wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


പുറപ്പാടു്അദ്ധ്യായം 2
  • 1 എന്നാൽ ലേവികുടുംബത്തിലെ ഒരു പുരുഷൻ പോയി ഒരു ലേവ്യകന്യകയെ പരിഗ്രഹിച്ചു.
  • 2 അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. അവൻ സൌന്ദര്യമുള്ളവൻ എന്നു കണ്ടിട്ടു അവനെ മൂന്നു മാസം ഒളിച്ചുവെച്ചു.
  • 3 അവനെ പിന്നെ ഒളിച്ചുവെപ്പാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചു.
  • 4 അവന്നു എന്തു ഭവിക്കുമെന്നു അറിവാൻ അവന്റെ പെങ്ങൾ ദൂരത്തു നിന്നു.
  • 5 അപ്പോൾ ഫറവോന്റെ പുത്രി നദിയിൽ കുളിപ്പാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അതിനെ എടുത്തു കൊണ്ടുവരുവാൻ ദാസിയെ അയച്ചു.
  • 6 അവൾ അതു തുറന്നാറെ പൈതലിനെ കണ്ടു: കുട്ടി ഇതാ, കരയുന്നു. അവൾക്കു അതിനോടു അലിവുതോന്നി: ഇതു എബ്രായരുടെ പൈതങ്ങളിൽ ഒന്നു എന്നു പറഞ്ഞു.
  • 7 അവന്റെ പെങ്ങൾ ഫറവോന്റെ പുത്രിയോടു: ഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു.
  • 8 ഫറവോന്റെ പുത്രി അവളോടു: ചെന്നു കൊണ്ടു വരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു.
  • 9 ഫറവോന്റെ പുത്രി അവളോടു: നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളർത്തേണം; ഞാൻ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രി പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളർത്തി.
  • 10 പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്റെ പുത്രിയുടെ അടുക്കൽ കൊണ്ടു പോയി, അവൻ അവൾക്കു മകനായി: ഞാൻ അവനെ വെള്ളത്തിൽ നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവൾ അവന്നു മോശെ എന്നു പേരിട്ടു.
  • 11 ആ കാലത്തു മോശെ മുതിർന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു അവരുടെ ഭാരമുള്ള വേല നോക്കി, തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു.
  • 12 അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചു കൊന്നു മണലിൽ മറവുചെയ്തു.
  • 13 പിറ്റേ ദിവസവും അവൻ ചെന്നപ്പോൾ രണ്ടു എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോടു: നിന്റെ കൂട്ടുകാരനെ അടിക്കുന്നതു എന്തു എന്നു ചോദിച്ചു.
  • 14 അതിന്നു അവൻ: നിന്നെ ഞങ്ങൾക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോൾ കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു.
  • 15 ഫറവോൻ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാൻ അന്വേഷിച്ചു. മോശെ ഫറവോന്റെ സന്നിധിയിൽനിന്നു ഓടിപ്പോയി, മിദ്യാൻ ദേശത്തു ചെന്നു പാർത്തു; അവൻ ഒരു കിണറ്റിന്നരികെ ഇരുന്നു.
  • 16 മിദ്യാനിലെ പുരോഹിതന്നു ഏഴു പുത്രിമാർ ഉണ്ടായിരുന്നു. അവർ വന്നു അപ്പന്റെ ആടുകൾക്കു കുടിപ്പാൻ വെള്ളം കോരി തൊട്ടികൾ നിറെച്ചു.
  • 17 എന്നാൽ ഇടയന്മാർ വന്നു അവരെ ആട്ടിക്കളഞ്ഞു: അപ്പോൾ മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു.
  • 18 അവർ തങ്ങളുടെ അപ്പനായ റെഗൂവേലിന്റെ അടുക്കൽ വന്നപ്പോൾ: നിങ്ങൾ ഇന്നു ഇത്രവേഗം വന്നതു എങ്ങനെ എന്നു അവൻ ചോദിച്ചു.
  • 19 ഒരു മിസ്രയീമ്യൻ ഇടയന്മാരുടെ കയ്യിൽനിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങൾക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവർ പറഞ്ഞു.
  • 20 അവൻ തന്റെ പുത്രിമാരോടു: അവൻ എവിടെ? നിങ്ങൾ അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാൻ അവനെ വിളിപ്പിൻ എന്നു പറഞ്ഞു.
  • 21 മോശെക്കു അവനോടുകൂടെ പാർപ്പാൻ സമ്മതമായി; അവൻ മോശെക്കു തന്റെ മകൾ സിപ്പോറയെ കൊടുത്തു.
  • 22 അവൾ ഒരു മകനെ പ്രസവിച്ചു: ഞാൻ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവൻ പറഞ്ഞു അവന്നു ഗേർശോം എന്നു പേരിട്ടു.
  • 23 ഏറെ നാൾ കഴിഞ്ഞിട്ടു മിസ്രയീംരാജാവു മരിച്ചു. യിസ്രായേൽമക്കൾ അടിമവേല നിമിത്തം നെടുവീർപ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിള ദൈവസന്നിധിയിൽ എത്തി.
  • 24 ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു.
  • 25 ദൈവം യിസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു.