wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യേഹേസ്കേൽ അദ്ധ്യായം 6
  • 1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  • 2 മനുഷ്യപുത്രാ, നീ യിസ്രായേൽപർവ്വതങ്ങളുടെ നേരെ മുഖം തിരിച്ചു അവർക്കു വിരോധമായി പ്രവചിച്ചു പറയേണ്ടതു:
  • 3 യിസ്രായേൽപർവ്വതങ്ങളേ, യഹോവയായ കർത്താവിന്റെ വചനം കേൾപ്പിൻ! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരയോടും യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ നേരെ വാൾ വരുത്തും: ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിക്കും.
  • 4 നിങ്ങളുടെ ബലിപീഠങ്ങൾ ശൂന്യമാകും; നിങ്ങളുടെ സൂര്യസ്തംഭങ്ങൾ തകർന്നുപോകും; നിങ്ങളുടെ നിഹതന്മാരെ ഞാൻ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പിൽ വീഴിക്കും.
  • 5 ഞാൻ യിസ്രായേൽമക്കളുടെ ശവങ്ങളെ അവരുടെ വിഗ്രഹങ്ങളുടെ മുമ്പിൽ ഇടും; ഞാൻ നിങ്ങളുടെ അസ്ഥികളെ നിങ്ങളുടെ ബലിപീഠങ്ങൾക്കു ചുറ്റും ചിതറിക്കും.
  • 6 നിങ്ങളുടെ ബലിപീഠങ്ങൾ ഇടിഞ്ഞു ശൂന്യമാകയും നിങ്ങളുടെ വിഗ്രഹങ്ങൾ തകർന്നു മുടിഞ്ഞുപോകയും നിങ്ങളുടെ സൂര്യസ്തംഭങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ പണികൾ നശിച്ചുപോകയും ചെയ്‍വാൻ തക്കവണ്ണം നിങ്ങൾ പാർക്കുന്നേടത്തൊക്കെയും പട്ടണങ്ങൾ പാഴായും പൂജാഗിരികൾ ശൂന്യമായും തീരും.
  • 7 നിഹതന്മാർ നിങ്ങളുടെ നടുവിൽ വീഴും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
  • 8 എങ്കിലും നിങ്ങൾ ദേശങ്ങളിൽ ചിതറിപ്പോകുമ്പോൾ വാളിന്നു തെറ്റിപ്പോയവർ ജാതികളുടെ ഇടയിൽ നിങ്ങൾക്കു ഉണ്ടാകേണ്ടതിന്നു ഞാൻ ഒരു ശേഷിപ്പിനെ വെച്ചേക്കും.
  • 9 എന്നെ വിട്ടകന്നു പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേർന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാൻ തകർത്തുകളഞ്ഞശേഷം, നിങ്ങളിൽ ചാടിപ്പോയവർ, അവരെ പിടിച്ചു കൊണ്ടുപോയ ജാതികളുടെ ഇടയിൽവെച്ചു എന്നെ ഓർക്കും; അവരുടെ സകലമ്ളേച്ഛതകളാലും ചെയ്ത ദോഷങ്ങൾ നിമിത്തം അവർക്കു തങ്ങളോടു തന്നേ വെറുപ്പുതോന്നും.
  • 10 ഞാൻ യഹോവ എന്നു അവർ അറിയും; ഈ അനർത്ഥം അവർക്കു വരുത്തുമെന്നു വെറുതെയല്ല ഞാൻ അരുളിച്ചെയ്തിരിക്കുന്നതു.
  • 11 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിന്റെ ദോഷകരമായ സകലമ്ളേച്ഛതകളുംനിമിത്തം നീ കൈകൊണ്ടടിച്ചു, കാൽകൊണ്ടു ചവിട്ടി, അയ്യോ കഷ്ടം! എന്നു പറക; അവർ വാൾകൊണ്ടും ക്ഷാമം കൊണ്ടും മഹാമാരികൊണ്ടും വീഴും.
  • 12 ദൂരത്തുള്ളവൻ മഹാമാരികൊണ്ടു മരിക്കും; സമീപത്തുള്ളവൻ വാൾകൊണ്ടു വീഴും; ശേഷിച്ചിരിക്കുന്നവനും രക്ഷപ്പെട്ടവനും ക്ഷാമംകൊണ്ടു മരിക്കും; ഇങ്ങനെ ഞാൻ എന്റെ ക്രോധം അവരിൽ നിവർത്തിക്കും.
  • 13 അവർ തങ്ങളുടെ സകലവിഗ്രഹങ്ങൾക്കും സൌരഭ്യവാസന അർപ്പിച്ച സ്ഥലമായി ഉയരമുള്ള എല്ലാ കുന്നിന്മേലും സകല പർവ്വത ശിഖരങ്ങളിലും എല്ലാപച്ചമരത്തിൻ കീഴിലും തഴെച്ചിരിക്കുന്ന എല്ലാ കരുവേലകത്തിൻ കീഴിലും അവരുടെ നിഹതന്മാർ അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയിൽ വീണു കിടക്കുമ്പോൾ ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
  • 14 ഞാൻ അവരുടെ നേരെ കൈ നീട്ടി, അവരുടെ സകലവാസസ്ഥലങ്ങളിലും ദേശത്തെ രിബ്ളാമരുഭൂമിയെക്കാൾ അധികം നിർജ്ജനവും ശൂന്യവുമാക്കും; അപ്പോൾ ഞാൻ യഹോവയെന്നു അവർ അറിയും.