wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ആവർത്തനംഅദ്ധ്യായം 23
  • 1 ഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.
  • 2 കൌലടേയൻ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.
  • 3 ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുതു.
  • 4 നിങ്ങൾ മിസ്രയീമിൽനിന്നു വരുമ്പോൾ അവർ അപ്പവും വെള്ളവുംകൊണ്ടു വഴിയിൽ നിങ്ങളെ വന്നെതിരേൽക്കായ്കകൊണ്ടും നിന്നെ ശപിപ്പാൻ അവർ മെസൊപൊത്താമ്യയിലെ പെഥോരിൽനിന്നു ബെയോരിന്റെ മകനായ ബിലെയാമിനെ നിനക്കു വിരോധമായി കൂലിക്കു വിളിപ്പിച്ചതുകൊണ്ടും തന്നേ.
  • 5 എന്നാൽ ബിലെയാമിന്നു ചെവികൊടുപ്പാൻ നിന്റെ ദൈവമായ യഹോവെക്കു മനസ്സില്ലായിരുന്നു; നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ടു നിന്റെ ദൈവമായ യഹോവ ശാപം നിനക്കു അനുഗ്രഹമാക്കിത്തീർത്തു.
  • 6 ആകയാൽ നിന്റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിന്നും ഗുണത്തിന്നും വേണ്ടി ചിന്തിക്കരുതു.
  • 7 ഏദോമ്യനെ വെറുക്കരുതു; അവൻ നിന്റെ സഹോദരനല്ലോ. മിസ്രയീമ്യനെ വെറുക്കരുതു; നീ അവന്റെ ദേശത്തു പരദേശി ആയിരുന്നുവല്ലോ.
  • 8 മൂന്നാം തലമുറയായി അവർക്കു ജനിക്കുന്ന മക്കൾക്കു യഹോവയുടെ സഭയിൽ പ്രവേശിക്കാം.
  • 9 ശത്രുക്കൾക്കു നേരെ പാളയമിറങ്ങുമ്പോൾ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിപ്പാൻ നീ സൂക്ഷികൊള്ളേണം.
  • 10 രാത്രിയിൽ സംഭവിച്ച കാര്യത്താൽ അശുദ്ധനായ്തീർന്ന ഒരുത്തൻ നിങ്ങളിൽ ഉണ്ടായിരുന്നാൽ അവൻ പാളയത്തിന്നു പുറത്തുപോകേണം; പാളയത്തിന്നകത്തു വരരുതു.
  • 11 സന്ധ്യയാകുമ്പോൾ അവൻ വെള്ളത്തിൽ കുളിക്കേണം; സൂര്യൻ അസ്തമിച്ചിട്ടു അവന്നു പാളയത്തിന്നകത്തു വരാം.
  • 12 ബാഹ്യത്തിന്നു പോകുവാൻ നിനക്കു ഒരു സ്ഥലം പാളയത്തിന്നു പുറത്തു ഉണ്ടായിരിക്കേണം.
  • 13 നിന്റെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാരയും ഉണ്ടായിരിക്കേണം; ബാഹ്യത്തിന്നു ഇരിക്കുമ്പോൾ അതിനാൽ കുഴിച്ചു നിന്റെ വിസർജ്ജനം മൂടിക്കളയേണം.
  • 14 നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ടു അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.
  • 15 യജമാനനെ വിട്ടു നിന്റെ അടുക്കൽ ശരണം പ്രാപിപ്പാൻ വന്ന ദാസനെ യജമാനന്റെ കയ്യിൽ ഏല്പിക്കരുതു.
  • 16 അവൻ നിങ്ങളുടെ ഇടയിൽ നിന്റെ പട്ടണങ്ങളിൽ ഏതിലെങ്കിലും തനിക്കു ബോധിച്ചേടത്തു നിന്നോടു കൂടെ പാർക്കട്ടെ; അവനെ ഞെരുക്കം ചെയ്യരുതു.
  • 17 യിസ്രായേൽപുത്രിമാരിൽ ഒരു വേശ്യ ഉണ്ടാകരുതു; യിസ്രായേൽപുത്രന്മാരിൽ പുരുഷ മൈഥുനക്കാരനും ഉണ്ടാകരുതു.
  • 18 വേശ്യയുടെ കൂലിയും നായുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്കു യാതൊരു നേർച്ചയായിട്ടും കൊണ്ടുവരരുതു; ഇവ രണ്ടും നിന്റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു.
  • 19 പണത്തിന്നോ, ആഹാരത്തിന്നോ, വായിപ്പ കൊടുക്കുന്ന യാതൊരു വസ്തുവിന്നോ സഹോദരനോടു പലിശ വാങ്ങരുതു.
  • 20 അന്യനോടു പലിശ വാങ്ങാം; എന്നാൽ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നീ തൊടുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സഹോദരനോടു പലിശ വാങ്ങരുതു.
  • 21 നിന്റെ ദൈവമായ യഹോവെക്കു നേർച്ച നേർന്നാൽ അതു നിവർത്തിപ്പാൻ താമസം വരുത്തരുതു; അങ്ങനെ ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിങ്കൽ പാപമായിരിക്കും.
  • 22 നേരാതിരിക്കുന്നതു പാപം ആകയില്ല.
  • 23 നിന്റെ നാവിന്മേൽനിന്നു വീണതു നിവർത്തിക്കയും വായ് കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്റെ ദൈവമായ യഹോവെക്കു നേർന്നതുപോലെ നിവർത്തിക്കയും വേണം.
  • 24 കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തിൽ ഇടരുതു.
  • 25 കൂട്ടുകാരന്റെ വിളഭൂമിയിൽകൂടി പോകുമ്പോൾ നിനക്കു കൈകൊണ്ടു കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വെക്കരുതു.