wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ശമൂവേൽ [del]2അദ്ധ്യായം 4
  • 1 അബ്നേർ ഹെബ്രോനിൽവെച്ചു മരിച്ചു പോയതു ശൌലിന്റെ മകൻ കേട്ടപ്പോൾ അവന്റെ ധൈര്യം ക്ഷയിച്ചു യിസ്രായേല്യരൊക്കെയും ഭ്രമിച്ചുപോയി.
  • 2 എന്നാൽ ശൌലിന്റെ മകന്നു പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തന്നു ബാനാ എന്നും മറ്റവന്നു രേഖാബ് എന്നും പേർ. അവൻ ബെന്യാമീന്യരിൽ ബെരോത്യനായ രിമ്മോന്റെ പുത്രന്മാർ ആയിരുന്നു; ബെരോത്ത് ബെന്യാമീനിൽ ഉൾപ്പെട്ടതായി വിചാരിച്ചുവരുന്നു.
  • 3 ബെരോത്യർ ഗിത്ഥയീമിലേക്കു ഓടിപ്പോയി, ഇന്നുവരെയും അവിടെ പരദേശികളായി പാർക്കുന്നു.
  • 4 ശൌലിന്റെ മകനായ യോനാഥാന്നു രണ്ടു കാലും മുടന്തായിട്ടു ഒരു മകൻ ഉണ്ടായിരുന്നു; യിസ്രെയേലിൽനിന്നു ശൌലിന്റെയും യോനാഥാന്റെയും വർത്തമാനം എത്തിയ സമയം അവന്നു അഞ്ചു വയസ്സായിരുന്നു. അപ്പോൾ അവന്റെ ധാത്രി അവനെ എടുത്തുകൊണ്ടു ഓടി; അവൾ ബദ്ധപ്പെട്ടു ഓടുമ്പോൾ അവൻ വീണു മുടന്തനായിപ്പോയി. അവന്നു മെഫീബോശെത്ത് എന്നു പേർ.
  • 5 ബെരോത്യർ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനയും വെയിൽ മൂത്തപ്പോഴേക്കു ഈശ്-ബോശെത്തിന്റെ വീട്ടിൽ ചെന്നെത്തി; അവൻ ഉച്ചസമയത്തു ആശ്വസിച്ചു കിടക്കുകയായിരുന്നു.
  • 6 അവർ കോതമ്പു എടുപ്പാൻ വരുന്ന ഭാവത്തിൽ വീട്ടിന്റെ നടുവിൽ കടന്നു അവനെ വയറ്റത്തു കുത്തി; രേഖാബും സഹോദരനായ ബാനയും ഓടിപ്പോയ്ക്കളഞ്ഞു.
  • 7 അവർ അകത്തു കടന്നപ്പോൾ അവൻ ശയനഗൃഹത്തിൽ കട്ടിലിന്മേൽ കിടക്കുകയായിരുന്നു: ഇങ്ങനെ അവർ അവനെ കുത്തിക്കൊന്നു തല വെട്ടിക്കളഞ്ഞു തലയും എടുത്തു രാത്രി മുഴുവനും അരാബയിൽകൂടി നടന്നു
  • 8 ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഈശ്-ബോശെത്തിന്റെ തല കൊണ്ടുവന്നു രാജാവിനോടു: നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കിയ നിന്റെ ശത്രുവായ ശൌലിന്റെ മകൻ ഈശ്-ബോശെത്തിന്റെ തല ഇതാ; ഇന്നു യജമാനനായ രാജാവിന്നു വേണ്ടി ശൌലിനോടും അവന്റെ സന്തതിയോടും യഹോവ പ്രതികാരം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
  • 9 എന്നാറെ ദാവീദ് ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബിനോടും അവന്റെ സഹോദരൻ ബാനയോടും ഉത്തരം പറഞ്ഞതു: എന്റെ പ്രാണനെ സകല ആപത്തിൽനിന്നും വീണ്ടെടുത്ത യഹോവയാണ,
  • 10 ശൌൽ മരിച്ചുപോയി എന്നു ഒരുത്തൻ എന്നെ അറിയിച്ചു താൻ ശുഭവർത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോൾ ഞാൻ അവനെ പിടിച്ചു സിക്ളാഗിൽവെച്ചു കൊന്നു. ഇതായിരുന്നു ഞാൻ അവന്റെ വർത്തമാനത്തിന്നുവേണ്ടി അവന്നു കൊടുത്ത പ്രതിഫലം.
  • 11 എന്നാൽ ദുഷ്ടന്മാർ ഒരു നീതിമാനെ അവന്റെ വീട്ടിൽ മെത്തയിൽവെച്ചു കുലചെയ്താൽ എത്ര അധികം? ഞാൻ അവന്റെ രക്തം നിങ്ങളോടു ചോദിച്ചു നിങ്ങളെ ഭൂമിയിൽനിന്നു ഛേദിച്ചുകളയാതിരിക്കുമോ?
  • 12 പിന്നെ ദാവീദ് തന്റെ ബാല്യക്കാർക്കു കല്പനകൊടുത്തു; അവർ അവരെ കൊന്നു അവരുടെ കൈകാലുകൾ വെട്ടി അവരെ ഹെബ്രോനിലെ കുളത്തിന്നരികെ തൂക്കിക്കളഞ്ഞു. ഈശ്-ബോശെത്തിന്റെ തല അവർ എടുത്തു ഹെബ്രോനിൽ അബ്നേരിന്റെ ശവക്കുഴിയിൽ അടക്കംചെയ്തു.