wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


പുറപ്പാടു്അദ്ധ്യായം 10
  • 1 യഹോവ പിന്നെയും മോശെയോടു: നീ ഫറവോന്റെ അടുക്കൽ ചെല്ലുക. ഞാൻ അവന്റെ മുമ്പിൽ എന്റെ അടയാളങ്ങളെ ചെയ്യേണ്ടതിന്നും,
  • 2 ഞാൻ മിസ്രയീമിൽ പ്രവർത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യേ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൌത്രന്മാരോടും വിവരിക്കേണ്ടതിന്നും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിന്നും ഞാൻ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു എന്നു കല്പിച്ചു.
  • 3 അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതെന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുവാൻ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.
  • 4 എന്റെ ജനത്തെ വിട്ടയപ്പാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ നാളെ നിന്റെ രാജ്യത്തു വെട്ടുക്കിളിയെ വരുത്തും.
  • 5 നിലം കാണ്മാൻ വഹിയാതവണ്ണം അവ ഭൂതലത്തെ മൂടുകയും കല്മഴയിൽ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പിൽ തളിർത്തു വളരുന്ന സകലവൃക്ഷവും തിന്നുകളകയും ചെയ്യും.
  • 6 നിന്റെ ഗൃഹങ്ങളും നിന്റെ സകലഭൃത്യന്മാരുടെയും സകലമിസ്രയീമ്യരുടെയും വീടുകളും അതുകൊണ്ടു നിറയും; നിന്റെ പിതാക്കന്മാരെങ്കിലും പിതൃപിതാക്കന്മാരെങ്കിലും ഭൂമിയിൽ ഇരുന്ന കാലം മുതൽ ഇന്നുവരെയും അങ്ങനെയുള്ളതു കണ്ടിട്ടില്ല. പിന്നെ അവൻ തിരിഞ്ഞു ഫറവോന്റെ അടുക്കൽനിന്നു പോയി.
  • 7 അപ്പോൾ ഭൃത്യന്മാർ ഫറവോനോടു: എത്രത്തോളം ഇവൻ നമുക്കു കണിയായിരിക്കും? ആ മനുഷ്യരെ തങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു വിട്ടയക്കേണം; മിസ്രയീം നശിച്ചുപോകുന്നു എന്നു ഇപ്പോഴും നീ അറിയുന്നില്ലയോ എന്നു പറഞ്ഞു.
  • 8 അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോടു: നിങ്ങൾ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിപ്പിൻ.
  • 9 എന്നാൽ പോകേണ്ടുന്നവർ ആരെല്ലാം? എന്നു ചോദിച്ചതിന്നു മോശെ ഞങ്ങൾക്കു യഹോവയുടെ ഉത്സവമുണ്ടാകകൊണ്ടു ഞങ്ങൾ ഞങ്ങളുടെ ബാലന്മാരും വൃദ്ധന്മാരും പുത്രന്മാരും പുത്രിമാരുമായി പോകും; ഞങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോകും എന്നു പറഞ്ഞു.
  • 10 അവൻ അവരോടു: ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും വിട്ടയച്ചാൽ യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ; നോക്കുവിൻ; ദോഷമാകുന്നു നിങ്ങളുടെ ആന്തരം.
  • 11 അങ്ങനെയല്ല, നിങ്ങൾ പുരുഷന്മാർ പോയി യഹോവയെ ആരാധിച്ചുകൊൾവിൻ; ഇതല്ലോ നിങ്ങൾ അപേക്ഷിച്ചതു എന്നു പറഞ്ഞു അവരെ ഫറവോന്റെ സന്നിധിയിൽനിന്നു ആട്ടിക്കളഞ്ഞു.
  • 12 അപ്പോൾ യഹോവ മോശെയോടു: നിലത്തിലെ സകലസസ്യാദികളും കല്മഴയിൽ ശേഷിച്ചതു ഒക്കെയും തിന്നുകളയേണ്ടതിന്നു വെട്ടുക്കിളി മിസ്രയീംദേശത്തു വരുവാൻ നിന്റെ കൈ ദേശത്തിന്മേൽ നീട്ടുക എന്നു പറഞ്ഞു.
  • 13 അങ്ങനെ മോശെ തന്റെ വടി മിസ്രയീംദേശത്തിന്മേൽ നീട്ടി; യഹോവ അന്നു പകൽ മുഴുവനും രാത്രിമുഴുവനും ദേശത്തിന്മേൽ കിഴക്കൻ കാറ്റു അടിപ്പിച്ചു; പ്രഭാതം ആയപ്പോൾ കിഴക്കൻ കാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു.
