wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ദാനീയേൽഅദ്ധ്യായം 8
  • 1 ദാനീയേൽ എന്ന എനിക്കു ആദിയിൽ ഉണ്ടായതിന്റെ ശേഷം, ബേൽശസ്സർരാജാവിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ഒരു ദർശനം ഉണ്ടായി.
  • 2 ഞാൻ ഒരു ദർശനം കണ്ടു, ഏലാം സംസ്ഥാനത്തിലെ ശൂശൻ രാജധാനിയിൽ ആയിരുന്നപ്പോൾ അതു കണ്ടു; ഞാൻ ഊലായി നദീതീരത്തു നില്ക്കുന്നതായി ദർശനത്തിൽ കണ്ടു.
  • 3 ഞാൻ തലപൊക്കിയപ്പോൾ, രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊറ്റൻ നദീതീരത്തു നില്ക്കുന്നതു കണ്ടു; ആ കൊമ്പുകൾ നീണ്ടവയായിരുന്നു; ഒന്നു മറ്റേതിനെക്കാൾ അധികം നീണ്ടതു; അധികം നീണ്ടതു ഒടുക്കം മുളെച്ചുവന്നതായിരുന്നു.
  • 4 ആ ആട്ടുകൊറ്റൻ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാൻ കണ്ടു; ഒരു മൃഗത്തിന്നും അതിന്റെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; അതിന്റെ കയ്യിൽനിന്നു രക്ഷിക്കാകുന്നവനും ആരുമില്ല; അതു ഇഷ്ടംപോലെ ചെയ്തു വമ്പു കാട്ടിപ്പോന്നു.
  • 5 ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ, ഒരു കോലാട്ടുകൊറ്റൻ പടിഞ്ഞാറു നിന്നു നിലം തൊടാതെ സർവ്വ ഭൂതലത്തിലും കൂടിവന്നു; ആ കോലാട്ടുകൊറ്റന്നു കണ്ണുകളുടെ നടുവിൽ വിശേഷമായൊരു കൊമ്പുണ്ടായിരുന്നു.
  • 6 അതു നദീതീരത്തു നില്ക്കുന്നതായി ഞാൻ കണ്ട രണ്ടു കൊമ്പുള്ള ആട്ടുകൊറ്റന്റെ നേരെ ഉഗ്രക്രോധത്തോടെ പാഞ്ഞു ചെന്നു.
  • 7 അതു ആട്ടുകൊറ്റനോടു അടുക്കുന്നതു ഞാൻ കണ്ടു; അതു ആട്ടുകൊറ്റനോടു ക്രുദ്ധിച്ചു, അതിനെ ഇടിച്ചു അതിന്റെ കൊമ്പു രണ്ടും തകർത്തുകളഞ്ഞു; അതിന്റെ മുമ്പിൽ നില്പാൻ ആട്ടുകൊറ്റന്നു ശക്തിയില്ലാതെയിരുന്നു; അതു അതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു; അതിന്റെ കയ്യിൽനിന്നു ആട്ടുകൊറ്റനെ രക്ഷിപ്പാൻ ആരും ഉണ്ടായിരുന്നില്ല.
  • 8 കോലാട്ടുകൊറ്റൻ ഏറ്റവും വലുതായിത്തീർന്നു; എന്നാൽ അതു ബലപ്പെട്ടപ്പോൾ വലിയ കൊമ്പു തകർന്നുപോയി; അതിന്നു പകരം ആകാശത്തിലെ നാലു കാറ്റിന്നു നേരെ ഭംഗിയുള്ള നാലു കൊമ്പു മുളെച്ചുവന്നു.
  • 9 അവയിൽ ഒന്നിൽനിന്നു ഒരു ചെറിയ കൊമ്പു പുറപ്പെട്ടു; അതു തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിന്നു നേരെയും ഏറ്റവും വലുതായിത്തീർന്നു.
  • 10 അതു ആകാശത്തിലെ സൈന്യത്തോളം വലുതായിത്തീർന്നു, സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു.
  • 11 അതു സൈന്യത്തിന്റെ അധിപതിയോളം തന്നെത്താൻ വലുതാക്കി, അവന്നുള്ള നിരന്തരഹോമയാഗം അപഹരിക്കയും അവന്റെ വിശുദ്ധമന്ദിരം ഇടിച്ചുകളകയും ചെയ്തു.
  • 12 അതിക്രമം ഹേതുവായി നിരന്തരഹോമയാഗത്തിന്നെതിരായി ഒരു സേവ നിയമിക്കപ്പെടും; അതു സത്യത്തെ നിലത്തു തള്ളിയിടുകയും കാര്യം നടത്തി സാധിപ്പിക്കയും ചെയ്യും.
