wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ശമൂവേൽ [del]2അദ്ധ്യായം 19
  • 1 രാജാവു അബ്ശാലോമിനെച്ചൊല്ലി ദുഃഖിച്ചുകരഞ്ഞുകൊണ്ടിരിക്കുന്നു എന്നു യോവാബ് കേട്ടു.
  • 2 എന്നാൽ രാജാവു തന്റെ മകനെക്കുറിച്ചു വ്യസനിച്ചിരിക്കുന്നു എന്നു ആ ദിവസം ജനം കേട്ടതുകൊണ്ടു അന്നത്തേ ജയം ജനത്തിന്നൊക്കെയും ദുഃഖമായ്തീർന്നു.
  • 3 ആകയാൽ യുദ്ധത്തിൽ തോറ്റിട്ടു നാണിച്ചു ഒളിച്ചുവരുംപോലെ ജനം അന്നു പട്ടണത്തിലേക്കു ഒളിച്ചുകടന്നു.
  • 4 രാജാവു മുഖം മൂടി: എന്റെ മകനേ, അബ്ശാലോമേ, അബ്ശാലോമേ, എന്റെ മകനേ! എന്നു ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.
  • 5 അപ്പോൾ യോവാബ് അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്നു പറഞ്ഞതു: ഇന്നു നിന്റെയും നിന്റെ പുത്രീപുത്രന്മാരുടെയും നിന്റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്റെ സകലഭൃത്യന്മാരെയും നീ ഇന്നു ലജ്ജിപ്പിച്ചിരിക്കുന്നു; നിന്നെ പാകെക്കുന്നവരെ നീ സ്നേഹീക്കുന്നു; നിന്നെ സ്നേഹിക്കുന്നവരെ നീ പകെക്കുന്നു;
  • 6 പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്കു ഏതുമില്ല എന്നു നീ ഇന്നു കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കയും ഞങ്ങൾ എല്ലാവരും ഇന്നു മരിക്കയും ചെയ്തിരുന്നു എങ്കിൽ നിനക്കു നല്ല പ്രസാദമാകുമായിരുന്നു എന്നു എനിക്കു ഇന്നു മനസ്സിലായി.
  • 7 ആകയാൽ ഇപ്പോൾ എഴുന്നേറ്റു പുറത്തുവന്നു നിന്റെ ഭൃത്യന്മാരോടു സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാത്തപക്ഷം യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അതു നിന്റെ ബാല്യംമുതൽ ഇതുവരെ നിനക്കു ഭവിച്ചിട്ടുള്ള സകല അനർത്ഥത്തെക്കാളും വലിയ അനർത്ഥമായ്തീരും.
  • 8 അങ്ങനെ രാജാവു എഴുന്നേറ്റു പടിവാതിൽക്കൽ ഇരുന്നു. രാജാവു പടിവാതിൽക്കൽ ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവു കിട്ടി; സകലജനവും രാജാവിന്റെ മുമ്പിൽ വന്നു.
  • 9 യിസ്രായേല്യർ താന്താങ്ങളുടെ വീടുകളിലേക്കു ഓടിപ്പോയിരുന്നു. എല്ലായിസ്രായേൽ ഗോത്രങ്ങളിലുമുള്ള ജനം ഒക്കെയും തമ്മിൽ തർക്കിച്ചു: രാജാവു നമ്മെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിച്ചു; ഫെലിസ്ത്യരുടെ കയ്യിൽ നിന്നു നമ്മെ വിടുവിച്ചതും അവൻ തന്നേ. ഇപ്പോഴോ അബ്ശാലോംനിമിത്തം അവൻ നാടുവിട്ടു ഓടിപ്പോയിരിക്കുന്നു.
  • 10 നമുക്കു രാജാവായി നാം അഭിഷേകം ചെയ്തിരുന്ന അബ്ശാലോമോ പടയിൽ പട്ടുപോയി. ആകയാൽ രാജാവിനെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങൾ അനങ്ങാതിരിക്കുന്നതു എന്തു എന്നു പറഞ്ഞു.
  • 11 അനന്തരം ദാവീദ്‍രാജാവു പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കൽ ആളയച്ചു പറയിച്ചതെന്തെന്നാൽ: നിങ്ങൾ യെഹൂദാമൂപ്പന്മാരോടു പറയേണ്ടതു: രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങൾ പിമ്പന്മാരായി നില്ക്കുന്നതു എന്തു? രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ എല്ലായിസ്രായേലിന്റെയും സംസാരം അവന്റെ അടുക്കൽ എത്തിയിരിക്കുന്നു.
