wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ദാനീയേൽഅദ്ധ്യായം 6
  • 1 രാജ്യം ഒക്കെയും ഭരിക്കേണ്ടതിന്നു രാജ്യത്തിന്മേൽ നൂറ്റിരുപതു പ്രധാന ദേശാധിപതികളെയും
  • 2 അവരുടെമേൽ മൂന്നു അദ്ധ്യക്ഷന്മാരെയും നിയമിപ്പാൻ ദാർയ്യാവേശിന്നു ഇഷ്ടം തോന്നി; ഈ മൂവരിൽ ദാനീയേൽ ഒരുവനായിരുന്നു. രാജാവിന്നു നഷ്ടം വരാതിരിക്കേണ്ടതിന്നു പ്രധാനദേശാധിപതികൾ ഇവർക്കു കണക്കു ബോധിപ്പിക്കേണ്ടതായിരുന്നു.
  • 3 എന്നാൽ ദാനീയേൽ ഉൾകൃഷ്ടമാനസനായിരുന്നതുകൊണ്ടു അവൻ അദ്ധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായ്‍വിളങ്ങി; രാജാവു അവനെ സർവ്വരാജ്യത്തിന്നും അധികാരിയാക്കുവാൻ വിചാരിച്ചു.
  • 4 ആകയാൽ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ചു ദാനീയേലിന്നു വിരോധമായി കാരണം കണ്ടെത്തുവാൻ അന്വേഷിച്ചു; എന്നാൽ യാതൊരു കാരണവും കുറ്റവും കണ്ടെത്തുവാൻ അവർക്കു കഴിഞ്ഞില്ല; അവൻ വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റുവും അവനിൽ കണ്ടെത്തിയില്ല.
  • 5 അപ്പോൾ ആ പുരുഷന്മാർ: നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല എന്നു പറഞ്ഞു.
  • 6 അങ്ങനെ അദ്ധ്യക്ഷന്മാരും പ്രധാനദേശാധിപന്മാരും രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു ഉണർത്തിച്ചതെന്തെന്നാൽ: ദാർയ്യാവേശ് രാജാവു ദീർഘായുസ്സായിരിക്കട്ടെ.
  • 7 രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കയും ഖണ്ഡതമായോരു വിരോധം കല്പിക്കയും ചെയ്യേണമെന്നു രാജ്യത്തിലെ സകല അദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലേചിച്ചിരിക്കുന്നു.
  • 8 ആകയാൽ രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം മാറ്റം വരാതവണ്ണം ആ വിരോധകല്പന ഉറപ്പിച്ചു രേഖ എഴുതിക്കേണമേ.
  • 9 അങ്ങനെ ദാർയ്യാവേശ് രാജാവു രേഖയും വിരോധകല്പനയും എഴുതിച്ചു.
  • 10 എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു,--അവന്റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിന്നു നേരെ തുറന്നിരുന്നു--താൻ മുമ്പെ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചു സ്തോത്രം ചെയ്തു.
  • 11 അപ്പോൾ ആ പുരുഷന്മാർ ബദ്ധപ്പെട്ടു വന്നു, ദാനീയേൽ തന്റെ ദൈവത്തിൻ സന്നിധിയിൽ പ്രാർത്ഥിച്ചു അപേക്ഷിക്കുന്നതു കണ്ടു.
  • 12 ഉടനെ അവർ രാജസന്നിധിയിൽ ചെന്നു രാജാവിന്റെ വിരോധകല്പനയെക്കുറിച്ചു സംസാരിച്ചു: രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നിങ്ങനെ ഒരു കല്പന എഴുതിച്ചിട്ടില്ലയോ എന്നു ചോദിച്ചു; അതിന്നു രാജാവു: മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമപ്രകാരം ആ കാര്യം ഉറപ്പുതന്നേ എന്നുത്തരം കല്പിച്ചു.
  • 13 അതിന്നു അവർ രാജസന്നിധിയിൽ രാജാവേ, യെഹൂദാപ്രവാസികളിൽ ഒരുത്തനായ ദാനീയേൽ തിരുമേനിയെയാകട്ടെ തിരുമനസ്സുകൊണ്ടു എഴുതിച്ച വിരോധകല്പനയാകട്ടെ കൂട്ടാക്കാതെ, ദിവസം മൂന്നു പ്രവാശ്യം അപേക്ഷ കഴിച്ചുവരുന്നു എന്നു ഉണർത്തിച്ചു.
  • 14 രാജാവു ഈ വാക്കു കേട്ടപ്പോൾ അത്യന്തം വ്യസനിച്ചു, ദാനീയേലിനെ രക്ഷിപ്പാൻ മനസ്സുവെച്ചു അവനെ രക്ഷിപ്പാൻ സൂര്യൻ അസ്തമിക്കുവോളം പ്രയത്നം ചെയ്തു.
