wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


പുറപ്പാടു്അദ്ധ്യായം 36
  • 1 ബെസലേലും ഒഹൊലീയാബും വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കു യഹോവ കല്പിച്ചതുപോലെ ഒക്കെയും സകലപ്രവൃത്തിയും ചെയ്‍വാൻ അറിയേണ്ടതിന്നു യഹോവ ജ്ഞാനവും ബുദ്ധിയും നല്കിയ സകലജ്ഞാനികളും പ്രവൃത്തി ചെയ്യേണം.
  • 2 അങ്ങനെ മോശെ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ മനസ്സിൽ ജ്ഞാനം നല്കിയിരുന്ന എല്ലാവരെയും പ്രവൃത്തിയിൽ ചേരുവാൻ മനസ്സിൽ ഉത്സാഹം തോന്നിയ എല്ലാവരെയും വിളിച്ചുവരുത്തി.
  • 3 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്‍വാൻ യിസ്രായേൽമക്കൾ കൊണ്ടുവന്ന വഴിപാടു ഒക്കെയും അവർ മോശെയുടെ പക്കൽനിന്നു വാങ്ങി; എന്നാൽ അവർ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങളെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
  • 4 അപ്പോൾ വിശുദ്ധമന്ദിരത്തിന്റെ സകല പ്രവൃത്തിയും ചെയ്യുന്ന ജ്ഞാനികൾ ഒക്കെയും താന്താൻ ചെയ്തുവന്ന പണി നിർത്തി വന്നു മോശെയോടു:
  • 5 യഹോവ ചെയ്‍വാൻ കല്പിച്ച ശുശ്രൂഷയുടെ പ്രവൃത്തിക്കു വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
  • 6 അതിന്നു മോശെ: പുരുഷന്മാരാകട്ടെ സ്ത്രീകളാകട്ടെ വിശുദ്ധമന്ദിരത്തിന്റെ വഴിപാടു വകെക്കു മേലാൽ പ്രവൃത്തി ചെയ്യേണ്ട എന്നു കല്പിച്ചു; അവർ അതു പാളയത്തിൽ പ്രസിദ്ധമാക്കി. അങ്ങനെ ജനം കൊണ്ടുവരുന്നതു നിർത്തലായി.
  • 7 കിട്ടിയ സാമാനങ്ങളോ സകല പ്രവൃത്തിയും ചെയ്‍വാൻ വേണ്ടുവോളവും അധികവും ഉണ്ടായിരുന്നു.
  • 8 പണി ചെയ്യുന്നവരിൽ ജ്ഞാനികളായ എല്ലാവരും പഞ്ഞിനൂൽ, ധൂമ്രനൂൽ, ചുവപ്പു നൂൽ എന്നിവകൊണ്ടുള്ള പത്തു മൂടുശീലകൊണ്ടു തിരുനിവാസം ഉണ്ടാക്കി; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ടു അതിനെ ഉണ്ടാക്കി.
  • 9 ഓരോ മൂടുശീലെക്കു ഇരുപത്തെട്ടു മുഴം നീളവും ഓരോ മൂടുശീലെക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; എല്ലാ മൂടുശീലകൾക്കും ഒരു അളവു തന്നേ.
  • 10 അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചു; മറ്റെ അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചു.
  • 11 അങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂൽ കൊണ്ടു കണ്ണികൾ ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കി.
  • 12 ഒരു മൂടുശീലയിൽ അമ്പതു കണ്ണി ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കി; കണ്ണികൾ നേർക്കുനേരെ ആയിരുന്നു.
  • 13 അവൻ പൊന്നുകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി; കൊളുത്തുകൊണ്ടു മൂടുശീലകളെ ഒന്നോടൊന്നു ഇണെച്ചു; അങ്ങനെ തിരുനിവാസം ഒന്നായി തീർന്നു.
  • 14 തിരുനിവാസത്തിന്മേൽ മൂടുവരിയായി കോലാട്ടുരോമംകൊണ്ടുള്ള മൂടുശീലകൾ ഉണ്ടാക്കി, പതിനൊന്നു മൂടുശീലയായി അവയെ ഉണ്ടാക്കി.
  • 15 ഓരോ മൂടുശീലെക്കു മുപ്പതു മുഴം നീളവും ഓരോ മൂടുശീലെക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; മൂടുശീല പതിനൊന്നിന്നും ഒരു അളവു തന്നേ.
  • 16 അവൻ അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു.
  • 17 ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും ഉണ്ടാക്കി.
  • 18 കൂടാരം ഒന്നായിരിക്കേണ്ടതിന്നു അതു ഇണെപ്പാൻ താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി.
