wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ആവർത്തനംഅദ്ധ്യായം 6
  • 1 നിങ്ങൾ കൈവശമാക്കുവാൻ കടന്നുചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന്നും നിന്റെ ജീവകാലം ഒക്കെയും നീയും നിന്റെ മകനും മകന്റെ മകനും ഞാൻ നിന്നോടു കല്പിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ എല്ലാചട്ടങ്ങളും കല്പനകളും പ്രമാണിപ്പാൻ തക്കവണ്ണം അവനെ ഭയപ്പെടേണ്ടതിന്നും
  • 2 നീ ദീർഘായുസ്സോടിരിക്കേണ്ടതിന്നുമായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു ഉപദേശിച്ചുതരുവാൻ കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു.
  • 3 ആകയാൽ യിസ്രായേലേ, നിനക്കു നന്നായിരിക്കേണ്ടതിന്നും നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങൾ ഏറ്റവും വർദ്ധിക്കേണ്ടതിന്നും നീ കേട്ടു ജാഗ്രതയോടെ അനുസരിച്ചു നടക്ക.
  • 4 യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.
  • 5 നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.
  • 6 ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.
  • 7 നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.
  • 8 അവയെ അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം.
  • 9 അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.
  • 10 നിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്നു അബ്രാഹാം, യിസ്ഹാക്, യാക്കോബ്, എന്ന നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും
  • 11 നീ നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തി പ്രാപിക്കയും ചെയ്യുമ്പോൾ
  • 12 നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
  • 13 നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.
  • 14 നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയിൽനിന്നു നശിപ്പിക്കാതിരിപ്പാൻ ചുറ്റുമിരിക്കുന്ന ജാതികളുടെ ദേവന്മാരായ അന്യ ദൈവങ്ങളുടെ പിന്നാലെ നീ പോകരുതു;
  • 15 നിന്റെ ദൈവമായ യഹോവ നിങ്ങളുടെ മദ്ധ്യേ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.
  • 16 നിങ്ങൾ മസ്സയിൽവെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു.
  • 17 നിങ്ങളുടെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങൾ ജാഗ്രതയോടെ പ്രമാണിക്കേണം.
  • 18 നിനക്കു നന്നായിരിക്കേണ്ടതിന്നും യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത നല്ലദേശം നീ ചെന്നു കൈവശമാക്കേണ്ടതിന്നും യഹോവ അരുളിച്ചെയ്തതുപോലെ
  • 19 നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഓടിച്ചുകളയേണ്ടതിന്നും നീ യഹോവയുടെ മുമ്പാകെ ന്യായവും ഹിതവുമായുള്ളതിനെ ചെയ്യേണം.
  • 20 നമ്മുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും എന്തു എന്നു നാളെ നിന്റെ മകൻ നിന്നോടു ചോദിക്കുമ്പോൾ നീ നിന്റെ മകനോടു പറയേണ്ടതു എന്തെന്നാൽ:
  • 21 ഞങ്ങൾ മിസ്രയീമിൽ ഫറവോന്നു അടിമകൾ ആയിരുന്നു; എന്നാൽ യഹോവ ബലമുള്ള കൈകൊണ്ടു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു.
  • 22 മിസ്രയീമിന്റെയും ഫറവോന്റെയും അവന്റെ സകല കുടുംബത്തിന്റെയും മേൽ ഞങ്ങൾ കാൺകെ യഹോവ മഹത്തും ഉഗ്രവുമായുള്ള അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു.
  • 23 ഞങ്ങളേയോ താൻ നമ്മുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം തരുവാൻ അതിൽ കൊണ്ടുവന്നാക്കേണ്ടതിന്നു അവിടെ നിന്നു പുറപ്പെടുവിച്ചു
  • 24 എല്ലായ്പോഴും നമുക്കു നന്നായിരിക്കേണ്ടതിന്നും ഇന്നത്തെപ്പോലെ അവൻ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിന്നുമായി നാം നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും ഈ എല്ലാ ചട്ടങ്ങളെയും ആചരിപ്പാനും യഹോവ നമ്മോടു കല്പിച്ചു.
  • 25 നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം അവന്റെ മുമ്പാകെ ഈ സകലകല്പനകളും ആചരിപ്പാൻ തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കിൽ നാം നീതിയുള്ളവരായിരിക്കും.