  • 15 എന്നാൽ ആ പുരുഷന്മാർ രാജാവിന്റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്നു: രാജാവേ, രാജാവു ഉറപ്പിക്കുന്ന ഒരു വിരോധകല്പനയോ നിയമമോ മാറ്റിക്കൂടാ എന്നിങ്ങനെയാകുന്നു മേദ്യരുടെയും പാർസികളുടെയും നിയമം എന്നു ബോദ്ധ്യമായിരിക്കേണം എന്നു രാജാവോടു ഉണർത്തിച്ചു.
  • 16 അങ്ങനെ രാജാവിൻ കല്പനയാൽ അവർ ദാനീയേലിനെ കൊണ്ടുവന്നു സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; രാജാവു ദാനീയേലിനോടു സംസാരിച്ചു: നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും എന്നു കല്പിച്ചു.
  • 17 അവർ ഒരു കല്ലുകൊണ്ടുവന്നു ഗുഹയുടെ വാതിൽക്കൽ വെച്ചു, ദാനീയേലിനെക്കുറിച്ചുള്ള നിർണ്ണയത്തിന്നു മാറ്റം വരാതെയിരിക്കേണ്ടതിന്നു രാജാവു തന്റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരംകൊണ്ടും അതിന്നു മുദ്രയിട്ടു.
  • 18 പിന്നെ രാജാവു രാജധാനിയിൽ ചെന്നു ഉപവസിച്ചു രാത്രി കഴിച്ചു; അവന്റെ സന്നിധിയിൽ വെപ്പാട്ടികളെ കൊണ്ടുവന്നില്ല; ഉറക്കം അവനെ വിട്ടുപോയി.
  • 19 രാജാവു അതികാലത്തു എഴുന്നേറ്റു ബദ്ധപ്പെട്ടു സിംഹഗുഹയുടെ അരികെ ചെന്നു.
  • 20 ഗുഹയുടെ അരികെ എത്തിയപ്പോൾ അവൻ ദുഃഖശബ്ദത്തോടെ ദാനീയേലിനെ വിളിച്ചു. രാജാവു ദാനീയേലിനോടു സംസാരിച്ചു: ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്നു നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ എന്നു ചോദിച്ചു.
  • 21 ദാനീയേൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ.
  • 22 സിംഹങ്ങൾ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എന്റെ ദൈവം തന്റെ ദൂതനെ അയച്ചു അവയുടെ വായടെച്ചുകളഞ്ഞു; അവന്റെ സന്നിധിയിൽ ഞാൻ കുറ്റമില്ലാത്തവൻ; രാജാവേ, തിരുമുമ്പിലും ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല എന്നു ഉണർത്തിച്ചു.
  • 23 അപ്പോൾ രാജാവു അത്യന്തം സന്തോഷിച്ചു, ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റുവാൻ കല്പിച്ചു; അവർ ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റി; അവൻ തന്റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ടു അവന്നു യാതൊരു കേടും പറ്റിയതായി കണ്ടില്ല.
  • 24 പിന്നെ രാജാവിന്റെ കല്പനയാൽ, അവൻ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; അവർ ഗുഹയുടെ അടിയിൽ എത്തുമ്മുമ്പെ സിംഹങ്ങൾ അവരെ പിടിച്ചു, അവരുടെ അസ്ഥികളൊക്കെയും തകർത്തുകളഞ്ഞു.
  • 25 അന്നു ദാർയ്യാവേശ്‌രാജാവു സർവ്വഭൂമിയിലും വസിക്കുന്ന സകലവംശങ്ങൾക്കും ഭാഷക്കാർക്കും എഴുതിയതെന്തെന്നാൽ: നിങ്ങൾക്കു ശുഭം വർദ്ധിച്ചുവരട്ടെ.
  • 26 എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാൻ ഒരു തീർപ്പു കല്പിക്കുന്നു; അവൻ ജീവനുള്ള ദൈവവും എന്നേക്കും നിലനില്ക്കുന്നവനും അവന്റെ രാജത്വം നശിച്ചു പോകാത്തതും അവന്റെ ആധിപത്യം അവസാനംവരാത്തതും ആകുന്നു.
  • 27 അവൻ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവൻ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുന്നു; അവൻ ദാനീയേലിനെ സിംഹവായിൽനിന്നു രക്ഷിച്ചിരിക്കുന്നു.
  • 28 എന്നാൽ ദാനീയേൽ ദാർയ്യാവേശിന്റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു.