wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


പുറപ്പാടു്അദ്ധ്യായം 6
  • 1 യഹോവ മോശെയോടു: ഞാൻ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോൾ കാണും: ശക്തിയുള്ള കൈ കണ്ടിട്ടു അവൻ അവരെ വിട്ടയക്കും; ശക്തിയുള്ള കൈ കണ്ടിട്ടു അവരെ തന്റെ ദേശത്തുനിന്നു ഓടിച്ചുകളയും എന്നു അരുളിച്ചെയ്തു.
  • 2 ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു.
  • 3 ഞാൻ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.
  • 4 അവർ പരദേശികളായി പാർത്ത കനാൻ ദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോടു ഒരു നിയമം ചെയ്തിരിക്കുന്നു.
  • 5 മിസ്രയീമ്യർ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽമക്കളുടെ ഞരക്കം ഞാൻ കേട്ടു എന്റെ നിയമം ഓർത്തുമിരിക്കുന്നു.
  • 6 അതുകൊണ്ടു നീ യിസ്രായേൽ മക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു ഉദ്ധരിച്ചു അവരുടെ അടിമയിൽ നിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും.
  • 7 ഞാൻ നിങ്ങളെ എനിക്കു ജനമാക്കിക്കൊൾകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും.
  • 8 ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും നല്കുമെന്നു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി അതു നിങ്ങൾക്കു അവകാശമായി തരും.
  • 9 ഞാൻ യഹോവ ആകുന്നു. മോശെ ഇങ്ങനെ തന്നേ യിസ്രായേൽമക്കളോടു പറഞ്ഞു: എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല.
  • 10 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
  • 11 നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോടു യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ പറക എന്നു കല്പിച്ചു.
  • 12 അതിന്നു മോശെ: യിസ്രായേൽ മക്കൾ എന്റെ വാക്കു കേട്ടില്ല; പിന്നെ ഫറവോൻ എങ്ങനെ കേൾക്കും? ഞാൻ വാഗ്വൈഭവമുള്ളവനല്ലല്ലോ എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.
  • 13 അനന്തരം യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തു, യിസ്രായേൽമക്കളെ മിസ്രയീംദേശത്തു നിന്നു പുറപ്പെടുവിക്കേണ്ടതിന്നു അവരെ യിസ്രായേൽമക്കളുടെ അടുക്കലേക്കും മിസ്രയീംരാജാവായ ഫറവോന്റെ അടുക്കലേക്കും നിയോഗിച്ചയച്ചു.
  • 14 അവരുടെ കുടുംബത്തലവന്മാർ ആരെന്നാൽ: യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹനോക്, ഫല്ലൂ ഹെസ്രോൻ, കർമ്മി; ഇവ രൂബേന്റെ കുലങ്ങൾ.
  • 15 ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യസ്ത്രീയുടെ മകനായ ശൌൽ; ഇവ ശിമെയോന്റെ കുലങ്ങൾ.
  • 16 വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ ഇവ: ഗേർശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.
  • 17 ഗേർശോന്റെ പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.
  • 18 കഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കഹാത്തിന്റെ ആയുഷ്കാലം നൂറ്റിമുപ്പത്തുമൂന്നു സംവത്സരം.
  • 19 മെരാരിയുടെ പുത്രന്മാർ; മഹ്ളി, മൂശി, ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു.
  • 20 അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന്നു അഹരോനെയും മോശെയെയും പ്രസവിച്ചു; അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു.
  • 21 യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി.
  • 22 ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ, സിത്രി.
  • 23 അഹരോൻ അമ്മീ നാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവൾ അവന്നു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു.
  • 24 കോരഹിന്റെ പുത്രന്മാർ, അസ്സൂർ, എൽക്കാനാ അബിയാസാഫ് ഇവ കോരഹ്യകുലങ്ങൾ.
  • 25 അഹരോന്റെ മകനായ എലെയാസാർ ഫൂതീയേലിന്റെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു. അവൾ അവന്നു ഫീനെഹാസിനെ പ്രസവിച്ചു; ഇവർ കുലം കുലമായി ലേവ്യകുടുംബത്തലവന്മാർ ആകുന്നു.
  • 26 നിങ്ങൾ യിസ്രായേൽമക്കളെ ഗണം ഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിപ്പിൻ എന്നു യഹോവ കല്പിച്ച അഹരോനും മോശെയും ഇവർ തന്നേ.
  • 27 യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാൻ മിസ്രയീംരാജാവായ ഫറവോനോടു സംസാരിച്ചവർ ഈ മോശെയും അഹരോനും തന്നേ.
  • 28 യഹോവ മിസ്രയീംദേശത്തുവെച്ചു മോശെയോടു അരുളിച്ചെയ്ത നാളിൽ: ഞാൻ യഹോവ ആകുന്നു;
  • 29 ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ മിസ്രയീംരാജാവായ ഫറവോനോടു പറയേണം എന്നു യഹോവ മോശെയോടു കല്പിച്ചു.
  • 30 അതിന്നു മോശെ: ഞാൻ വാഗ്വൈവഭവമില്ലാത്തവൻ; ഫറവോൻ എന്റെ വാക്കു എങ്ങനെ കേൾക്കും എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.