wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ശമൂവേൽ [del]2അദ്ധ്യായം 21
  • 1 ദാവീദിന്റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോൾ ശൌൽ ഗിബെയോന്യരെ കൊല്ലുകകൊണ്ടു അതു അവൻ നിമിത്തവും രാക്തപാതകമുള്ള അവന്റെ ഗൃഹം നിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു.
  • 2 രാജാവു ഗിബെയോന്യരെ വിളിച്ചു അവരോടു പറഞ്ഞു:--ഗിബെയോന്യർ യിസ്രായേല്യരല്ല അമോർയ്യരിൽ ശേഷിച്ചവരത്രേ; അവരോടു യിസ്രായേൽ മക്കൾ സത്യം ചെയ്തിരുന്നു; എങ്കിലും ശൌൽ യിസ്രായേല്യർക്കും യെഹൂദ്യർക്കും വേണ്ടി തനിക്കുണ്ടായിരുന്ന എരിവിൽ അവരെ സംഹരിച്ചുകളവാൻ ശ്രമിച്ചു--
  • 3 ദാവീദ് ഗിബെയോന്യരോടു: ഞാൻ നിങ്ങൾക്കു എന്തു ചെയ്തുതരേണം; നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന്നു ഞാൻ എന്തു പ്രതിശാന്തി ചെയ്യേണം എന്നു ചോദിച്ചു.
  • 4 ഗിബെയോന്യർ അവനോടു: ശൌലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങൾക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ടു തീരുന്നതല്ല; യിസ്രായേലിൽ ഒരുത്തനെ കൊല്ലുന്നതും ഞങ്ങൾക്കുള്ളതല്ല എന്നു പറഞ്ഞു. നിങ്ങൾ പറയുന്നതു ഞാൻ ചെയ്തുതരാം എന്നു അവൻ പറഞ്ഞു.
  • 5 അവർ രാജാവിനോടു: ഞങ്ങളെ നശിപ്പിക്കയും യിസ്രായേൽ ദേശത്തെങ്ങും ഞങ്ങൾ ശേഷിക്കാതെ മുടിഞ്ഞുപോകത്തക്കവണ്ണം ഉപായം ചിന്തിക്കയും ചെയ്തവന്റെ മക്കളിൽ ഏഴുപേരെ ഞങ്ങൾക്കു ഏല്പിച്ചുതരേണം.
  • 6 ഞങ്ങൾ അവരെ യഹോവയുടെ വൃതനായ ശൌലിന്റെ ഗിബെയയിൽ യഹോവെക്കു തൂക്കിക്കളയും എന്നു ഉത്തരം പറഞ്ഞു. ഞാൻ അവരെ തരാമെന്നു രാജാവു പറഞ്ഞു.
  • 7 എന്നാൽ ദാവീദും ശൌലിന്റെ മകനായ യോനാഥാനും തമ്മിൽ യഹോവയുടെ നാമത്തിൽ ചെയ്ത സത്യംനിമിത്തം രാജാവു ശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ ഒഴിച്ചു.
  • 8 അയ്യാവിന്റെ മകൾ രിസ്പാ ശൌലിന്നു പ്രസവിച്ച രണ്ടു പുത്രന്മാരായ അർമ്മോനിയെയും മെഫീബോശെത്തിനെയും ശൌലിന്റെ മകളായ മീഖൾ മെഹോലാത്യൻ ബർസില്ലായിയുടെ മകനായ അദ്രീയേലിന്നു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവു പിടിച്ചു ഗിബെയോന്യരുടെ കയ്യിൽ ഏല്പിച്ചു.
  • 9 അവർ അവരെ മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നതു.
  • 10 അയ്യാവിന്റെ മകളായ രിസ്പാ ചാകൂശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്തുകാലത്തിന്റെ ആരംഭം മുതൽ ആകാശത്തുനിന്നു അവരുടെ മേൽ മഴപെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാൻ സമ്മതിക്കാതിരുന്നു.
