wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യേഹേസ്കേൽ അദ്ധ്യായം 8
  • 1 ആറാം ആണ്ടു ആറാം മാസം അഞ്ചാം തിയ്യതി, ഞാൻ വീട്ടിൽ ഇരിക്കയും യെഹൂദാമൂപ്പന്മാർ എന്റെ മുമ്പിൽ ഇരിക്കയും ചെയ്തപ്പോൾ അവിടെ യഹോവയായ കർത്താവിന്റെ കൈ എന്റെമേൽ വന്നു.
  • 2 അപ്പോൾ ഞാൻ മനുഷ്യസാദൃശത്തിൽ ഒരു രൂപം കണ്ടു; അവന്റെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ളസ്വർണ്ണത്തിന്റെ പ്രഭപോലെയും ആയിരുന്നു.
  • 3 അവൻ കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവു എന്നെ ഭൂമിയുടെയും ആകാശത്തിന്റെയും മദ്ധ്യേ ഉയർത്തി ദിവ്യദർശനങ്ങളിൽ യെരൂശലേമിൽ വടക്കോട്ടുള്ള അകത്തെ വാതിൽക്കൽ കൊണ്ടുചെന്നു; അവിടെ തീഷ്ണത ജനിപ്പിക്കുന്ന തീക്ഷ്ണതാ ബിംബത്തിന്റെ ഇരിപ്പിടം ഉണ്ടായിരുന്നു.
  • 4 അവിടെ ഞാൻ സമഭൂമിയിൽ കണ്ട ദർശനം പോലെ യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം ഉണ്ടായിരുന്നു.
  • 5 അവൻ എന്നോടു: മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക എന്നു കല്പിച്ചു; ഞാൻ തലപൊക്കി വടക്കോട്ടു നോക്കി; യാഗപീഠത്തിന്റെ വാതിലിന്നു വടക്കോട്ടു, പ്രവേശനത്തിങ്കൽ തന്നേ, ആ തിക്ഷണതാബിംബത്തെ കണ്ടു.
  • 6 അവൻ എന്നോടു: മനുഷ്യപുത്രാ, അവർ ചെയ്യുന്നതു, ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടു പോകേണ്ടതിന്നു യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ളേച്ഛതകൾ തന്നേ, നീ കാണുന്നുവോ? ഇതിലും വലിയ മ്ളേച്ഛതകളെ നീ കാണും എന്നു അരുളിച്ചെയ്തു.
  • 7 അവൻ എന്നെ പ്രാകാരത്തിന്റെ വാതിൽക്കൽ കൊണ്ടുപോയി; ഞാൻ നോക്കിയപ്പോൾ ചുവരിൽ ഒരു ദ്വാരം കണ്ടു.
  • 8 അവൻ എന്നോടു: മനുഷ്യ പുത്രാ, ചുവർ കുത്തിത്തുരക്കുക എന്നു പറഞ്ഞു; ഞാൻ ചുവർ കുത്തിത്തുരന്നാറെ ഒരു വാതിൽ കണ്ടു.
  • 9 അവൻ എന്നോടു: അകത്തു ചെന്നു, അവർ ഇവിടെ ചെയ്യുന്ന വല്ലാത്ത മ്ളേച്ഛതകളെ നോക്കുക എന്നു കല്പിച്ചു.
  • 10 അങ്ങനെ ഞാൻ അകത്തു ചെന്നു: വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽഗൃഹത്തിന്റെ സകലവിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരെച്ചിരിക്കുന്നതു കണ്ടു.
  • 11 അവയുടെ മുമ്പിൽ യിസ്രായേൽ ഗൃഹത്തിന്റെ മൂപ്പന്മാരിൽ എഴുപതുപേരും ശാഫാന്റെ മകനായ യയസന്യാവു അവരുടെ നടുവിലും ഓരോരുത്തൻ കയ്യിൽ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; ധൂപമേഘത്തിന്റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.
  • 12 അപ്പോൾ അവൻ എന്നോടു: മനുഷ്യപുത്രാ, യിസ്രായേൽഗൃഹത്തിന്റെ മൂപ്പന്മാർ ഇരുട്ടത്തു ഓരോരുത്തൻ താന്താന്റെ ബിംബങ്ങളുടെ അറകളിൽ ചെയ്യുന്നതു നീ കാണുന്നുവോ? യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു എന്നു അവർ പറയുന്നു എന്നരുളിച്ചെയ്തു.
  • 13 അവർ ഇതിലും വലിയ മ്ളേച്ഛതകളെ ചെയ്യുന്നതു നീ കാണും എന്നും അവൻ എന്നോടു അരുളിച്ചെയ്തു.
  • 14 അവൻ എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്റെ പ്രവേശനത്തിങ്കൽ കൊണ്ടുപോയി, അവിടെ സ്ത്രീകൾ തമ്മൂസിനെക്കുറിച്ചു കരഞ്ഞുംകൊണ്ടു ഇരിക്കുന്നതു ഞാൻ കണ്ടു.
  • 15 അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ളേച്ഛതകളെ ഇനിയും കാണും എന്നു അരുളിച്ചെയ്തു.
  • 16 അവൻ എന്നെ യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ കൊണ്ടുപോയി, യഹോവയുടെ മന്ദിരത്തിന്റെ വാതിൽക്കൽ മണ്ഡപത്തിന്നും യാഗപീഠത്തിന്നും നടുവെ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാർ തങ്ങളുടെ മുതുകു യഹോവയുടെ മന്ദിരത്തിന്റെ നേരെയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ടു നിന്നിരുന്നു; അവർ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കയായിരുന്നു.
  • 17 അപ്പോൾ അവൻ എന്നോടു: മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ളേച്ഛതകൾ പോരാഞ്ഞിട്ടോ, അവർ എന്നെ അധികമധികം കോപിപ്പിപ്പാൻ ദേശത്തെ സാഹസംകൊണ്ടു നിറെക്കുന്നതു? കണ്ടില്ലേ അവർ ചുള്ളി മൂക്കിന്നു തൊടുവിക്കുന്നതു?
  • 18 ആകയാൽ ഞാനും ക്രോധത്തോടെ പ്രവർത്തിക്കും; എന്റെ കണ്ണു ആദരിക്കയില്ല; ഞാൻ കരുണ കാണിക്കയുമില്ല; അവർ അത്യുച്ചത്തിൽ എന്നോടു നിലവിളിച്ചാലും ഞാൻ അപേക്ഷ കേൾക്കയില്ല എന്നു അരുളിച്ചെയ്തു.