wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


രാജാക്കന്മാർ 2അദ്ധ്യായം 24
  • 1 അവന്റെ കാലത്തു ബാബേൽരാജാവായ നെബൂഖദ് നേസർ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്നു സംവത്സരം അവന്നു ആശ്രിതനായി ഇരുന്നു; അതിന്റെ ശേഷം അവൻ തിരിഞ്ഞു അവനോടു മത്സരിച്ചു. അപ്പോൾ യഹോവ കൽദയരുടെ പടക്കൂട്ടങ്ങളെയും അരാമ്യർ, മോവാബ്യർ, അമ്മോന്യർ എന്നിവരുടെ പടക്കൂട്ടങ്ങളെയും അവന്റെ നേരെ അയച്ചു;
  • 2 പ്രവാചകന്മാരായ തന്റെ ദാസന്മാർമുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവൻ അവരെ യെഹൂദയെ നശിപ്പിക്കത്തക്കവണ്ണം അതിന്റെ നേരെ അയച്ചു.
  • 3 മനശ്ശെ ചെയ്ത സകലപാപങ്ങളും നിമിത്തം യെഹൂദയെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളവാൻ ഇതു യഹോവയുടെ കല്പനപ്രകാരം തന്നേ അവർക്കു ഭവിച്ചു.
  • 4 അവൻ കുറ്റമില്ലാത്ത രക്തം ചൊരിയിച്ചു യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറെച്ചതും ക്ഷമിപ്പാൻ യഹോവെക്കു മനസ്സായില്ല.
  • 5 യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
  • 6 യെഹോയാക്കീം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ യെഹോയാഖീൻ അവന്നു പകരം രാജാവായി.
  • 7 മിസ്രയീംരാജാവിന്നു മിസ്രയീംതോടുമുതൽ ഫ്രാത്ത് നദിവരെ ഉണ്ടായിരുന്നതൊക്കെയും ബാബേൽരാജാവു പിടിച്ചതുകൊണ്ടു മിസ്രയീംരാജാവു പിന്നെ തന്റെ ദേശത്തുനിന്നു പുറപ്പെട്ടുവന്നില്ല.
  • 8 യെഹോയാഖീൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പതിനെട്ടു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ മൂന്നുമാസം വാണു. അവന്റെ അമ്മെക്കു നെഹുഷ്ഠാ എന്നു പേർ; അവൾ യെരൂശലേമ്യനായ എൽനാഥാന്റെ മകൾ ആയിരുന്നു.
  • 9 അവൻ തന്റെ അപ്പൻ ചെയ്തതുപോലെ ഒക്കെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
  • 10 ആ കാലത്തു ബാബേൽരാജാവായ നെബൂഖദ് നേസരിന്റെ ഭൃത്യന്മാർ യെരൂശലേമിന്റെ നേരെ വന്നു നഗരത്തെ നിരോധിച്ചു.
  • 11 ഇങ്ങനെ ഭൃത്യന്മാർ നിരോധിച്ചിരിക്കുമ്പോൾ ബാബേൽ രാജാവായ നെബൂഖദ് നേസരും നഗരത്തിന്റെ നേരെ വന്നു.
  • 12 യെഹൂദാരാജാവായ യെഹോയാഖീനും അവന്റെ അമ്മയും അവന്റെ ഭൃത്യന്മാരും പ്രഭുക്കന്മാരും ഷണ്ഡന്മാരും ബാബേൽരാജാവിന്റെ അടുക്കലേക്കു പുറത്തു ചെന്നു; ബാബേൽരാജാവു തന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ അവനെ പിടിച്ചു.
  • 13 അവൻ യഹോവയുടെ ആലയത്തിലെ സകലനിക്ഷേപങ്ങളും രാജധാനിയിലെ നിക്ഷേപങ്ങളും അവിടെനിന്നു എടുത്തു കൊണ്ടു പോയി; യിസ്രായേൽരാജാവായ ശലോമോൻ യഹോവയുടെ മന്ദിരത്തിൽ ഉണ്ടാക്കിവെച്ചിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണങ്ങളൊക്കെയും യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഖണ്ഡിച്ചുകളഞ്ഞു.
  • 14 എല്ലാ യെരൂശലേമ്യരെയും സകലപ്രഭുക്കന്മാരും സകല പരാക്രമശാലികളും ആയി പതിനായിരം പേരെയും എല്ലാ ആശാരിമാരെയും കൊല്ലന്മാരെയും അവൻ ബദ്ധരാക്കി കൊണ്ടുപോയി; ദേശത്തു എളിയജനം മാത്രമല്ലാതെ ആരും ശേഷിച്ചിരുന്നില്ല.
  • 15 യെഹോയാഖീനെ അവൻ ബാബേലിലേക്കു കൊണ്ടുപോയി; രാജമാതാവിനെയും രാജഭാര്യമാരെയും അവന്റെ ഷണ്ഡന്മാരെയും ദേശത്തിലെ പ്രധാനികളെയും അവൻ ബദ്ധരാക്കി യെരൂശലേമിൽനിന്നു ബാബേലിലേക്കു കൊണ്ടുപോയി.
  • 16 സകല ബലവാന്മാരുമായ ഏഴായിരംപേരെയും ആശാരിമാരും കൊല്ലന്മാരുമായ ആയിരം പേരെയും ഇങ്ങനെ യുദ്ധപ്രാപ്തന്മാരായ സകല വീരന്മാരെയും ബാബേൽരാജാവു ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
  • 17 അവന്നു പകരം ബാബേൽരാജാവു അവന്റെ ചിറ്റപ്പനായ മത്ഥന്യാവെ രാജാവാക്കി; അവന്നു സിദെക്കീയാവു എന്നു പേർ മാറ്റിയിട്ടു.
  • 18 സിദെക്കീയാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു ഹമൂതൽ എന്നു പേർ; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.
  • 19 യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
  • 20 യഹോവയുടെ കോപം ഹേതുവായി യെരൂശലേമിന്നും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവൻ ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്നു തള്ളിക്കളഞ്ഞു; എന്നാൽ സിദെക്കീയാവും ബാബേൽരാജാവിനോടു മത്സരിച്ചു.