ്ടു അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു; നിങ്ങൾ അവരെ ആകാശപര്യന്തം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു.
  • 10 ഇപ്പോഴോ നിങ്ങൾ യെഹൂദ്യരെയും യെരൂശലേമ്യരെയും ദാസീദാസന്മാരായി കീഴടക്കുവാൻ ഭാവിക്കുന്നു; നിങ്ങളുടെ പക്കലും നിങ്ങളുടെ ദൈവമായ യഹോവയോടുള്ള അകൃത്യങ്ങൾ ഇല്ലയോ?
  • 11 ആകയാൽ ഞാൻ പറയുന്നതു കേൾപ്പിൻ; നിങ്ങളുടെ സഹോദരന്മാരിൽനിന്നു നിങ്ങൾ പിടിച്ചു കൊണ്ടുവന്ന ബദ്ധന്മാരെ വിട്ടയപ്പിൻ; അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിക്കും.
  • 12 അപ്പോൾ യോഹാനാന്റെ മകൻ അസർയ്യാവു, മെശില്ലേമോത്തിന്റെ മകൻ ബേരെഖ്യാവു, ശല്ലൂമിന്റെ മകൻ യെഹിസ്കീയാവു, ഹദ്ളായിയുടെ മകൻ അമാസാ എന്നിങ്ങനെ എഫ്രയീമ്യതലവന്മാരിൽ ചിലർ യുദ്ധത്തിൽനിന്നു വന്നവരോടു എതിർത്തുനിന്നു അവരോടു:
  • 13 നിങ്ങൾ ബദ്ധന്മാരെ ഇവിടെ കൊണ്ടുവരരുതു; നാം തന്നേ യഹോവയോടു അകൃത്യം ചെയ്തിരിക്കെ നമ്മുടെ പാപങ്ങളോടും അകൃത്യത്തോടും ഇനിയും കൂട്ടുവാൻ നിങ്ങൾ ഭാവിക്കുന്നു; നമുക്കു വലിയൊരു അകൃത്യം ഉണ്ടു; ഉഗ്രകോപം യിസ്രായേലിന്മേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
  • 14 അപ്പോൾ പ്രഭുക്കന്മാരും സർവ്വസഭയും കാൺകെ ആയുധപാണികൾ ബദ്ധന്മാരെയും കൊള്ളയെയും വിട്ടയച്ചു.
  • 15 പേർ ചൊല്ലി വിളിക്കപ്പെട്ട ആളുകൾ എഴുന്നേറ്റു ബദ്ധന്മാരെ കൂട്ടി അവരിൽ നഗ്നന്മാരായവരെ ഒക്കെയും കൊള്ളയിലെ വസ്ത്രം ധരിപ്പിച്ചു; അവരെ ഉടുപ്പിച്ചു ചെരിപ്പും ഇടുവിച്ചശേഷം അവർക്കു തിന്മാനും കുടിപ്പാനും കൊടുത്തു എണ്ണയും തേപ്പിച്ചു ക്ഷീണിച്ചുപോയവരെ ഒക്കെയും കഴുതപ്പുറത്തു കയറ്റി, ഈന്തപ്പട്ടണമായ യെരീഹോവിൽ അവരുടെ സഹോദരന്മാരുടെ അടുക്കൽ കൊണ്ടുചെന്നാക്കി ശമർയ്യെക്കു മടങ്ങിപ്പോയി.
  • 16 ആ കാലത്തു ആഹാസ്‌രാജാവു തന്നെ സഹായിക്കേണ്ടതിന്നു അശ്ശൂർരാജാക്കന്മാരുടെ അടുക്കൽ ആളയച്ചു.
  • 17 എദോമ്യർ പിന്നെയും വന്നു യെഹൂദ്യരെ തോല്പിക്കയും ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോകയും ചെയ്തു.
  • 18 ഫെലിസ്ത്യരും താഴ്വീതിയിലും യെഹൂദയുടെ തെക്കും ഉള്ള പട്ടണങ്ങളെ ആക്രമിച്ചു ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോടു ചേർന്ന ഗ്രാമങ്ങളും തിമ്നയും അതിനോടു ചേർന്ന ഗ്രാമങ്ങളും ഗിംസോവും അതിനോടു ചേർന്ന ഗ്രാമങ്ങളും പിടിച്ചു അവിടെ പാർത്തു.
  • 19 യിസ്രായേൽരാജാവായ ആഹാസ് യെഹൂദയിൽ നിർമ്മർയ്യാദം കാണിച്ചു യഹോവയോടു മഹാദ്രോഹം ചെയ്തതുകൊണ്ടു അവന്റെ നിമിത്തം യഹോവ യെഹൂദയെ താഴ്ത്തി.
  • 20 അശ്ശൂർരാജാവായ തിൽഗത്ത്-പിൽനേസെർ അവന്റെ അടുക്കൽ വന്നിട്ടു അവനെ ബലപ്പെടുത്താതെ ഞെരുക്കിയതേയുള്ളു.
  • 21 ആഹാസ് യെഹോവയുടെ ആലയത്തിൽനിന്നും രാജധാനിയിൽനിന്നും പ്രഭുക്കന്മാരുടെ പക്കൽനിന്നും കവർന്നെടുത്തു അശ്ശൂർരാജാവിന്നു കൊടുത്തു; എങ്കിലും ഇതിനാൽ അവന്നു സഹായം ഉണ്ടായില്ല.
  • 22 ആഹാസ്‌രാജാവ് തന്റെ കഷ്ടകാലത്തുകൂടെയും യഹോവയോടു അധികം ദ്രോഹം ചെയ്തു.
  • 23 എങ്ങനെയെന്നാൽ: അരാം രാജാക്കന്മാരുടെ ദേവന്മാർ അവരെ സഹായിച്ചതുകൊണ്ടു അവർ എന്നെയും സഹായിക്കേണ്ടതിന്നു ഞാൻ അവർക്കു ബലികഴിക്കും എന്നു പറഞ്ഞു അവൻ തന്നെ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാർക്കു ബലികഴിച്ചു; എന്നാൽ അവ അവന്നും എല്ലായിസ്രായേലിന്നും നാശകാരണമായി ഭവിച്ചു.
  • 24 ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെ എടുത്തു ദൈവാലയത്തിലെ ഉപകരണങ്ങളെ ഉടെച്ചു, യഹോവയുടെ ആലയത്തിന്റെ വാതിലുകൾ അടെച്ചുകളഞ്ഞു യെരൂശലേമിന്റെ ഓരോ മൂലയിലും ബലിപീഠങ്ങൾ ഉണ്ടാക്കി.
  • 25 അന്യദേവന്മാർക്കു ധൂപം കാട്ടുവാൻ അവൻ യെഹൂദയിലെ ഓരോ പട്ടണത്തിലും പൂജാഗിരികൾ ഉണ്ടാക്കി തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
  • 26 അവന്റെ മറ്റുള്ളവൃത്താന്തങ്ങളും സകലപ്രവൃത്തികളും ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.
  • 27 ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ യെരൂശലേംനഗരത്തിൽ അടക്കംചെയ്തു. യിസ്രായേൽരാജാക്കന്മാരുടെ കല്ലറകളിൽ കൊണ്ടുവന്നില്ലതാനും; അവന്റെ മകനായ യെഹിസ്കീയാവു അവന്നു പകരം രാജാവായി.