wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


എസ്ഥേർ അദ്ധ്യായം 4
  • 1 സംഭവിച്ചതൊക്കെയും അറിഞ്ഞപ്പോൾ മൊർദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീർ വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്റെ നടുവിൽ ചെന്നു കൈപ്പോടെ അത്യുച്ചത്തിൽ നിലവിളിച്ചു.
  • 2 അവൻ രാജാവിന്റെ പടിവാതിലോളവും വന്നു: എന്നാൽ രട്ടുടുത്തുംകൊണ്ടു ആർക്കും രാജാവിന്റെ പടിവാതിലിന്നകത്തു കടന്നുകൂടായിരുന്നു.
  • 3 രാജാവിന്റെ കല്പനയും തീർപ്പും ചെന്ന ഓരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയിൽ മഹാദുഃഖവും ഉപവാസവും കരച്ചലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്തു വെണീറ്റിൽ കിടന്നു.
  • 4 എസ്തേരിന്റെ ബാല്യക്കാരത്തികളും ഷണ്ഡന്മാരും വന്നു അതു രാജ്ഞിയെ അറിയിച്ചപ്പോൾ അവൾ അത്യന്തം വ്യസനിച്ചു മൊർദ്ദെഖായിയുടെ രട്ടു നീക്കി അവനെ ഉടുപ്പിക്കേണ്ടതിന്നു അവന്നു വസ്ത്രം കൊടുത്തയച്ചു; എന്നാൽ അവൻ വാങ്ങിയില്ല.
  • 5 അപ്പോൾ എസ്ഥേർ തന്റെ ശുശ്രൂഷെക്കു രാജാവു ആക്കിയിരുന്ന ഷണ്ഡന്മാരിൽ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അതു എന്തെന്നും അതിന്റെ കാരണം എന്തെന്നും അറിയേണ്ടതിന്നു മൊർദ്ദെഖായിയുടെ അടുക്കൽ പോയിവരുവാൻ അവന്നു കല്പന കൊടുത്തു.
  • 6 അങ്ങനെ ഹഥാക്ൿ രാജാവിന്റെ പടിവാതിലിന്നു മുമ്പിൽ പട്ടണത്തിന്റെ വിശാലസ്ഥലത്തു മൊർദ്ദെഖായിയുടെ അടുക്കൽ ചെന്നു.
  • 7 മൊർദ്ദെഖായി തനിക്കു സംഭവിച്ചതൊക്കെയും യെഹൂദന്മാരെ നശിപ്പിക്കത്തക്കവണ്ണം ഹാമാൻ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത ദ്രവ്യസംഖ്യയും അവനോടു അറിയിച്ചു.
  • 8 അവരെ നശിപ്പിക്കേണ്ടതിന്നു ശൂശനിൽ പരസ്യമാക്കിയിരുന്ന തീർപ്പിന്റെ പകർപ്പ് അവൻ അവന്റെ കയ്യിൽ കൊടുത്തു ഇതു എസ്ഥേരിനെ കാണിച്ചു വിവരം അറിയിപ്പാനും അവൾ രാജസന്നിധിയിൽ ചെന്നു തന്റെ ജനത്തിന്നു വേണ്ടി അപേക്ഷയും യാചനയും കഴിക്കേണ്ടതിന്നു അവളോടു ആജ്ഞാപിപ്പാനും പറഞ്ഞു.
  • 9 അങ്ങനെ ഹഥാക്ൿ ചെന്നു മൊർദ്ദെഖായിയുടെ വാക്കു എസ്ഥേരിനെ അറിയിച്ചു.
  • 10 എസ്ഥേർ മൊർദ്ദെഖായിയോടു ചെന്നു പറവാൻ ഹഥാക്കിന്നു കല്പന കൊടുത്തതു എന്തെന്നാൽ:
  • 11 യാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നുവെങ്കിൽ ജീവനോടിരിക്കത്തക്കവണ്ണം രാജാവു പൊൻ ചെങ്കോൽ ആയാളുടെ നേരെ നീട്ടാഞ്ഞാൽ ആയാളെ കൊല്ലേണമെന്നു ഒരു നിയമം ഉള്ളപ്രകാരം രാജാവിന്റെ സകലഭൃത്യന്മാരും രാജാവിന്റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാൽ എന്നെ ഈ മുപ്പതു ദിവസത്തിന്നകത്തു രാജാവിന്റെ അടുക്കൽ ചെല്ലുവാൻ വിളിച്ചിട്ടില്ല.
  • 12 അവർ എസ്ഥേരിന്റെ വാക്കു മൊർദ്ദെഖായിയോടു അറിയിച്ചു.
  • 13 മൊർദ്ദെഖായി എസ്ഥേരിനോടു മറുപടി പറവാൻ കല്പിച്ചതു: നീ രാജധാനിയിൽ ഇരിക്കയാൽ എല്ലായെഹൂദന്മാരിലുംവെച്ചു രക്ഷപ്പെട്ടുകൊള്ളാമെന്നു നീ വിചാരിക്കേണ്ടാ.
  • 14 നീ ഈ സമയത്തു മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?
  • 15 അതിന്നു എസ്ഥേർ മൊർദ്ദെഖായിയോടു മറുപടി പറവാൻ കല്പിച്ചതു.
  • 16 നീ ചെന്നു ശൂശനിൽ ഉള്ള എല്ലായെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങൾ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കു വേണ്ടി ഉപവസിപ്പിൻ; ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ.
  • 17 അങ്ങനെ മൊർദ്ദെഖായി ചെന്നു എസ്ഥേർ കല്പിച്ചതുപോലെ ഒക്കെയും ചെയ്തു.