wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ശമൂവേൽ [del]2അദ്ധ്യായം 6
  • 1 അനന്തരം ദാവീദ് യിസ്രായേലിൽനിന്നു സകലവിരുതന്മാരുമായി മുപ്പതിനായിരം പേരെ കൂട്ടിവരുത്തി
  • 2 കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ പെട്ടകം ബാലേ-യെഹൂദയിൽനിന്നു കൊണ്ടുവരേണ്ടതിന്നു ദാവീദും കൂടെയുള്ള സകലജനവും അവിടേക്കു പുറപ്പെട്ടു പോയി.
  • 3 അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽ നിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയവണ്ടി തെളിച്ചു.
  • 4 കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്നു അവർ അതിനെ ദൈവത്തിന്റെ പെട്ടകവുമായി കൊണ്ടു പോരുമ്പോൾ അഹ്യോ പെട്ടകത്തിന്നു മുമ്പായി നടന്നു.
  • 5 ദാവീദും യിസ്രായേൽഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധവാദിത്രങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.
  • 6 അവർ നാഖോന്റെ കളത്തിങ്കൽ എത്തിയപ്പോൾ കാള വിരണ്ടതുകൊണ്ടു ഉസ്സാ കൈ നീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു.
  • 7 അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവെച്ചു അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കൽവെച്ചു മരിച്ചു.
  • 8 യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായി അവൻ ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേർ വിളിച്ചു. അതു ഇന്നുവരെയും പറഞ്ഞുവരുന്നു.
  • 9 അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. യഹോവയുടെ പെട്ടകം എന്റെ അടുക്കൽ എങ്ങനെ കൊണ്ടുവരേണ്ടു എന്നു അവൻ പറഞ്ഞു.
  • 10 ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ തന്റെ അടുക്കൽ വരുത്തുവാൻ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ കൊണ്ടുപോയി വെച്ചു.
  • 11 യഹോവയുടെ പെട്ടകം ഗിത്യനായ ഓബേദ്-എദോമിന്റെ വീട്ടിൽ മൂന്നുമാസം ഇരുന്നു; യഹോവ ഓബേദ്-എദോമിനെയും അവന്റെ കുടുംബത്തെ ഒക്കെയും അനുഗ്രഹിച്ചു.
  • 12 ദൈവത്തിന്റെ പെട്ടകം നിമിത്തം യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു എന്നു ദാവീദ്‌രാജാവിന്നു അറിവു കിട്ടിയപ്പോൾ ദാവീദ് പുറപ്പെട്ടു ദൈവത്തിന്റെ പെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽ നിന്നു ദാവീദിന്റെ നഗരത്തിലേക്കു സന്തോഷത്തോടെ കൊണ്ടുവന്നു.
  • 13 യഹോവയുടെ പെട്ടകം ചുമന്നവർ ആറു ചുവടു നടന്നശേഷം അവൻ ഒരു കാളയെയും തടിപ്പിച്ച കിടാവിനെയും യാഗംകഴിച്ചു.
  • 14 ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ടു പൂർണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.
  • 15 അങ്ങനെ ദാവീദും യിസ്രായേൽ ഗൃഹമൊക്കെയും ആർപ്പോടും കാഹളനാദത്തോടുംകൂടെ യാഹോവയുടെ പെട്ടകം കൊണ്ടുവന്നു.
  • 16 എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൌലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ്‌രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.
  • 17 അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്റെ നടുവിൽ അതിന്റെ സ്ഥാനത്തുവെച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
  • 18 ദാവീദ്, ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു തീർന്നശേഷം അവൻ ജനത്തെ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.
  • 19 പിന്നെ അവൻ യിസ്രായേലിന്റെ സർവ്വസംഘവുമായ സകലജനത്തിലും പുരുഷന്മാർക്കും സ്ത്രീകൾക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, ജനമൊക്കെയും താന്താന്റെ വീട്ടിലേക്കു പോയി.
  • 20 അനന്തരം ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിന്നു മടങ്ങിവന്നപ്പോൾ ശൌലിന്റെ മകളായ മീഖൾ ദാവീദിനെ എതിരേറ്റു ചെന്നു: നിസ്സാരന്മാരിൽ ഒരുത്തൻ തന്നെത്താൻ അനാവൃതനാക്കുന്നതുപോലെ ഇന്നു തന്റെ ദാസന്മാരുടെ ദാസികൾ കാൺകെ തന്നെത്താൻ അനാവൃതനാക്കിയ യിസ്രായേൽ രാജാവു ഇന്നു എത്ര മഹത്വമുള്ളവൻ എന്നു പറഞ്ഞു.
  • 21 ദാവീദ് മീഖളിനോടു: യഹോവയുടെ ജനമായ യിസ്രായേലിന്നു പ്രഭുവായിനിയമിപ്പാൻ തക്കവണ്ണം നിന്റെ അപ്പനിലും അവന്റെ സകലഗൃഹത്തിലും ഉപരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ, അതേ, യഹോവയുടെ മുമ്പാകെ ഞാൻ നൃത്തം ചെയ്യും.
  • 22 ഞാൻ ഇനിയും ഇതിലധികം ഹീനനും എന്റെ കാഴ്ചെക്കു എളിയവനും ആയിരിക്കും; നീ പറഞ്ഞ ദാസികളാലോ എനിക്കു മഹത്വമുണ്ടാകും എന്നു പറഞ്ഞു.
  • 23 എന്നാൽ ശൌലിന്റെ മകളായ മീഖളിന്നു ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടായില്ല.