  • 12 നിങ്ങൾ എന്റെ സഹോദരന്മാർ; എന്റെ അസ്ഥിയും മാംസവും അല്ലോ. രാജാവിനെ മടക്കി വരുത്തുന്ന കാര്യത്തിൽ നിങ്ങൾ പിമ്പരായി നില്ക്കുന്നതു എന്തു?
  • 13 നിങ്ങൾ അമാസയോടു: നീ എന്റെ അസ്ഥിയും മാംസവും അല്ലോ? നീ യോവാബിന്നു പകരം എപ്പോഴും എന്റെ മുമ്പിൽ സേനാപതിയായിരിക്കുന്നില്ല എങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ എന്നു പറവിൻ.
  • 14 ഇങ്ങനെ അവൻ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകർഷിച്ചു. ആകയാൽ അവർ: നീയും നിന്റെ സകലഭൃത്യന്മാരും മടങ്ങിവരുവിൻ എന്നു രാജാവിന്റെ അടുക്കൽ പറഞ്ഞയച്ചു.
  • 15 അങ്ങനെ രാജാവു മടങ്ങി യോർദ്ദാങ്കൽ എത്തി. രാജാവിനെ എതിരേറ്റു യോർദ്ദാൻ കടത്തിക്കൊണ്ടുപോരേണ്ടതിന്നു യെഹൂദാപുരുഷന്മാർ ഗില്ഗാലിൽ ചെന്നു.
  • 16 ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയിയും യെഹൂദാപുരുഷന്മാരോടുകൂടെ ദാവീദ്‌രാജാവിനെ എതിരേല്പാൻ ബദ്ധപ്പെട്ടു ചെന്നു.
  • 17 അവനോടുകൂടെ ആയിരം ബെന്യാമീന്യരും ശൌലിന്റെ ഗൃഹവിചാരകനായ സീബയും അവന്റെ പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവർ രാജാവു കാൺകെ യോർദ്ദാൻ കടന്നു ചെന്നു.
  • 18 രാജാവിന്റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിന്നും അവന്റെ ഇഷ്ടംപോലെ ചെയ്യേണ്ടതിന്നും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോൾ ഗേരയുടെ മകനായ ശിമെയി യോർദ്ദാൻ കടപ്പാൻ പോകുന്ന രാജാവിന്റെ മുമ്പിൽ വീണു രാജാവിനോടു:
  • 19 എന്റെ യജമാനൻ എന്റെ കുറ്റം എനിക്കു കണക്കിടരുതേ; യജമാനനായ രാജാവു യെരൂശലേമിൽനിന്നു പുറപ്പെട്ട ദിവസം അടിയൻ ചെയ്ത ദോഷം രാജാവു മനസ്സിൽ വെക്കയും ഓർക്കയും അരുതേ.
  • 20 അടിയൻ പാപം ചെയ്തിരിക്കുന്നു എന്നു അറിയുന്നു; അതു കൊണ്ടു ഇതാ, യജമാനനായ രാജാവിനെ എതിരേൽക്കേണ്ടതിന്നു ഇറങ്ങി വരുവാൻ യോസേഫിന്റെ സകലഗൃഹത്തിലുംവെച്ചു അടിയൻ ഇന്നു മുമ്പനായി വന്നിരിക്കുന്നു എന്നു പറഞ്ഞു.
  • 21 എന്നാറെ സെരൂയയുടെ മകനായ അബീശായി: യഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതുനിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടയോ എന്നു ചോദിച്ചു.
  • 22 അതിന്നു ദാവീദ്: സെരൂയയുടെ പുത്രന്മാരേ, ഇന്നു നിങ്ങൾ എനിക്കു എതിരികളാകേണ്ടതിന്നു എനിക്കും നിങ്ങൾക്കും തമ്മിൽ എന്തു? ഇന്നു യിസ്രായേലിൽ ഒരുത്തനെ കൊല്ലാമോ? ഇന്നു ഞാൻ യിസ്രായേലിന്നു രാജാവെന്നു ഞാൻ അറിയുന്നില്ലയോ എന്നു പറഞ്ഞു.
  • 23 പിന്നെ ശിമെയിയോടു: നീ മരിക്കയില്ല എന്നു പറഞ്ഞു, രാജാവു അവനോടു സത്യവും ചെയ്തു.