  • 11 ശൌലിന്റെ വെപ്പാട്ടിയായി അയ്യാവിന്റെ മകളായ രിസ്പാ ചെയ്തതു ദാവീദ് കേട്ടിട്ടു
  • 12 ദാവീദ് ചെന്നു ഫെലിസ്ത്യർ ഗിൽബോവയിൽവെച്ചു ശൌലിനെ കൊന്ന നാളിൽ ബേത്ത്-ശാൻ നഗരവീഥിയിൽ ഫെലിസ്ത്യർ തൂക്കിക്കളകയും ഗിലെയാദിലെ യാബേശ് പൌരന്മാർ അവിടെനിന്നു മോഷ്ടിച്ചു കൊണ്ടുവരികയും ചെയ്തിരുന്ന ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവരുടെ അടുക്കൽനിന്നു എടുത്തു.
  • 13 അങ്ങനെ അവൻ ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവിടെനിന്നു വരുത്തി; തൂക്കിക്കൊന്നവരുടെ അസ്ഥികളെയും അവർ പെറുക്കിയെടുത്തു.
  • 14 ശൌലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവർ ബെന്യാമീൻ ദേശത്തു സേലയിൽ അവന്റെ അപ്പനായ കീശിന്റെ കല്ലറയിൽ അടക്കംചെയ്തു; രാജാവു കല്പിച്ചതൊക്കെയും അവർ ചെയ്തു. അതിന്റെ ശേഷം ദൈവം ദേശത്തിന്റെ പ്രാർത്ഥനയെ കേട്ടരുളി.
  • 15 ഫെലിസ്ത്യർക്കു യിസ്രായേലിനോടു വീണ്ടും യുദ്ധം ഉണ്ടായി; ദാവീദ് തന്റെ ഭൃത്യന്മാരുമായി ചെന്നു ഫെലിസ്ത്യരോടു പടയേറ്റു; ദാവീദ്, തളർന്നുപോയി.
  • 16 അപ്പോൾ മുന്നൂറു ശേക്കെൽ തൂക്കമുള്ള താമ്രശൂലം ധരിച്ചവനും പുതിയ വാൾ അരെക്കു കെട്ടിയവനുമായി രാഫാമക്കളിൽ യിശ്ബിബെനോബ് എന്നൊരുവൻ ദാവീദിനെ കൊല്ലുവാൻ ഭാവിച്ചു.
  • 17 എന്നാൽ സെരൂയയുടെ മകനായ അബീശായി അവന്നു തുണയായ്‍വന്നു ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോൾ ദാവീദിന്റെ ഭൃത്യന്മാർ അവനോടു: നീ യിസ്രായേലിന്റെ ദീപം കെടുക്കാതിരിക്കേണ്ടതിന്നു മേലാൽ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പറപ്പെടരുതു എന്നു സത്യംചെയ്തു പറഞ്ഞു.
  • 18 അതിന്റെശേഷം ഗോബിൽവെച്ചു വീണ്ടും ഫെലിസ്ത്യരോടു യുദ്ധംഉണ്ടായി; അപ്പോൾ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സഫിനെ വെട്ടിക്കൊന്നു.
  • 19 ഗോബിൽവെച്ചു പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവെച്ചു ബേത്ത്ളേഹെമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിനെ വെട്ടിക്കൊന്നു; അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.
  • 20 പിന്നെയും ഗത്തിൽ വെച്ചു യുദ്ധം ഉണ്ടായി; അവിടെ ഒരു ദീർഘകായൻ ഉണ്ടായിരുന്നു; അവന്റെ ഓരോ കൈക്കു ആറാറുവിരലും ഓരോ കാലിന്നു ആറാറുവിരലും ആകെ ഇരുപത്തുനാലു വിരൽ ഉണ്ടായിരുന്നു; ഇവനും രാഫെക്കു ജനിച്ചവനായിരുന്നു.
  • 21 അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അവനെ കൊന്നുകളഞ്ഞു.
  • 22 ഈ നാലു പേരും ഗത്തിൽ രാഫെക്കു ജനിച്ചവരായിരുന്നു. അവർ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കയ്യാൽ പട്ടുപോയി.