wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


പുറപ്പാടു്അദ്ധ്യായം 20
  • 1 ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു:
  • 2 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
  • 3 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
  • 4 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
  • 5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും
  • 6 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു.
  • 7 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
  • 8 ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.
  • 9 ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.
  • 10 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.
  • 11 ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.
  • 12 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
  • 13 കുല ചെയ്യരുതു.
  • 14 വ്യഭിചാരം ചെയ്യരുതു.
  • 15 മോഷ്ടിക്കരുതു.
  • 16 കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.
  • 17 കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.
  • 18 ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പർവ്വതം പുകയുന്നതും കണ്ടു; ജനം അതുകണ്ടപ്പോൾ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു.
  • 19 അവർ മോശെയോടു: നീ ഞങ്ങളോടു സംസാരിക്ക; ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു.
  • 20 മോശെ ജനത്തോടു: ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നും നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ അവങ്കലുള്ള ഭയം നിങ്ങൾക്കു ഉണ്ടായിരിക്കേണ്ടതിന്നും അത്രേ ദൈവം വന്നിരിക്കുന്നതു എന്നു പറഞ്ഞു.
  • 21 അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്നു അടുത്തുചെന്നു.
  • 22 അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: ഞാൻ സ്വർഗ്ഗത്തിൽനിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങൾ കണ്ടിരിക്കുന്നുവല്ലോ.
  • 23 എന്റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങൾ ഉണ്ടാക്കരുതു.
  • 24 എനിക്കു മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേൽ നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അർപ്പിക്കേണം. ഞാൻ എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാൻ നിന്റെ അടുക്കൽ വന്നു നിന്നെ അനുഗ്രഹിക്കും.
  • 25 കല്ലു കൊണ്ടു എനിക്കു യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ടു അതു പണിയരുതു; നിന്റെ ആയുധംകൊണ്ടു അതിനെ തൊട്ടാൽ നീ അതിനെ അശുദ്ധമാക്കും.
  • 26 എന്റെ യാഗപീഠത്തിങ്കൽ നിന്റെ നഗ്നത കാണാതിരിപ്പാൻ നീ അതിങ്കൽ പടികളാൽ കയറരുതു.