  • 24 ശൌലിന്റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്പാൻ വന്നു; രാജാവു പോയ ദിവസം മുതൽ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവൻ തന്റെ കാലിന്നു രക്ഷചെയ്കയോ താടി ഒതുക്കുകയോ വസ്ത്രം അലക്കിക്കയോ ചെയ്തിരുന്നില്ല.
  • 25 എന്നാൽ അവൻ രാജാവിനെ എതിരേല്പാൻ യെരൂശലേമിൽ നിന്നു വന്നപ്പോൾ രാജാവു അവനോടു: മെഫീബോശെത്തേ, നീ എന്നോടുകൂടെ വരാതെയിരുന്നതു എന്തു എന്നു ചോദിച്ചു.
  • 26 അതിന്നു അവൻ ഉത്തരം പറഞ്ഞതു: യജമാനനായ രാജാവേ, എന്റെ ഭൃത്യൻ എന്നെ ചതിച്ചു; കഴുതപ്പുറത്തു കയറി, രാജാവിനോടുകൂടെ പോകേണ്ടതിന്നു കോപ്പിടേണമെന്നു അടിയൻ പറഞ്ഞു; അടിയൻ മുടന്തനല്ലോ.
  • 27 അവൻ യജമാനനായ രാജാവിനോടു അടിയനെക്കൊണ്ടു നുണയും പറഞ്ഞു; എങ്കിലും യജമാനനായ രാജാവു ദൈവദൂതന്നു തുല്യൻ ആകുന്നു; തിരുമനസ്സിലെ ഇഷ്ടംപോലെ ചെയ്തുകൊൾക.
  • 28 യജമാനനായ രാജാവിന്റെ മുമ്പാകെ അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യർ ആയിരുന്നു; എങ്കിലും അടിയനെ അവിടത്തെ മേശയിങ്കൽ ഭക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ആക്കി; രാജാവിനോടു ആവലാധി പറവാൻ അടിയന്നു ഇനി എന്തു അവകാശമുള്ളു?
  • 29 രാജാവു അവനോടു: നീ നിന്റെ കാര്യം ഇനി അധികം പറയുന്നതു എന്തിന്നു? നീയും സീബയും നിലം പകുത്തെടുത്തുകൊൾവിൻ എന്നു ഞാൻ കല്പിക്കുന്നു എന്നു പറഞ്ഞു.
  • 30 മെഫീബോശെത്ത് രാജാവിനോടു: അല്ല, അവൻ തന്നേ മുഴുവനും എടുത്തുകൊള്ളട്ടെ; യജമാനനായ രാജാവു സമാധാനത്തോടെ അരമനയിൽ എത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
  • 31 ഗിലെയാദ്യനായ ബർസില്ലായിയും രോഗെലീമിൽനിന്നു വന്നു, രാജാവിനെ യോർദ്ദാന്നക്കരെ കടത്തി യാത്ര അയപ്പാൻ അവനോടുകൂടെ യോർദ്ദാൻ കടന്നു.
  • 32 ബർസില്ലായിയോ എണ്പതു വയസ്സുള്ളോരു വയോധികനായിരുന്നു; രാജാവു മഹനയീമിൽ പാർത്തിരുന്ന കാലത്തു അവൻ ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്തു; അവൻ മഹാധനികൻ ആയിരുന്നു.
  • 33 രാജാവു ബർസില്ലായിയോടു: എന്നോടുകൂടെ പോരിക; ഞാൻ നിന്നെ യെരൂശലേമിൽ എന്റെ അടുക്കൽ പാർപ്പിച്ചു രക്ഷിക്കും എന്നു പറഞ്ഞു.
  • 34 ബർസില്ലായി രാജാവിനോടു പറഞ്ഞതെന്തെന്നാൽ: ഞാൻ രാജാവിനോടുകൂടെ യെരൂശലേമിൽ വരുന്നതെന്തിന്നു? ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും?
  • 35 എനിക്കു ഇന്നു എണ്പതു വയസ്സായിരിക്കുന്നു; നല്ലതും ആകാത്തതും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനങ്ങളുടെ സ്വാദു അടിയന്നു അറിയാമോ? സംഗീതക്കാരുടെയും സംഗീതക്കാരത്തികളുടെയും സ്വരം എനിക്കു ഇനി കേട്ടു രസിക്കാമോ? അടിയൻ യജമാനനായ രാജാവിന്നു ഭാരമായ്തീരുന്നതു എന്തിന്നു?