  • 14 വെട്ടുക്കിളി മിസ്രയീംദേശത്തൊക്കെയും വന്നു മിസ്രയീമിന്റെ അതിർക്കകത്തു ഒക്കെയും അനവധിയായി വീണു; അതുപോലെ വെട്ടുക്കിളി ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാകയുമില്ല.
  • 15 അതു ഭൂതലത്തെ ഒക്കെയും മൂടി ദേശം അതിനാൽ ഇരുണ്ടുപോയി; കല്മഴയിൽ ശേഷിച്ചതായി നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അതു തിന്നുകളഞ്ഞു; മിസ്രയീംദേശത്തു എങ്ങും വൃക്ഷങ്ങളിലാകട്ടെ നിലത്തിലെ സസ്യത്തിലാകട്ടെ പച്ചയായതൊന്നും ശേഷിച്ചില്ല.
  • 16 ഫറവോൻ മോശെയെയും അഹരോനെയും വേഗത്തിൽ വിളിപ്പിച്ചു: നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാൻ പാപം ചെയ്തിരിക്കുന്നു.
  • 17 അതുകൊണ്ടു ഈ പ്രാവശ്യം മാത്രം നീ എന്റെ പാപം ക്ഷമിച്ചു ഈ ഒരു മരണം എന്നെ വിട്ടു നീങ്ങുവാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു.
  • 18 അവൻ ഫറവോന്റെ അടുക്കൽ നിന്നു പറപ്പെടു യഹോവയോടു പ്രാർത്ഥിച്ചു.
  • 19 യഹോവ മഹാശക്തിയുള്ളോരു പടിഞ്ഞാറൻ കാറ്റു അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലിൽ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.
  • 20 എന്നാൽ യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.
  • 21 അപ്പോൾ യഹോവ മോശെയോടു: മിസ്രയീംദേശത്തു സ്പർശിക്കത്തക്ക ഇരുൾ ഉണ്ടാകേണ്ടതിന്നു നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.
  • 22 മോശെ തന്റെ കൈ ആകാശത്തേക്കു നീട്ടി, മിസ്രയീംദേശത്തൊക്കെയും മൂന്നു ദിവസത്തേക്കു കൂരിരുട്ടുണ്ടായി.
  • 23 മൂന്നു ദിവസത്തേക്കു ഒരുത്തനെ ഒരുത്തൻ കണ്ടില്ല; ഒരുത്തനും തന്റെ സ്ഥലം വിട്ടു എഴുന്നേറ്റതുമില്ല. എന്നാൽ യിസ്രായേൽമക്കൾക്കു എല്ലാവർക്കും തങ്ങളുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു.
  • 24 അപ്പോൾ ഫറവോൻ മോശെയെ വിളിപ്പിച്ചു. നിങ്ങൾ പോയി യഹോവയെ ആരാധിപ്പിൻ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇങ്ങു നിൽക്കട്ടെ; നിങ്ങളുടെ കുഞ്ഞു കുട്ടികളും നിങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു.
  • 25 അതിന്നു മോശെ പറഞ്ഞതു: ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവെക്കു അർപ്പിക്കേണ്ടതിന്നു യാഗങ്ങൾക്കും സർവ്വാംഗഹോമങ്ങൾക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങൾക്കു തരേണം.
  • 26 ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരേണം; ഒരു കുളമ്പുപോലും പിമ്പിൽ ശേഷിച്ചുകൂടാ; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു അതിൽനിന്നല്ലോ ഞങ്ങൾ എടുക്കേണ്ടതു; ഏതിനെ അർപ്പിച്ചു യഹോവയെ ആരാധിക്കേണമെന്നു അവിടെ എത്തുവോളം ഞങ്ങൾ അറിയുന്നില്ല.
  • 27 എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയപ്പാൻ അവന്നു മനസ്സായില്ല.
  • 28 ഫറവോൻ അവനോടു: എന്റെ അടുക്കൽ നിന്നു പോക. ഇനി എന്റെ മുഖം കാണാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും എന്നു പറഞ്ഞതിന്നു മോശെ:
  • 29 നീ പറഞ്ഞതുപോലെ ആകട്ടെ; ഞാൻ ഇനി നിന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞു.