wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


സഭാപ്രസംഗി അദ്ധ്യായം 2
  • 1 ഞാൻ എന്നോടു തന്നേ പറഞ്ഞു: വരിക; ഞാൻ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊൾക.
  • 2 എന്നാൽ അതും മായ തന്നേ. ഞാൻ ചിരിയെക്കുറിച്ചു അതു ഭ്രാന്തു എന്നും സന്തോഷത്തെക്കുറിച്ചു അതുകൊണ്ടെന്തു ഫലം എന്നും പറഞ്ഞു.
  • 3 മനുഷ്യർക്കു ആകാശത്തിൻ കീഴെ ജീവപര്യന്തം ചെയ്‍വാൻ നല്ലതു ഏതെന്നു ഞാൻ കാണുവോളം എന്റെ ഹൃദയം എന്നെ ജ്ഞാനത്തോടെ നടത്തിക്കൊണ്ടിരിക്കെ, ഞാൻ എന്റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിപ്പാനും ഭോഷത്വം പിടിച്ചു കൊൾവാനും എന്റെ മനസ്സിൽ നിരൂപിച്ചു.
  • 4 ഞാൻ മഹാപ്രവൃത്തികളെ ചെയ്തു; എനിക്കു അരമനകളെ പണിതു; മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി.
  • 5 ഞാൻ തോട്ടങ്ങളെയും ഉദ്യാനങ്ങളെയും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളെയും നട്ടു.
  • 6 വൃക്ഷം വെച്ചുപിടിപ്പിച്ചിരുന്ന തോപ്പു നനെപ്പാൻ കുളങ്ങളും കുഴിപ്പിച്ചു.
  • 7 ഞാൻ ദാസന്മാരെയും ദാസിമാരെയും വിലെക്കു വാങ്ങി; വീട്ടിൽ ജനിച്ച ദാസന്മാരും എനിക്കുണ്ടായിരുന്നു; യെരൂശലേമിൽ എനിക്കുമുമ്പു ഉണ്ടായിരുന്ന ഏവരിലും അധികം ആടുമാടുകളായ ബഹുസമ്പത്തു എനിക്കുണ്ടായിരുന്നു.
  • 8 ഞാൻ വെള്ളിയും പൊന്നും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉള്ള ഭണ്ഡാരവും സ്വരൂപിച്ചു; സംഗീതക്കാരെയും സംഗീതക്കാരത്തികളെയും മനുഷ്യരുടെ പ്രമോദമായ അനവധി സ്ത്രീജനത്തെയും സമ്പാദിച്ചു.
  • 9 ഇങ്ങനെ ഞാൻ, എനിക്കുമുമ്പു യെരൂശലേമിൽ ഉണ്ടായിരുന്നു എല്ലാവരിലും മഹാനായിത്തീർന്നു അഭിവൃദ്ധി പ്രാപിച്ചു; ജ്ഞാനവും എന്നിൽ ഉറെച്ചുനിന്നു.
  • 10 എന്റെ കണ്ണു ആഗ്രഹിച്ചതൊന്നും ഞാൻ അതിന്നു നിഷേധിച്ചില്ല; എന്റെ ഹൃദയത്തിന്നു ഒരു സന്തോഷവും വിലക്കിയില്ല; എന്റെ സകലപ്രയത്നവും നിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതു തന്നേ.
  • 11 ഞാൻ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാൻ ചെയ്‍വാൻ ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.
  • 12 ഞാൻ ജ്ഞാനവും ഭ്രാന്തും ഭോഷത്വവും നോക്കുവാൻ തിരിഞ്ഞു; രാജാവിന്റെ ശേഷം വരുന്ന മനുഷ്യൻ എന്തു ചെയ്യും? പണ്ടു ചെയ്തതു തന്നേ.
  • 13 വെളിച്ചം ഇരുളിനെക്കാൾ ശ്രേഷ്ഠമായിരിക്കുന്നതുപോലെ ജ്ഞാനം ഭോഷത്വത്തെക്കാൾ ശ്രേഷ്ഠമായിരിക്കുന്നു എന്നു ഞാൻ കണ്ടു.
