wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ആവർത്തനംഅദ്ധ്യായം 25
  • 1 മനുഷ്യർക്കു തമ്മിൽ വ്യവഹാരം ഉണ്ടായിട്ടു അവർ ന്യായാസനത്തിങ്കൽ വരികയും അവരുടെ കാര്യം വിസ്തരിക്കയും ചെയ്യുമ്പോൾ നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയുംവേണം.
  • 2 കുറ്റക്കാരൻ അടിക്കു യോഗ്യനാകുന്നു എങ്കിൽ ന്യായാധിപൻ അവനെ നിലത്തു കിടത്തി അവന്റെ കുറ്റത്തിന്നു തക്കവണ്ണം എണ്ണി അടിപ്പിക്കേണം.
  • 3 നാല്പതു അടി അടിപ്പിക്കാം; അതിൽ കവിയരുതു; കവിഞ്ഞു അടിപ്പിച്ചാൽ സഹോദരൻ നിന്റെ കണ്ണിന്നു നിന്ദിതനായ്തീർന്നേക്കാം.
  • 4 കാള മെതിക്കുമ്പോൾ അതിന്നു മുഖക്കൊട്ട കെട്ടരുതു.
  • 5 സഹോദരന്മാർ ഒന്നിച്ചു പാർക്കുമ്പോൾ അവരിൽ ഒരുത്തൻ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്റെ ഭാര്യ പുറത്തുള്ള ഒരുത്തന്നു ആകരുതു; ഭർത്താവിന്റെ സഹോദരൻ അവളുടെ അടുക്കൽ ചെന്നു അവളെ ഭാര്യയായി പരിഗ്രഹിച്ചു അവളോടു ദേവരധർമ്മം നിവർത്തിക്കേണം.
  • 6 മരിച്ചുപോയ സഹോദരന്റെ പേർ യിസ്രായേലിൽ മാഞ്ഞു പോകാതിരിക്കേണ്ടതിന്നു അവൾ പ്രസവിക്കുന്ന ആദ്യജാതനെ അവന്റെ പേർക്കു കണക്കു കൂട്ടേണം.
  • 7 സഹോദരന്റെ ഭാര്യയെ പരിഗ്രഹിപ്പാൻ അവന്നു മനസ്സില്ലെങ്കിൽ അവൾ പട്ടണവാതിൽക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്നു: എന്റെ ദേവരന്നു തന്റെ സഹോദരന്റെ പേർ യിസ്രായേലിൽ നിലനിർത്തുവാൻ ഇഷ്ടമില്ല; എന്നോടു ദേവര ധർമ്മം നിവർത്തിപ്പാൻ അവന്നു മനസ്സില്ല എന്നു പറയേണം.
  • 8 അപ്പോൾ അവന്റെ പട്ടണത്തിലെ മൂപ്പന്മാർ അവനെ വിളിപ്പിച്ചു അവനോടു സംസാരിക്കേണം; എന്നാൽ ഇവളെ പരിഗ്രഹിപ്പാൻ എനിക്കു മനസ്സില്ല എന്നു അവൻ ഖണ്ഡിച്ചുപറഞ്ഞാൽ
  • 9 അവന്റെ സഹോദരന്റെ ഭാര്യ മൂപ്പന്മാർ കാൺകെ അവന്റെ അടുക്കൽ ചെന്നു അവന്റെ കാലിൽനിന്നു ചെരിപ്പു അഴിച്ചു അവന്റെ മുഖത്തു തുപ്പി: സഹോദരന്റെ വീടു പണിയാത്ത പുരുഷനോടു ഇങ്ങനെ ചെയ്യുമെന്നു പ്രത്യുത്തരം പറയേണം.
  • 10 ചെരിപ്പഴിഞ്ഞവന്റെ കുടുംബം എന്നു യിസ്രായേലിൽ അവന്റെ കുടുംബത്തിന്നു പേർ പറയും.
  • 11 പുരുഷന്മാർ തമ്മിൽ അടിപിടിക്കുടുമ്പോൾ ഒരുത്തന്റെ ഭാര്യ ഭർത്താവിനെ അടിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കേണ്ടതിന്നു അടുത്തുചെന്നു കൈ നീട്ടി അവന്റെ ഗുപ്താംഗം പിടിച്ചാൽ
  • 12 അവളുടെ കൈ വെട്ടിക്കളയേണം; അവളോടു കനിവു തോന്നരുതു.
  • 13 നിന്റെ സഞ്ചിയിൽ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുതു.
  • 14 നിന്റെ വീട്ടിൽ മുറുക്കവും ഇളപ്പവുമായ രണ്ടുതരം പറയും ഉണ്ടാകരുതു.
  • 15 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ ദീർഘായുസ്സോടിരിക്കേണ്ടതിന്നു നിന്റെ പടി ഒത്തതും ന്യായമായതുമായിരിക്കേണം; അങ്ങനെ തന്നേ നിന്റെ പറയും ഒത്തതും ന്യായമായതുമായിരിക്കേണം.
  • 16 ഈ വകയിൽ അന്യായം ചെയ്യുന്നവനൊക്കെയും നിന്റെ ദൈവമായ യഹോവെക്കു വെറുപ്പു ആകുന്നു.
  • 17 നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടു വരുമ്പോൾ വഴിയിൽവെച്ചു അമാലേൿ നിന്നോടു ചെയ്തതു,
  • 18 അവൻ ദൈവത്തെ ഭയപ്പെടാതെ വഴിയിൽ നിന്റെ നേരെ വന്നു നീ ക്ഷീണിച്ചും തളർന്നും ഇരിക്കുമ്പോൾ നിന്റെ പിമ്പിൽ പിന്നണിയിലുള്ള ബലഹീനരെ ഒക്കെയും സംഹരിച്ച കാര്യം തന്നേ ഓർത്തുകൊൾക.
  • 19 ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി അടക്കുവാൻ തരുന്ന ദേശത്തു ചുറ്റുമള്ള നിന്റെ സകലശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോൾ നീ അമാലേക്കിന്റെ ഓർമ്മയെ ആകാശത്തിൻ കീഴിൽനിന്നു മായിച്ചുകളയേണം; ഇതു മറന്നുപോകരുതു.