  • 36 അടിയൻ രാജാവിനോടുകൂടെ യോർദ്ദാൻ കടപ്പാനേ വിചാരിച്ചുള്ളൂ; രാജാവു ഇതിന്നായി എനിക്കു ഈ വിധം പ്രത്യുപകാരം ചെയ്യുന്നതു എന്തിനു?
  • 37 എന്റെ പട്ടണത്തിൽ എന്റെ അപ്പന്റെയും അമ്മയുടെയും കല്ലറയുടെ അടുക്കൽവെച്ചു മരിക്കേണ്ടതിന്നു അടിയൻ വിടകൊള്ളട്ടെ; എന്നാൽ നിന്റെ ദാസനായ കിംഹാം ഇതാ; അവൻ യജമാനനായ രാജാവിനോടുകൂടെ പോരട്ടെ; നിനക്കു പ്രസാദമായതു അവന്നു ചെയ്തു കൊടുത്താലും.
  • 38 അതിന്നു രാജാവു: കിംഹാം എന്നോടുകൂടെ പോരട്ടെ; നിന്റെ ഇഷ്ടപ്രകാരം ഞാൻ അവന്നു ചെയ്തുകൊടുക്കാം; നീ എന്നോടു ആവശ്യപ്പെടുന്നതൊക്കെയും ഞാൻ നിനക്കായി ചെയ്യും എന്നു പറഞ്ഞു.
  • 39 പിന്നെ സകലജനവും യോർദ്ദാൻ കടന്നു. രാജാവു യോർദ്ദാൻ കടന്നശേഷം ബർസില്ലായിയെ ചുംബനംചെയ്തു അനുഗ്രഹിച്ചു; അവൻ സ്വദേശത്തേക്കു മടങ്ങിപ്പോയി.
  • 40 രാജാവു ഗില്ഗാലിൽ ചെന്നു; കീംഹാമും അവനോടുകൂടെ പോയി; യെഹൂദാജനമൊക്കെയും യിസ്രായേൽജനം പാതിയും കൂടി രാജാവിനെ ഇക്കരെകൊണ്ടുവന്നു.
  • 41 അപ്പോൾ യിസ്രായേൽപുരുഷന്മാർ ഒക്കെയും രാജാവിന്റെ അടുക്കൽ വന്നു രാജാവിനോടു: ഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാർ രാജാവിനെയും അവന്റെ കുടുംബത്തെയും ദാവീദിന്റെ സകലപരിചാരകന്മാരെയും മോഷ്ടിച്ചു കൊണ്ടുവന്നു യോർദ്ദാൻ കടത്തിയതു എന്തു എന്നു പറഞ്ഞു.
  • 42 അതിന്നു യെഹൂദാപുരുഷന്മാർ ഒക്കെയും യിസ്രായേൽ പുരുഷന്മാരോടു: രാജാവു ഞങ്ങൾക്കു അടുത്ത ചാർച്ചക്കാരൻ ആകകൊണ്ടു തന്നേ; അതിന്നു നിങ്ങൾ കോപിക്കുന്നതു എന്തിന്നു? ഞങ്ങൾ രാജാവിന്റെ വക വല്ലതും തിന്നുവോ? അവൻ ഞങ്ങൾക്കു വല്ല സമ്മാനവും തന്നുവോ എന്നു ഉത്തരം പറഞ്ഞു.
  • 43 യിസ്രായേൽപുരുഷന്മാർ യെഹൂദാപുരുഷന്മാരോടു: രാജാവിങ്കൽ ഞങ്ങൾക്കു പത്തു ഓഹരി ഉണ്ടു; ദാവീദിങ്കൽ ഞങ്ങൾക്കു നിങ്ങളെക്കാൾ അധികം അവകാശവും ഉണ്ടു; നിങ്ങൾ ഞങ്ങളെ ധിക്കരിച്ചതു എന്തു? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന്നു ഞങ്ങളല്ലയോ അദ്യം പറഞ്ഞതു എന്നു ഉത്തരം പറഞ്ഞു. എന്നാൽ യെഹൂദാപുരുഷന്മാരുടെ വാക്കു യിസ്രായേൽ പുരുഷന്മാരുടെ വാക്കിനെക്കാൾ അധികം കഠിനമായിരുന്നു.