  • 14 ജ്ഞാനിക്കു തലയിൽ കണ്ണുണ്ടു; ഭോഷൻ ഇരുട്ടിൽ നടക്കുന്നു; എന്നാൽ അവർക്കു എല്ലാവർക്കും ഗതി ഒന്നു തന്നേ എന്നു ഞാൻ ഗ്രഹിച്ചു.
  • 15 ആകയാൽ ഞാൻ എന്നോടു: ഭോഷന്നും എനിക്കും ഗതി ഒന്നു തന്നേ; പിന്നെ ഞാൻ എന്തിന്നു അധികം ജ്ഞാനം സമ്പാദിക്കുന്നു എന്നു പറഞ്ഞു. ഇതും മായയത്രേ എന്നു ഞാൻ മനസ്സിൽ പറഞ്ഞു.
  • 16 ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓർമ്മയില്ല; വരുംകാലത്തും അവരെ ഒക്കെയും മറന്നുപോകും; അയ്യോ ഭോഷൻ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു;
  • 17 അങ്ങനെ സൂര്യന്നു കീഴെ നടക്കുന്ന കാര്യം എനിക്കു അനിഷ്ടമായതുകൊണ്ടു ഞാൻ ജീവനെ വെറുത്തു; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ.
  • 18 സൂര്യന്നു കീഴെ ഞാൻ പ്രയത്നിച്ച പ്രയത്നം ഒക്കെയും ഞാൻ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യന്നു ഞാൻ അതു വെച്ചേക്കേണ്ടിവരുമല്ലോ.
  • 19 അവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആർക്കറിയാം? എന്തായാലും ഞാൻ സൂര്യന്നു കീഴെ പ്രയത്നിച്ചതും ജ്ഞാനം വിളങ്ങിച്ചതും ആയ സകലപ്രയത്നഫലത്തിന്മേലും അവൻ അധികാരം പ്രാപിക്കും. അതും മായ അത്രേ.
  • 20 ആകയാൽ സൂര്യന്നു കീഴെ പ്രയത്നിച്ച സർവ്വപ്രയത്നത്തെക്കുറിച്ചും ഞാൻ എന്റെ ഹൃദയത്തെ നിരാശപ്പെടുത്തുവാൻ തുടങ്ങി.
  • 21 ഒരുത്തൻ ജ്ഞാനത്തോടും അറിവോടും സാമർത്ഥ്യത്തോടുംകൂടെ പ്രയത്നിക്കുന്നു; എങ്കിലും അതിൽ പ്രയത്നിക്കാത്ത ഒരുത്തന്നു അവൻ അതിനെ അവകാശമായി വെച്ചേക്കേണ്ടിവരുന്നു; അതും മായയും വലിയ തിന്മയും അത്രേ.
  • 22 സൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം?
  • 23 അവന്റെ നാളുകൾ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിന്നു സ്വസ്ഥതയില്ല; അതും മായ അത്രേ.
  • 24 തിന്നു കുടിച്ചു തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന്നു മറ്റൊരു നന്മയുമില്ല; അതും ദൈവത്തിന്റെ കയ്യിൽനിന്നുള്ളതു എന്നു ഞാൻ കണ്ടു.
  • 25 അവൻ നല്കീട്ടല്ലാതെ ആർ ഭക്ഷിക്കും ആർ അനുഭവിക്കും?
  • 26 തനിക്കു പ്രസാദമുള്ള മനുഷ്യന്നു അവൻ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു; പാപിക്കോ ദൈവം തനിക്കു പ്രസാദമുള്ളവന്നു അനുഭവമാകുവാൻ തക്കവണ്ണം ധനം സമ്പാദിക്കയും സ്വരൂപിക്കയും ചെയ്‍വാനുള്ള കഷ്ടപ്പാടു കൊടുക്കുന്നു. അതും മായയും വൃഥാപ്രയത്നവും അത്രേ.