wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യേഹേസ്കേൽ അദ്ധ്യായം 14
  • 1 യിസ്രായേൽമൂപ്പന്മാരിൽ ചിലർ എന്റെ അടുക്കൽ വന്നു എന്റെ മുമ്പിൽ ഇരുന്നു.
  • 2 അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  • 3 മനുഷ്യപുത്രാ, ഈ പുരുഷന്മാർ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു; അവർ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ?
  • 4 അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിൽ തന്റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്റെ അകൃത്യഹേതു തന്റെ മുമ്പിൽ വെച്ചുംകൊണ്ടു പ്രവാചകന്റെ അടുക്കൽ വരുന്ന ഏവനോടും
  • 5 യഹോവയായ ഞാൻ തന്നേ യിസ്രായേൽഗൃഹത്തെ അവരുടെ ഹൃദയത്തിൽ പിടിക്കേണ്ടതിന്നു അവന്റെ വിഗ്രഹങ്ങളുടെ ബാഹുല്യത്തിന്നു തക്കവണ്ണം ഉത്തരം അരുളും; അവർ എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങൾനിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.
  • 6 ആകയാൽ നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ അനുതപിച്ചു നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിവിൻ; നിങ്ങളുടെ സകല മ്ളേച്ഛബിംബങ്ങളിലുംനിന്നു നിങ്ങളുടെ മുഖം തിരിപ്പിൻ.
  • 7 യിസ്രായേൽഗൃഹത്തിലും യിസ്രായേലിൽ വന്നുപാർക്കുന്ന പരദേശികളിലും എന്നെ വിട്ടകന്നു തന്റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്റെ അകൃത്യഹേതു മുമ്പിൽ വെച്ചുകൊണ്ടു പ്രവാചകന്റെ അടുക്കൽ അരുളപ്പാടു ചോദിപ്പാൻ വരുന്ന ഏവനോടും യഹോവയായ ഞാൻ തന്നേ ഉത്തരം അരുളും.
  • 8 ഞാൻ ആ മനുഷ്യന്റെനേരെ മുഖംതിരിച്ചു അവനെ ഒരടയാളവും പഴഞ്ചൊല്ലും ആക്കും; ഞാൻ അവനെ എന്റെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
  • 9 എന്നാൽ പ്രവാചകൻ വശീകരിക്കപ്പെട്ടിട്ടു ഒരു വാക്കു പ്രസ്താവിച്ചാൽ യഹോവയായ ഞാൻ ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നു; ഞാൻ അവന്റെ നേരെ കൈ നീട്ടി അവനെ യിസ്രായേൽജനത്തിൽനിന്നു സംഹരിച്ചുകളയും.
  • 10 യിസ്രായേൽഗൃഹം ഇനിമേൽ എന്നെ വിട്ടു തെറ്റിപ്പോകയും സകലവിധ ലംഘനങ്ങളുംകൊണ്ടു അശുദ്ധരായിത്തീരുകയും ചെയ്യാതെ അവർ എനിക്കു ജനവും ഞാൻ അവർക്കു ദൈവവും ആയിരിക്കേണ്ടതിന്നു
  • 11 അവർ തങ്ങളുടെ അകൃത്യം വഹിക്കും; ചോദിക്കുന്നവന്റെ അകൃത്യവും പ്രവാചകന്റെ അകൃത്യവും ഒരുപോലെ ആയിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  • 12 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  • 13 മനുഷ്യപുത്രാ ഒരു ദേശം എന്നോടു ദ്രോഹിച്ചു പാപം ചെയ്യുമ്പോൾ ഞാൻ അതിന്റെനേരെ കൈ നീട്ടി, അപ്പം എന്ന കോൽ ഒടിച്ചു, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതിൽ നിന്നു ഛേദിച്ചുകളയും.
  • 14 നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും അവർ തങ്ങളുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  • 15 ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ പേടിച്ചു ആരും വഴിപോകാതവണ്ണം അവ അതിനെ നിർജ്ജനമാക്കീട്ടു അതു ശൂന്യമാകയും ചെയ്താൽ,
  • 16 ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും എന്നാണ, അവർ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ അവർ മാത്രമേ രക്ഷപ്പെടുകയുള്ളു; ദേശമോ ശൂന്യമായിപ്പോകുമെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  • 17 അല്ലെങ്കിൽ ഞാൻ ആ ദേശത്തിൽ വാൾ വരുത്തി വാളേ, നീ ദേശത്തുകൂടി കടക്കുക എന്നു കല്പിച്ചു മനുഷ്യരെയും മൃഗങ്ങളെയും
  • 18 അതിൽനിന്നു ഛേദിച്ചുകളഞ്ഞാൽ ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ, അവർ മാത്രമേ രക്ഷപ്പെടുകയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  • 19 അല്ലെങ്കിൽ ഞാൻ ആ ദേശത്തു മഹാമാരി അയച്ചു, അതിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളവാൻ തക്കവണ്ണം എന്റെ ക്രോധം രക്തരൂപേണ അതിന്മേൽ പകർന്നാൽ
  • 20 നോഹയും ദാനീയേലും ഇയ്യോബും അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ തങ്ങളുടെ നീതിയാൽ സ്വന്ത ജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  • 21 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയേണ്ടതിന്നു വാൾ, ക്ഷാമം ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനർത്ഥകരമായ ന്യായവിധികൾ നാലും കൂടെ അയച്ചാലോ?
  • 22 എന്നാൽ പുറപ്പെട്ടു പോരുവാനുള്ള പുത്രന്മാരും പുത്രിമാരും ആയ ഒരു രക്ഷിതഗണം അതിൽ ശേഷിച്ചിരിക്കും; അവർ പുറപ്പെട്ടു നിങ്ങളുടെ അടുക്കൽ വരും; നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കണ്ടു, ഞാൻ യെരൂശലേമിന്നു വരുത്തിയ അനർത്ഥവും അതിന്നു വരുത്തിയ സകലവും ചൊല്ലി ആശ്വാസം പ്രാപിക്കും.
  • 23 നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കാണുമ്പോൾ നിങ്ങൾക്കു ആശ്വാസമായിരിക്കും; ഞാൻ അതിൽ ചെയ്തിരിക്കുന്നതൊക്കെയും വെറുതെയല്ല ചെയ്തതു എന്നു നിങ്ങൾ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.