  • 13 അനന്തരം ഒരു വിശുദ്ധൻ സംസാരിക്കുന്നതു ഞാൻ കേട്ടു; സംസാരിച്ചുകൊണ്ടിരുന്ന വിശുദ്ധനോടു മറ്റൊരു വിശുദ്ധൻ: വിശുദ്ധമന്ദിരത്തെയും സേവയെയും ചവിട്ടിക്കളയേണ്ടതിന്നു ഏല്പിച്ചുകൊടുപ്പാൻ തക്കവണ്ണം നിരന്തരഹോമയാഗത്തെയും ശൂന്യമാക്കുന്ന അതിക്രമത്തെയും കുറിച്ചു ദർശനത്തിൽ കണ്ടിരിക്കുന്നതു എത്രത്തോളം നില്ക്കും എന്നു ചോദിച്ചു.
  • 14 അതിന്നു അവൻ അവനോടു: രണ്ടായിരത്തിമുന്നൂറു സന്ധ്യയും ഉഷസ്സും തികയുവോളം തന്നേ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.
  • 15 എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നില്ക്കുന്നതു കണ്ടു.
  • 16 ഗബ്രീയേലേ, ഇവന്നു ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനഷ്യന്റെ ശബ്ദം ഞാൻ കേട്ടു.
  • 17 അപ്പോൾ ഞാൻ നിന്നെടത്തു അവൻ അടുത്തുവന്നു; അവൻ വന്നപ്പോൾ ഞാൻ ഭയപ്പെട്ടു സാഷ്ടാംഗം വീണു; എന്നാൽ അവൻ എന്നോടു: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊൾക; ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു.
  • 18 അവൻ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണു വീണു; അവൻ എന്നെ തൊട്ടു എഴുന്നേല്പിച്ചു നിർത്തി.
  • 19 പിന്നെ അവൻ പറഞ്ഞതു: കോപത്തിന്റെ അന്ത്യകാലത്തിങ്കൽ സംഭവിപ്പാനിരിക്കുന്നതു ഞാൻ നിന്നെ ഗ്രഹിപ്പിക്കും; അതു അന്ത്യകാലത്തേക്കുള്ളതല്ലോ.
  • 20 രണ്ടുകൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റൻ പാർസ്യ രാജാക്കന്മാരെ കുറിക്കുന്നു.
  • 21 പരുപരുത്ത കോലാട്ടുകൊറ്റൻ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പു ഒന്നാമത്തെ രാജാവും ആകുന്നു.
  • 22 അതു തകർന്ന ശേഷം അതിന്നു പകരം നാലു കൊമ്പു മുളെച്ചതോ: നാലു രാജ്യം ആ ജാതിയിൽനിന്നുത്ഭവിക്കും; അതിന്റെ ശക്തിയോടെ അല്ലതാനും.
  • 23 എന്നാൽ അവരുടെ രാജത്വത്തിന്റെ അന്ത്യകാലത്തു അതിക്രമക്കാരുടെ അതിക്രമം തികയുമ്പോൾ, ഉഗ്രഭാവവും ഉപായബുദ്ധിയും ഉള്ളോരു രാജാവു എഴുന്നേല്ക്കും.
  • 24 അവന്റെ അധികാരം വലുതായിരിക്കും; സ്വന്ത ശക്തിയാൽ അല്ലതാനും; അവൻ അതിശയമാംവണ്ണം നാശം പ്രവർത്തിക്കയും കൃതാർത്ഥനായി അതു അനുഷ്ഠിക്കയും പലരെയും വിശുദ്ധ ജനത്തെയും നശിപ്പിക്കയും ചെയ്യും.
  • 25 അവൻ നയബുദ്ധിയാൽ തന്റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തിൽ വമ്പു ഭാവിച്ചു, നിശ്ചിന്തയോടെയിരിക്കുന്ന പലരെയും നശിപ്പിക്കയും കർത്താധികർത്താവിനോടു എതിർത്തുനിന്നു കൈ തൊടാതെ തകർന്നുപോകയും ചെയ്യും.
  • 26 സന്ധ്യകളെയും ഉഷസ്സുകളെയും കുറിച്ചു പറഞ്ഞിരിക്കുന്ന ദർശനം സത്യമാകുന്നു; ദർശനം ബഹുകാലത്തേക്കുള്ളതാകയാൽ അതിനെ അടെച്ചുവെക്ക.
  • 27 എന്നാൽ ദാനിയേലെന്ന ഞാൻ ബോധംകെട്ടു, കുറെ ദിവസം ദീനമായ്ക്കിടന്നു; അതിന്റെ ശേഷം ഞാൻ എഴുന്നേറ്റു രാജാവിന്റെ പ്രവൃത്തിനോക്കി; ഞാൻ ദർശനത്തെക്കുറിച്ചു വിസ്മയിച്ചു; ആർക്കും അതു മനസ്സിലായില്ലതാനും.