wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


ആവർത്തനംഅദ്ധ്യായം 30
  • 1 ഞാൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്ന അനുഗ്രഹവും ശാപവുമായ ഈ വചനങ്ങൾ ഒക്കെയും നിന്റെമേൽ നിവൃത്തിയായി വന്നിട്ടു നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞിട്ടുള്ള അതതു ജാതികളുടെ ഇടയിൽവെച്ചു നീ അവയെ നിന്റെ ഹൃദയത്തിൽ ഓർത്തു
  • 2 നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു നീയും നിന്റെ മക്കളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നതുപോലെ ഒക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചാൽ
  • 3 നിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞു നിങ്കലേക്കു തിരികയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകലജാതികളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും.
  • 4 നിനക്കുള്ളവർ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേർക്കും; അവിടെനിന്നു അവൻ നിന്നെ കൊണ്ടുവരും.
  • 5 നിന്റെ പിതാക്കന്മാർക്കു കൈവശമായിരുന്ന ദേശത്തേക്കു നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അതു കൈവശമാക്കും; അവൻ നിനക്കു ഗുണംചെയ്തു നിന്റെ പിതാക്കന്മാരെക്കാൾ നിന്നെ വർദ്ധിപ്പിക്കും.
  • 6 നീ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും.
  • 7 ഈ ശാപങ്ങളെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിന്റെ ശത്രുക്കളുടെ മേലും നിന്നെ പകെച്ചു ഉപദ്രവിക്കുന്നവരുടെമേലും വരുത്തും.
  • 8 നീ മനസ്സുതിരിഞ്ഞു യഹോവയുടെ വാക്കു കേട്ടു ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും അനുസരിച്ചു നടക്കയും
  • 9 നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ഗർഭഫലത്തിലും മൃഗഫലത്തിലും കൃഷിഫലത്തിലും നിനക്കു നന്മെക്കായി അഭിവൃദ്ധി നല്കുകയും ചെയ്യും.
  • 10 നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കയും നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ തിരികയും ചെയ്താൽ യഹോവ നിന്റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും നന്മെക്കായിട്ടു വീണ്ടും പ്രസാദിക്കും.
  • 11 ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ കല്പന നിനക്കു പ്രായസമുള്ളതല്ല, ദൂരമായുള്ളതുമല്ല.
  • 12 ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സ്വർഗ്ഗത്തിൽ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വർഗ്ഗത്തിലല്ല;
  • 13 ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സമുദ്രം കടന്നു കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സമുദ്രത്തിന്നക്കരെയുമല്ല;
  • 14 നീ അനുസരിപ്പാൻ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്റെ വായിലും നിന്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു.
  • 15 ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു.
  • 16 എങ്ങനെയെന്നാൽ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്റെ വഴികളിൽ നടപ്പാനും അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നു.
  • 17 എന്നാൽ നീ അനുസരിക്കാതെ നിന്റെ ഹൃദയം മറികയും നീ വശീകരിക്കപ്പെട്ടു അന്യദൈവങ്ങളെ നമസ്കരിച്ചു സേവിക്കയും ചെയ്താൽ
  • 18 നീ യോർദ്ദാൻ കടന്നു കൈവശമാക്കുവാൻ ചെല്ലുന്നദേശത്തു ദീർഘായുസ്സോടിരിക്കാതെ നിശ്ചയമായിട്ടു നശിച്ചുപോകും എന്നു ഞാൻ ഇന്നു നിങ്ങളെ അറിയിക്കുന്നു.
  • 19 ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷിവെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും
  • 20 യഹോവ നിന്റെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യംചെയ ്തദേശത്തു നീ പാർപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്കു ജീവനും ദീർഘായുസ്സും ആകുന്നു.