wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യേഹേസ്കേൽ അദ്ധ്യായം 22
  • 1 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  • 2 മനുഷ്യപുത്രാ, നീ ന്യായംവിധിക്കുമോ? രക്തപാതകമുള്ള പട്ടണത്തെ നീ ന്യായംവിധിക്കുമോ? എന്നാൽ നീ അതിന്റെ സകലമ്ളേച്ഛതകളെയും അതിനോടു അറിയിച്ചു പറയേണ്ടതു:
  • 3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ കാലം വരുവൻ തക്കവണ്ണം നിന്റെ നടുവിൽ രക്തം ചൊരിഞ്ഞു നിന്നെത്തന്നേ മലിനമാക്കേണ്ടതിന്നു വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ!
  • 4 നീ ചൊരിഞ്ഞ രക്തത്താൽ നീ കുറ്റക്കാരത്തിയായ്തീർന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാൽ നീ നിന്നെത്തന്നേ മലിനമാക്കിയിരിക്കുന്നു; നിന്റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്റെ ആണ്ടുകൾ നിനക്കു വന്നെത്തിയിരിക്കുന്നു; അതുകൊണ്ടു ഞാൻ നിന്നെ ജാതികൾക്കു നിന്ദയും സകലദേശങ്ങൾക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു.
  • 5 നിനക്കു സമീപസ്ഥന്മാരും ദൂരസ്ഥന്മാരും ആയിരിക്കുന്നവർ ദുഷ്കീർത്തിയും ബഹുതുമുലവും ഉള്ള നിന്നെ പരിഹസിക്കും.
  • 6 യിസ്രായേൽപ്രഭുക്കന്മാർ ഓരോരുത്തനും തന്നാൽ കഴിയുന്നെടത്തോളം രക്തം ചൊരിവാനത്രേ നിന്നിൽ ഇരിക്കുന്നതു.
  • 7 നിന്റെ മദ്ധ്യേ അവർ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവർ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവെച്ചു അവർ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.
  • 8 എന്റെ വിശുദ്ധ വസ്തുക്കളെ നീ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുന്നു.
  • 9 രക്തം ചൊരിയേണ്ടതിന്നു ഏഷണി പറയുന്നവർ നിന്നിൽ ഉണ്ടു; പൂജാഗിരികളിൽ ഭക്ഷണം കഴിക്കുന്നവർ നിന്നിൽ ഉണ്ടു; നിന്റെ നടുവിൽ അവർ ദുഷ്കർമ്മം പ്രവർത്തിക്കുന്നു.
  • 10 നിന്നിൽ അവർ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; നിന്നിൽവെച്ചു അവർ ഋതുമാലിന്യത്തിൽ ഇരിക്കുന്നവളെ വഷളാക്കുന്നു.
  • 11 ഒരുത്തൻ തന്റെ കൂട്ടുകാരന്റെ ഭാര്യയുമായി മ്ളേച്ഛത പ്രവർത്തിക്കുന്നു; മറ്റൊരുത്തൻ തന്റെ മരുമകളെ ദുർമ്മര്യാദ പ്രവർത്തിച്ചു മലിനയാക്കുന്നു; വേറൊരുത്തൻ നിന്നിൽവെച്ചു തന്റെ അപ്പന്റെ മകളായ സഹോദരിയെ വഷളാക്കുന്നു.
  • 12 രക്തംചൊരിയേണ്ടതിന്നു അവർ നിന്നിൽ കൈക്കൂലി വാങ്ങുന്നു; പലിശയും ലാഭവും വാങ്ങി നീ കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  • 13 നീ സമ്പാദിച്ചിരിക്കുന്ന ലാഭത്തെയും നിന്റെ നടുവിലുണ്ടായ രക്തപാതകത്തെയും കുറിച്ചു ഞാൻ കൈകൊട്ടും:
  • 14 ഞാൻ നിന്നോടു കാര്യം തീർക്കുന്ന നാളിൽ നീ ധൈര്യത്തോടെ നില്ക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവൃത്തിക്കയും ചെയ്യും.
  • 15 ഞാൻ നിന്നെ ജാതികളുടെ ഇടയിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചു നിന്റെ മലിനത നിങ്കൽനിന്നു നീക്കും.
  • 16 ജാതികൾ കാൺകെ നീ നിന്നിൽത്തന്നേ മലിനയായ്തീരും; ഞാൻ യഹോവ എന്നു നീ അറിയും.
