wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


രാജാക്കന്മാർ 2അദ്ധ്യായം 2
  • 1 യഹോവ ഏലീയാവെ ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു എടുത്തുകൊൾവാൻ ഭാവിച്ചിരിക്കുമ്പോൾ ഏലീയാവു എലീശയോടു കൂടെ ഗിൽഗാലിൽനിന്നു പുറപ്പെട്ടു.
  • 2 ഏലീയാവു എലീശയോടു: നീ ഇവിടെ താമസിച്ചു കൊൾക: യഹോവ എന്നെ ബേഥേലിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. എലീശാ അവനോടു: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ബേഥേലിലേക്കു പോയി.
  • 3 ബേഥേലിലെ പ്രവാചകശിഷ്യന്മാർ എലീശയുടെ അടുക്കൽ പുറത്തുവന്നു അവനോടു: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കൽനിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ: അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.
  • 4 ഏലീയാവു അവനോടു: എലീശയേ, നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യെരീഹോവിലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ യെരീഹോവിലേക്കു പോയി.
  • 5 യെരീഹോവിലെ പ്രവാചകശിഷ്യന്മാർ എലീശയുടെ അടുക്കൽ വന്നു അവനോടു: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കൽനിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന്നു അവൻ: അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.
  • 6 ഏലീയാവു അവനോടു: നീ ഇവിടെ താമസിച്ചുകൊൾക; യഹോവ എന്നെ യോർദ്ദാങ്കലേക്കു അയച്ചിരിക്കുന്നു എന്നു പറഞ്ഞു; അതിന്നു അവൻ യഹോവയാണ, നിന്റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവർ ഇരുവരുംകൂടെ പോയി.
  • 7 പ്രവാചകശിഷ്യന്മാരിൽ അമ്പതുപേർ ചെന്നു അവർക്കെതിരെ ദൂരത്തു നിന്നു; അവർ ഇരുവരും യോർദ്ദാന്നരികെ നിന്നു.
  • 8 അപ്പോൾ ഏലീയാവു തന്റെ പുതപ്പു എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവർ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെക്കു കടന്നു.
  • 9 അവർ അക്കരെ കടന്നശേഷം ഏലീയാവു എലീശയോടു: ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുംമുമ്പെ ഞാൻ നിനക്കു എന്തു ചെയ്തു തരേണം? ചോദിച്ചുകൊൾക എന്നു പറഞ്ഞു. അതിന്നു എലീശാ: നിന്റെ ആത്മാവിൽ ഇരട്ടി പങ്കു എന്റെമേൽ വരുമാറാകട്ടെ എന്നു പറഞ്ഞു.
  • 10 അതിന്നു അവൻ: നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചതു; ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിനക്കു അങ്ങനെ ഉണ്ടാകും; അല്ലെന്നുവരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു.
  • 11 അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്കു കയറി.
  • 12 എലീശാ അതു കണ്ടിട്ടു: എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോൾ അവൻ തന്റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു.
  • 13 പിന്നെ അവൻ ഏലീയാവിന്മേൽനിന്നു വീണ പുതപ്പു എടുത്തു മടങ്ങിച്ചെന്നു യോർദ്ദാന്നരികെ നിന്നു.
  • 14 ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ടു അവൻ വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവൻ വെള്ളത്തെ അടിച്ചപ്പോൾ അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു. എലീശാ ഇക്കരെക്കു കടന്നു.
  • 15 യെരീഹോവിൽ അവന്നെതിരെ നിന്നിരുന്നു പ്രവാചകശിഷ്യന്മാർ അവനെ കണ്ടിട്ടു: ഏലീയാവിന്റെ ആത്മാവു എലീശയുടെ മേൽ അധിവസിക്കുന്നു എന്നു പറഞ്ഞു അവനെ എതിരേറ്റുചെന്നു അവന്റെ മുമ്പിൽ സാഷ്ടാംഗം വീണു.
  • 16 അവർ അവനോടു: ഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികൾ ഉണ്ടു; അവർ ചെന്നു നിന്റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവു അവനെ എടുത്തു വല്ല മലയിലോ താഴ്വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന്നു അവൻ: നിങ്ങൾ അയക്കരുതു എന്നു പറഞ്ഞു.
  • 17 അവർ അവനെ അത്യന്തം നിർബ്ബന്ധിച്ചപ്പോൾ അവൻ: എന്നാൽ അയച്ചുകൊൾവിൻ എന്നു പറഞ്ഞു. അവർ അമ്പതുപേരെ അയച്ചു; അവർ മൂന്നുദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല.
  • 18 അവൻ യെരീഹോവിൽ പാർത്തിരുന്നതുകൊണ്ടു അവർ അവന്റെ അടുക്കൽ മടങ്ങിവന്നു; അവൻ അവരോടു: പോകരുതു എന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
  • 19 അനന്തരം ആ പട്ടണക്കാർ എലീശയോടു: ഈ പട്ടണത്തിന്റെ ഇരിപ്പു മനോഹരമായതെന്നു യജമാനൻ കാണുന്നുവല്ലോ; എന്നാൽ വെള്ളം ചീത്തയും ദേശം ഗർഭനാശകവും ആകുന്നു എന്നു പറഞ്ഞു.
  • 20 അതിന്നു അവൻ: ഒരു പുതിയ തളിക കൊണ്ടുവന്നു അതിൽ ഉപ്പു ഇടുവിൻ എന്നു പറഞ്ഞു. അവർ അതു അവന്റെ അടുക്കൽ കൊണ്ടുവന്നു.
  • 21 അവൻ നീരുറവിന്റെ അടുക്കൽ ചെന്നു അതിൽ ഉപ്പു ഇട്ടു. ഞാൻ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഗർഭനാശവും ഉണ്ടാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
  • 22 എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നേ ഇരിക്കുന്നു.
  • 23 പിന്നെ അവൻ അവിടെനിന്നു ബേഥേലിലേക്കു പോയി; അവൻ വഴിയിൽ നടക്കുമ്പോൾ ബാലന്മാർ പട്ടണത്തിൽനിന്നു പുറപ്പെട്ടു വന്നു അവനെ പരിഹസിച്ചു അവനോടു: മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ; എന്നു പറഞ്ഞു.
  • 24 അവൻ പിന്നോക്കം തിരിഞ്ഞു അവനെ നോക്കി യഹോവനാമത്തിൽ അവരെ ശപിച്ചു; അപ്പോൾ കാട്ടിൽനിന്നു രണ്ടു പെൺകരടി ഇറങ്ങിവന്നു അവരിൽ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.
  • 25 അവൻ അവിടംവിട്ടു കർമ്മേൽപർവ്വതത്തിലേക്കു പോയി; അവിടെനിന്നു ശമർയ്യയിലേക്കു മടങ്ങിപ്പോന്നു.