  • 19 ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു കൂടാരത്തിന്നു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോൽകൊണ്ടു ഒരു പുറമൂടിയും അവൻ ഉണ്ടാക്കി.
  • 20 ഖദിരമരംകൊണ്ടു തിരുനിവാസത്തിന്നു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കി.
  • 21 ഓരോ പലകെക്കു പത്തുമുഴം നീളവും ഓരോ പലകെക്കു ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
  • 22 ഓരോ പലകെക്കു തമ്മിൽ ചേർന്നിരിക്കുന്ന ഈരണ്ടു കുടുമ ഉണ്ടായിരുന്നു; ഇങ്ങനെ തിരുനിവാസത്തിന്റെ എല്ലാപലകെക്കും ഉണ്ടാക്കി.
  • 23 അവൻ തിരുനിവാസത്തിന്നു പലക ഉണ്ടാക്കിയതു തെക്കുവശത്തേക്കു ഇരുപതു പലക:
  • 24 ഒരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെ അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവടു അവൻ ഉണ്ടാക്കി.
  • 25 തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കും ഇരുപതു പലക ഉണ്ടാക്കി.
  • 26 ഒരു പലകയുടെ അടിയിൽ രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവടും ഇങ്ങനെ അവെക്കു നാല്പതു വെള്ളിച്ചുവടു ഉണ്ടാക്കി.
  • 27 തിരുനിവാസത്തിന്റെ പടിഞ്ഞാറെ വശത്തേക്കു ആറു പലക ഉണ്ടാക്കി.
  • 28 തിരുനിവാസത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്കു ഈരണ്ടു പലക ഉണ്ടാക്കി.
  • 29 അവ താഴെ ഇരട്ടയായും മേലറ്റത്തു ഒന്നാമത്തെ വളയം വരെ തമ്മിൽ ചേർന്നു ഒറ്റയായും ഇരുന്നു. രണ്ടു മൂലയിലുള്ള രണ്ടിന്നും അങ്ങനെ തന്നേ ചെയ്തു.
  • 30 ഇങ്ങനെ എട്ടു പലകയും ഓരോ പലകയുടെ അടിയിൽ ഈരണ്ടു ചുവടായി പതിനാറു വെള്ളിച്ചുവടും ഉണ്ടായിരുന്നു.
  • 31 അവൻ ഖദിരമരംകൊണ്ടു അന്താഴങ്ങളും ഉണ്ടാക്കി; തിരുനിവാസത്തിന്റെ ഒരു വശത്തെ പലകെക്കു അഞ്ചു അന്താഴം;
  • 32 തിരുനിവാസത്തിന്റെ മറുവശത്തെ പലകെക്കു അഞ്ചു അന്താഴം; തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്തു പിൻവശത്തെ പലകെക്കു അഞ്ചു അന്താഴം.
  • 33 നടുവിലത്തെ അന്താഴം പലകയുടെ ഒത്ത നടുവിൽ ഒരു അറ്റത്തുനിന്നു മറ്റെ അറ്റത്തോളം ചെല്ലുവാൻ തക്കവണ്ണം ഉണ്ടാക്കി.
  • 34 പലകകൾ പൊന്നുകൊണ്ടു പൊതിഞ്ഞു; അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ടു ഉണ്ടാക്കി, അന്താഴം പൊന്നുകൊണ്ടു പൊതിഞ്ഞു.
  • 35 നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു അവൻ ഒരു തിരശ്ശീലയും ഉണ്ടാക്കി: നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ടു അതിനെ ഉണ്ടാക്കി.
  • 36 അതിന്നു ഖദിരമരംകൊണ്ടു നാലു തൂണും ഉണ്ടാക്കി, പൊന്നുകൊണ്ടു പൊതിഞ്ഞു; അവയുടെ കൊളുത്തുകൾ പൊന്നു കൊണ്ടു ആയിരുന്നു; അവെക്കു വെള്ളികൊണ്ടു നാലു ചുവടു വാർപ്പിച്ചു.
  • 37 കൂടാരത്തിന്റെ വാതിലിന്നു നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽക്കാരന്റെ പണിയായ ഒരു മറശ്ശീലയും
  • 38 അതിന്നു അഞ്ചു തൂണും അവെക്കു കൊളുത്തും ഉണ്ടാക്കി; അവയുടെ കുമിഴുകളും മേൽ ചുറ്റുപടികളും പൊന്നുകൊണ്ടു പൊതിഞ്ഞു; എന്നാൽ അവയുടെ ചുവടു അഞ്ചും താമ്രം കൊണ്ടു ആയിരുന്നു.