wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ആവർത്തനംഅദ്ധ്യായം 15
  • 1 ഏഴേഴു ആണ്ടു കൂടുമ്പോൾ നീ ഒരു വിമോചനം ആചരിക്കേണം.
  • 2 വിമോചനത്തിന്റെ ക്രമം എന്തെന്നാൽ: കൂട്ടുകാരന്നു വായിപ്പകൊടുത്തവനെല്ലാം അതു ഇളെച്ചു കൊടുക്കേണം. യഹോവയുടെ വിമോചനം പ്രസിദ്ധമാക്കിയതുകൊണ്ടു നീ കൂട്ടുകാരനെയോ സഹോദരനെയോ ബുദ്ധിമുട്ടിക്കരുതു.
  • 3 അന്യജാതിക്കാരനോടു നിനക്കു മുട്ടിച്ചു പിരിക്കാം; എന്നാൽ നിന്റെ സഹോദരൻ തരുവാനുള്ളതു നീ ഇളെച്ചുകൊടുക്കേണം.
  • 4 ദരിദ്രൻ നിങ്ങളുടെ ഇടയിൽ ഉണ്ടാകയില്ലതാനും; നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു ഇന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചുനടന്നാൽ
  • 5 നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി കൈവശമാക്കുവാൻ തരുന്ന ദേശത്തു നിന്നെ ഏറ്റവും അനുഗ്രഹിക്കും.
  • 6 നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ടു നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല; നീ അനേകം ജാതികളെ ഭരിക്കും; എന്നാൽ അവർ നിന്നെ ഭരിക്കയില്ല.
  • 7 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരൻ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ ദരിദ്രനായ സഹോദരന്റെ നേരെ നിന്റെ ഹൃദയം കഠിനമാക്കാതെയും കൈ അടെക്കാതെയും,
  • 8 നിന്റെ കൈ അവന്നുവേണ്ടി തുറന്നു അവന്നു വന്ന ബുദ്ധിമുട്ടിന്നു ആവശ്യമായതു വായിപ്പ കൊടുക്കേണം.
  • 9 വിമോചനസംവത്സരമായ ഏഴാം ആണ്ടു അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്റെ ഹൃദയത്തിൽ ഒരു ദുർവ്വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോടു നിന്റെ കണ്ണു നിർദ്ദയമായിരുന്നു അവന്നു ഒന്നും കൊടുക്കാതിരിക്കയും അവൻ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ടു അതു നിനക്കു പാപമായി തീരുകയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
  • 10 നീ അവന്നു കൊടുത്തേ മതിയാവു; കൊടുക്കുമ്പോൾ ഹൃദയത്തിൽ വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തികളിലും സകലപ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും.
  • 11 ദരിദ്രൻ ദേശത്തു അറ്റുപോകയില്ല; അതുകൊണ്ടു നിന്റെ ദേശത്തു അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന്നു നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.
  • 12 നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു തന്നെത്താൻ വിറ്റിട്ടു ആറു സംവത്സരം നിന്നെ സേവിച്ചാൽ ഏഴാം സംവത്സരത്തിൽ നീ അവനെ സ്വതന്ത്രനായി വിട്ടയക്കേണം.
  • 13 അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോൾ അവനെ വെറുങ്കയ്യായിട്ടു അയക്കരുതു.
  • 14 നിന്റെ ആട്ടിൻ കൂട്ടത്തിൽനിന്നും കളത്തിൽനിന്നും മുന്തിരിച്ചക്കിൽനിന്നും അവന്നു ഔദാര്യമായി ദാനം ചെയ്യേണം; നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവന്നു കൊടുക്കേണം.
  • 15 നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഓർക്കേണം. അതുകൊണ്ടു ഞാൻ ഇന്നു ഈ കാര്യം നിന്നോടു ആജ്ഞാപിക്കുന്നു.
  • 16 എന്നാൽ അവൻ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കകൊണ്ടും നിന്റെ അടുക്കൽ അവന്നു സുഖമുള്ളതുകൊണ്ടും: ഞാൻ നിന്നെ വിട്ടുപോകയില്ല എന്നു നിന്നോടു പറഞ്ഞാൽ
  • 17 നീ ഒരു സൂചി എടുത്തു അവന്റെ കാതു വാതിലിനോടു ചേർത്തു കുത്തി തുളെക്കേണം; പിന്നെ അവൻ എന്നും നിനക്കു ദാസനായിരിക്കേണം; നിന്റെ ദാസിക്കും അങ്ങനെ തന്നേ ചെയ്യേണം.
  • 18 അവൻ ഒരു കൂലിക്കാരന്റെ ഇരട്ടിക്കൂലിക്കു തക്കതായി ആറു സംവത്സരം നിന്നെ സേവിച്ചതുകൊണ്ടു അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോൾ നിനക്കു വ്യസനം തോന്നരുതു; നിന്റെ ദൈവമായ യഹോവ നീ ചെയ്യുന്ന സകലത്തിലും നിന്നെ അനുഗ്രഹിക്കും.
  • 19 നിന്റെ മാടുകളിലും ആടുകളിലും കടിഞ്ഞൂലായി പിറക്കുന്ന ആണിനെ ഒക്കെയും നിന്റെ ദൈവമായ യഹോവെക്കു ശുദ്ധീകരിക്കേണം; നിന്റെ മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ടു വേല ചെയ്യിക്കരുതു; നിന്റെ ആടുകളുടെ കടിഞ്ഞൂലിന്റെ രോമം കത്രിക്കയും അരുതു.
  • 20 യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നീയും നിന്റെ കുടുംബവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ വെച്ചു അതിനെ ആണ്ടുതോറും തിന്നേണം.
  • 21 എന്നാൽ അതിന്നു മുടന്തോ കുരുടോ ഇങ്ങനെ വല്ല ഊനവും ഉണ്ടായിരുന്നാൽ നിന്റെ ദൈവമായ യഹോവെക്കു അതിനെ യാഗം കഴിക്കരുതു.
  • 22 നിന്റെ പട്ടണങ്ങളിൽവെച്ചു അതു തിന്നാം; പുള്ളിമാനിനെയും കലമാനിനെയുംപോലെ അശുദ്ധനും ശുദ്ധനും ഒരുപോലെ തിന്നാം.
  • 23 അതിന്റെ രക്തം മാത്രം തിന്നരുതു; അതു വെള്ളംപോലെ നിലത്തു ഒഴിച്ചുകളയേണം.