wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ശമൂവേൽ [del]2അദ്ധ്യായം 8
  • 1 അനന്തരം ദാവീദ് ഫെലിസ്ത്യരെ ജയിച്ചടക്കി, മൂലസ്ഥാനത്തിന്റെ ഭരണം ഫെലിസ്ത്യരുടെ കയ്യിൽനിന്നു കരസ്ഥമാക്കി.
  • 2 അവൻ മോവാബ്യരെയും തോല്പിച്ചു അവരെ നിലത്തു കിടത്തി ചരടുകൊണ്ടു അളന്നു; കൊല്ലുവാൻ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാൻ ഒരു ചരടുമായി അവൻ അളന്നു. അങ്ങനെ മോവാബ്യർ ദാവീദിന്നു ദാസന്മാരായി കപ്പം കൊടുത്തുവന്നു.
  • 3 രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെർ നദീതീരത്തുള്ള തന്റെ ആധിപത്യം യഥാസ്ഥാനപ്പെടുത്തുവാൻ പോയപ്പോൾ ദാവീദ് അവനെ തോല്പിച്ചു.
  • 4 അവന്റെ വക ആയിരത്തെഴുനൂറു കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; രഥകൂതിരകളിൽ നൂറു മാത്രംവെച്ചുംകൊണ്ടു ശേഷം കുതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.
  • 5 സോബരാജാവായ ഹദദേസെരിനെ സഹായിപ്പാൻ ദമ്മേശെക്കിനോടു ചേർന്ന അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപത്തീരായിരംപേരെ സംഹരിച്ചു.
  • 6 പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേർന്ന അരാമിൽ കാവല്പട്ടാളങ്ങളെ പാർപ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായിത്തീർന്നു കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
  • 7 ഹദദേസെരിന്റെ ഭൃത്യന്മാർക്കു ഉണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.
  • 8 ഹദദേസെരിന്റെ പട്ടണങ്ങളായ ബേതഹിൽനിന്നും ബെരോതായിൽനിന്നും ദാവീദ്‍രാജാവു അനവധി താമ്രവും കൊണ്ടുവന്നു.
  • 9 ദാവീദ് ഹദദേസെരിന്റെ സർവ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്‌രാജാവായ തോയി കേട്ടപ്പോൾ
  • 10 ദാവീദ്‍രാജാവിനോടു കുശലം ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകൻ യോരാമിനെ രാജാവിന്റെ അടുക്കൽ അയച്ചു; ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.
  • 11 ദാവീദ്‍രാജാവു ഇവയെ അരാമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിങ്ങനെ താൻ കീഴടക്കിയ സകല ജാതികളുടെയും പക്കൽനിന്നും
  • 12 രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെരിന്റെ കൊള്ളയിൽനിന്നും എടുത്തു വിശുദ്ധീകരിച്ച വെള്ളിയോടും പൊന്നിനോടും കൂടെ യഹോവെക്കു വിശുദ്ധീകരിച്ചു.
  • 13 പിന്നെ ദാവീദ് ഉപ്പുതാഴ്വരയിൽവെച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ തനിക്കു കീർത്തി സമ്പാദിച്ചു.
  • 14 അവൻ എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമിൽ എല്ലാടത്തും അവൻ കാവല്പട്ടാളങ്ങളെ പാർപ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീർന്നു; ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
  • 15 ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിനെയും വാണു; ദാവീദ് തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിക്കൊടുത്തു.
  • 16 സെരൂയയുടെ മകൻ യോവാബ് സേനാധിപതിയും അഹീലൂദിന്റെ മകൻ യെഹോശാഫാത് മന്ത്രിയും ആയിരുന്നു.
  • 17 അഹീതൂബിന്റെ മകൻ സാദോക്കും അബ്യാഥാരിന്റെ മകൻ അഹീമേലെക്കും പുരോഹിതന്മാരും സെരായാ രായസക്കാരനും ആയിരുന്നു.
  • 18 യഹോയാദയുടെ മകൻ ബെനായാവു ക്രേത്യർക്കും പ്ളേത്യർക്കും അധിപതി ആയിരുന്നു; ദാവീദിന്റെ പുത്രന്മാരോ പുരോഹിതന്മാരായിരുന്നു.