  • 17 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  • 18 മനുഷ്യപുത്രാ, യിസ്രായേൽഗൃഹം എനിക്കു കിട്ടുമായ്തീർന്നിരിക്കുന്നു; അവരെല്ലാവരും ഉലയുടെ നടുവിൽ താമ്രവും വെളുത്തീയവും ഇരിമ്പും കറുത്തീയവും തന്നെ; അവർ വെള്ളിയുടെ കിട്ടമായ്തീർന്നിരിക്കുന്നു;
  • 19 അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എല്ലാവരും കിട്ടമായ്തീർന്നിരിക്കകൊണ്ടു ഞാൻ നിങ്ങളെ യെരൂശലേമിന്റെ നടുവിൽ കൂട്ടും.
  • 20 വെള്ളിയും താമ്രവും ഇരിമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ നടുവിൽ ഇട്ടു ഊതി ഉരുക്കുന്നതുപോലെ ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും നിങ്ങളെയും കൂട്ടിയുരുക്കും.
  • 21 ഞാൻ നിങ്ങളെ കൂട്ടി എന്റെ ക്രോധാഗ്നിയെ നിങ്ങളുടെ മേൽ ഊതും; അങ്ങനെ നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും.
  • 22 ഉലയുടെ നടുവിൽ വെള്ളി ഉരുകിപ്പോകുന്നതു പോലെ, നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും; യഹോവയായ ഞാൻ എന്റെ ക്രോധം നിങ്ങളുടെമേൽ പകർന്നിരിക്കുന്നു എന്നു നിങ്ങൾ അറിയും.
  • 23 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
  • 24 മനുഷ്യപുത്രാ, നീ അതിനോടു പറയേണ്ടതു: ക്രോധദിവസത്തിൽ നീ ശുദ്ധിയില്ലാത്തതും മഴയില്ലാത്തതുമായ ദേശമായിരിക്കും.
  • 25 അതിന്റെ നടുവിൽ അതിലെ പ്രവാചകന്മാരുടെ ഒരു കൂട്ടുകെട്ടുണ്ടു; അലറി ഇര കടിച്ചുകീറുന്ന ഒരു സിംഹംപോലെ അവർ ദേഹികളെ വിഴുങ്ങിക്കളയുന്നു; നിക്ഷേപങ്ങളെയും വലിയേറിയ വസ്തുക്കളെയും അപഹരിച്ചുകൊണ്ടു അവർ അതിന്റെ നടുവിൽ വിധവമാരെ വർദ്ധിപ്പിക്കുന്നു.
  • 26 അതിലെ പുരോഹിതന്മാർ എന്റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്തു എന്റെ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കുന്നു; അവർ ശുദ്ധവും അശുദ്ധവും തമ്മിൽ വേറുതിരിക്കുന്നില്ല; മലിനവും നിർമ്മലിനവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല; ഞാൻ അവരുടെ മദ്ധ്യേ അശുദ്ധനായി ഭവിക്കത്തക്കവണ്ണം അവർ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറെച്ചുകളയുന്നു.
  • 27 അതിന്റെ നടുവിലെ പ്രഭുക്കന്മാർ ലാഭം ഉണ്ടാക്കേണ്ടതിന്നു ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിവാനും ദേഹികളെ നശിപ്പിപ്പാനും നോക്കുന്നു.
  • 28 അതിലെ പ്രവാചകന്മാർ വ്യാജം ദർശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുംകൊണ്ടു അവർക്കു കുമ്മായം തേക്കുന്നു.
  • 29 ദേശത്തിലെ ജനം ഞെരുക്കം ചെയ്കയും പിടിച്ചുപറിക്കയും എളിയവനെയും ദരിദ്രനെയും ഉപദ്രവിക്കയും പരദേശിയെ അന്യായമായി പീഡിപ്പിക്കയും ചെയ്യുന്നു.
  • 30 ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നിൽക്കേണ്ടതിന്നു ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.
  • 31 ആകയാൽ ഞാൻ എന്റെ ക്രോധം അവരുടെമേൽ പകർന്നു എന്റെ കോപാഗ്നികൊണ്ടു അവരെ മുടിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിന്നു തക്കവണ്ണം ഞാൻ അവർക്കു പകരം കൊടുത്തിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.