wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


രാജാക്കന്മാർ 2അദ്ധ്യായം 20
  • 1 ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്നു അവനോടു: നിന്റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക; നീ മരിച്ചുപോകും, ശേഷിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
  • 2 അപ്പോൾ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു:
  • 3 അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ എന്നു പറഞ്ഞു. ഹിസ്കീയാവു ഏറ്റവും കരഞ്ഞു.
  • 4 എന്നാൽ യെശയ്യാവു നടുമുറ്റം വിട്ടു പോകുംമുമ്പെ അവന്നു യഹോവയുടെ അരുപ്പാടു ഉണ്ടായതെന്തെന്നാൽ:
  • 5 നീ മടങ്ങിച്ചെന്നു എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവോടു പറയേണ്ടതു: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൌഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തിൽ പോകും.
  • 6 ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും; ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കയ്യിൽ നിന്നു വിടുവിക്കും. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഈ നഗരം ഞാൻ കാത്തു രക്ഷിക്കും.
  • 7 പിന്നെ യെശയ്യാവു ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അവർ അതു കൊണ്ടുവന്നു പരുവിന്മേൽ ഇട്ടു അവന്നു സൌഖ്യമായി.
  • 8 ഹിസ്കീയാവു യെശയ്യാവോടു: യഹോവ എന്നെ സൌഖ്യമാക്കുകയും ഞാൻ മൂന്നാം ദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന്നു അടയാളം എന്തു എന്നു ചോദിച്ചു.
  • 9 അതിന്നു യെശയ്യാവു: യഹോവ അരുളിച്ചെയ്ത കാര്യം നിവർത്തിക്കുമെന്നുള്ളതിന്നു യഹോവയിങ്കൽനിന്നു ഇതു നിനക്കു അടയാളം ആകും: നിഴൽ പത്തു പടി മുമ്പോട പോകേണമോ? പത്തു പടി പിന്നോക്കം തിരിയേണമോ എന്നു ചോദിച്ചു.
  • 10 അതിന്നു ഹിസ്കീയാവു: നിഴൽ പത്തു പടി ഇറങ്ങിപ്പോകുന്നതു എളുപ്പം ആകുന്നു; അങ്ങനെയല്ല, നിഴൽ പത്തുപടി പിന്നോക്കം തിരിയട്ടെ എന്നു പറഞ്ഞു.
  • 11 അപ്പോൾ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു; അവൻ ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി.
  • 12 ആ കാലത്തു ബലദാന്റെ മകനായ ബെരോദാക്-ബലദാൻ എന്ന ബാബേൽരാജാവു ഹിസ്കീയാവു ദീനമായ്ക്കിടന്നിരുന്നു എന്നു കേട്ടിട്ടു ഹിസ്കീയാവിന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു.
  • 13 ഹിസ്കീയാവു അവരുടെ വാക്കു കേട്ടു തന്റെ ഭണ്ഡാരഗൃഹം മുഴുവനും പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും തന്റെ ആയുധശാലയും തന്റെ ഭണ്ഡാരങ്ങളിൽ ഉള്ളതൊക്കെയും അവരെ കാണിച്ചു. രാജധാനിയിലും തന്റെ ആധിപത്യത്തിലും ഹിസ്കീയാവു അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.
  • 14 എന്നാൽ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്നു അവനോടു: ഈ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെ നിന്നു നിന്റെ അടുക്കൽ വന്നു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: അവർ ദൂരദേശത്തുനിന്നു, ബാബേലിൽനിന്നു വന്നു എന്നു പറഞ്ഞു.
  • 15 അവർ രാജധാനയിൽ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: രാജധാനിയിലുള്ളതൊക്കെയും അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവർക്കു കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നു പറഞ്ഞു.
  • 16 യെശയ്യാവു ഹിസ്കീയാവോടു പറഞ്ഞതു: യഹോവയുടെ വചനം കേൾക്ക:
  • 17 രാജധാനിയിലുള്ളതൊക്കെയും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവെച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്കു എടുത്തുകൊണ്ടു പോകുന്ന കാലം വരുന്നു.
  • 18 നീ ജനിപ്പിച്ചവരായി നിന്നിൽനിന്നുത്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
  • 19 അതിന്നു ഹിസ്കീയാവു യെശയ്യാവോടു: നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലതു എന്നു പറഞ്ഞു; എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവൻ പറഞ്ഞു.
  • 20 ഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകല പരാക്രമപ്രവൃത്തികളും അവൻ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിന്നകത്തു വരുത്തിയതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
  • 21 ഹിസ്കീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ മനശ്ശെ അവന്നു പകരം രാജാവായി.