wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ആമോസ്അദ്ധ്യായം 4
  • 1 എളിയവരെ പീഡിപിക്കയും ദരിദ്രന്മാരെ തകർക്കുകയും തങ്ങളുടെ ഭർത്താക്കന്മാരോടു: കൊണ്ടുവരുവിൻ; ഞങ്ങൾ കുടിക്കട്ടെ എന്നു പറകയും ചെയ്യുന്ന ശമർയ്യാപർവ്വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേൾപ്പിൻ.
  • 2 ഞാൻ നിങ്ങളെ കൊളുത്തുകൊണ്ടും നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങൾക്കു വരും എന്നു യഹോവയായ കർത്താവു തന്റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.
  • 3 അപ്പോൾ നിങ്ങൾ ഓരോരുത്തി നേരെ മുമ്പോട്ടു മതിൽ പിളർപ്പുകളിൽകൂടി പുറത്തുചെല്ലുകയും രിമ്മോനെ എറിഞ്ഞുകളകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
  • 4 ബേഥേലിൽചെന്നു അതിക്രമം ചെയ്‍വിൻ; ഗില്ഗാലിൽ ചെന്നു അതിക്രമം വർദ്ധിപ്പിപ്പിൻ; രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളെയും മൂന്നാംനാൾ തോറും നിങ്ങളുടെ ദശാംശങ്ങളെയും കൊണ്ടു ചെല്ലുവിൻ.
  • 5 പുളിച്ചമാവുകൊണ്ടുള്ള സ്തോത്ര യാഗം അർപ്പിപ്പിൻ; സ്വമേധാർപ്പിതങ്ങളെ ഘോഷിച്ചു പ്രസിദ്ധമാക്കുവിൻ; അങ്ങനെ അല്ലോ, യിസ്രായേൽമക്കളേ നിങ്ങൾക്കു ഇഷ്ടമായിരിക്കുന്നതു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  • 6 നിങ്ങളുടെ എല്ലാപട്ടണങ്ങളിലും ഞാൻ നിങ്ങൾക്കു പല്ലിന്റെ വെടിപ്പും എല്ലായിടങ്ങളിലും അപ്പത്തിന്റെ കുറവും വരുത്തീട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
  • 7 കൊയ്ത്തിന്നു ഇനി മൂന്നു മാസമുള്ളപ്പോൾ ഞാൻ നിങ്ങൾക്കു മഴ മുടക്കിക്കളഞ്ഞു; ഞാൻ ഒരു പട്ടണത്തിൽ മഴ പെയ്യിക്കയും മറ്റെ പട്ടണത്തിൽ മഴ പെയ്യിക്കാതിരിക്കയും ചെയ്തു; ഒരു കണ്ടത്തിൽ മഴ പെയ്തു; മഴ പെയ്യാത്ത മറ്റെ കണ്ടം വരണ്ടുപോയി.
  • 8 രണ്ടുമൂന്നു പട്ടണം വെള്ളം കുടിപ്പാൻ ഒരു പട്ടണത്തിലേക്കു ഉഴന്നുചെന്നു, ദാഹം തീർന്നില്ലതാനും; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
  • 9 ഞാൻ നിങ്ങളെ വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു; നിങ്ങളുടെ തോട്ടങ്ങളെയും മുന്തിരിപ്പറമ്പുകളെയും അത്തിവൃക്ഷങ്ങളെയും ഒലിവുമരങ്ങളെയും പലപ്പോഴും തുള്ളൻ തിന്നുകളഞ്ഞു; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
  • 10 മിസ്രയീമിൽ എന്നപ്പോലെ ഞാൻ മഹാമാരി നിങ്ങളടെ ഇടയിൽ അയച്ചു നിങ്ങളുടെ യൌവനക്കാരെ വാൾകൊണ്ടു കൊന്നു നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി; നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാൻ നിങ്ങളുടെ മൂക്കിൽ കയറുമാറാക്കി; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
  • 11 ദൈവം സൊദോമിനെയും ഗൊമോരയെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങൾ കത്തുന്ന തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
  • 12 അതുകൊണ്ടു യിസ്രായേലേ, ഞാൻ ഇങ്ങനെ നിന്നോടു ചെയ്യും; യിസ്രായേലേ, ഞാൻ ഇതു നിന്നോടു ചെയ്‍വാൻ പോകുന്നതു കൊണ്ടു നിന്റെ ദൈവത്തെ എതിരേല്പാൻ ഒരുങ്ങിക്കൊൾക.
  • 13 പർവ്വതങ്ങളെ നിർമ്മക്കയും കാറ്റിനെ സൃഷ്ടിക്കയും മനുഷ്യനോടു അവന്റെ നിരൂപണം ഇന്നതെന്നു അറിയിക്കയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുകയും ചെയ്യുന്ന ഒരുത്തനുണ്ടു; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവന്റെ നാമം.