wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


പുറപ്പാടു്അദ്ധ്യായം 40
  • 1 അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:
  • 2 ഒന്നാം മാസം ഒന്നാം തിയ്യതി നീ സമാഗമനക്കുടാരമെന്ന തിരുനിവാസം നിവിർക്കേണം.
  • 3 സാക്ഷ്യപെട്ടകം അതിൽ വെച്ചു തിരശ്ശീലകൊണ്ടു പെട്ടകം മറെക്കേണം.
  • 4 മേശ കോണ്ടുവന്നു അതിന്റെ സാധനങ്ങൾ ക്രമത്തിൽ വെക്കേണം. നിലവിളക്കു കൊണ്ടുവന്നു അതിന്റെ ദീപം കൊളുത്തേണം.
  • 5 ധൂപത്തിന്നുള്ള പൊമ്പീഠം സാക്ഷ്യപെട്ടകത്തിന്നു മുമ്പിൽ വെച്ചു തിരുനിവാസവാതിലിന്റെ മിറശ്ശീല തൂക്കേണം.
  • 6 സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുമ്പിൽ ഹോമയാഗപീഠം വെക്കേണം.
  • 7 സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും നടുവിൽ തൊട്ടി വെച്ചു അതിൽ വെള്ളം ഒഴിക്കേണം.
  • 8 ചുറ്റും പ്രാകാരം നിവിർത്തു പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കേണം.
  • 9 അഭിഷേകതൈലം എടുത്തു തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്തു അതും അതിന്റെ ഉപകരങ്ങളൊക്കെയും ശുദ്ധീകരിക്കേണം;
  • 10 ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങൾ ഒക്കെയും അഭിഷേകം ചെയ്തു യാഗപീഠം ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം.
  • 11 തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
  • 12 അഹരോനെയും പുത്രന്മാരെയും സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവന്നു അവരെ വെള്ളംകൊണ്ടു കഴുകേണം.
  • 13 അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ചു, എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
  • 14 അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ചു,
  • 15 എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യേണം; അവരുടെ അഭിഷേകം ഹേതുവായി അവർക്കു തലമുറതലമുറയോളം നിത്യ പൌരോഹിത്യം ഉണ്ടായിരിക്കേണം.
  • 16 മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെ ഒക്കെയും അവൻ ചെയ്തു.
  • 17 ഇങ്ങനെ രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി തിരുനിവാസം നിവിർത്തു.
  • 18 മോശെ തിരുനിവാസം നിവിർക്കുകയും അതിന്റെ ചുവടു ഉറപ്പിക്കയും പലക നിറുത്തുകയും അന്താഴം ചെലുത്തുകയും തൂൺ നാട്ടുകയും ചെയ്തു.
  • 19 അവൻ മൂടുവിരി തിരുനിവാസത്തിന്മേൽ വിരിച്ചു അതിന്മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവാ മോശെയോടു കല്പിച്ചതുപോലെ തന്നേ.
  • 20 അവൻ സാക്ഷ്യം എടുത്തു പെട്ടകത്തിൽ വെച്ചു; പെട്ടകത്തിന്നു തണ്ടു ചെലുത്തി പെട്ടകത്തിന്നു മീതെ കൃപാസനം വെച്ചു.
  • 21 പെട്ടകം തിരുനിവാസത്തിൽ കൊണ്ടുവന്നു മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
  • 22 സമാഗമനക്കുടാരത്തിൽ തിരുനിവാസത്തിന്റെ വടക്കുവശത്തു തിരശ്ശീലെക്കു പുറത്തായി മേശവെച്ചു.
  • 23 അതിന്മേൽ യഹോവയുടെ സന്നിധിയിൽ അപ്പം അടുക്കിവെച്ചു; യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
  • 24 സമാഗമനക്കുടാരത്തിൽ മോശെക്കു നേരെ തിരുനിവാസത്തിന്റെ തെക്കുവശത്തു നിലവിളക്കു വെക്കയും യഹോവയുടെ സന്നിധിയിൽ ദീപം കൊളുത്തുകയും ചെയ്തു;
  • 25 യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
  • 26 സമാഗമനക്കുടാരത്തിൽ തിരശ്ശീലയുടെ മുൻ വശത്തു പൊന്നുകൊണ്ടുള്ള ധൂപപീഠം വെക്കയും അതിന്മേൽ സുഗന്ധ ധൂപവർഗ്ഗം ധൂപിക്കയും ചെയ്തു;
  • 27 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
  • 28 അവൻ തിരുനിവാസത്തിന്റെ വാതിലിന്നുള്ള മറശ്ശീല തൂക്കി.
  • 29 ഹോമയാഗപീഠം സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുൻ വശത്തു വെക്കയും അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിക്കയും ചെയ്തു. യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
  • 30 സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും നടുവിൽ അവൻ തൊട്ടിവെക്കയും കഴുകേണ്ടതിന്നു അതിൽ വെള്ളം ഒഴിക്കയും ചെയ്തു.
  • 31 മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി.
  • 32 അവർ സമാഗമനക്കുടാരത്തിൽ കടക്കുമ്പോഴും യാഗപീഠത്തിങ്കൽ ചെല്ലുമ്പോഴും കൈകാലുകൾ കഴുകും; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
  • 33 അവൻ തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റം പ്രാകാരം നിറുത്തി; പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കി. ഇങ്ങനെ മോശെ പ്രവൃത്തി സമാപിച്ചു.
  • 34 അപ്പോൾ മേഘം സമാഗമനക്കുടാരത്തെ മൂടി, യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു.
  • 35 മേഘം സമാഗമനക്കുടാരത്തിന്മേൽ അധിവസിക്കയും യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെക്കയും ചെയ്തതുകൊണ്ടു മോശെക്കു അകത്തു കടപ്പാൻ കഴിഞ്ഞില്ല.
  • 36 യിസ്രായേൽമക്കൾ തങ്ങളുടെ സകലപ്രയാണങ്ങളിലും മേഘം തിരുനിവസത്തിന്മേൽനിന്നു ഉയരുമ്പോൾ യാത്ര പുറപ്പെടും.
  • 37 മേഘം ഉയരാതിരുന്നാൽ അതു ഉയരുംനാൾവരെ അവർ യാത്രപുറപ്പെടാതിരിക്കും.
  • 38 യിസ്രായേല്യരുടെ സകലപ്രയാണങ്ങളിലും അവരെല്ലാവരും കാൺകെ പകൽ സമയത്തു തിരുനിവാസത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്തു അതിൽ അഗ്നിയും ഉണ്ടായിരുന്നു.