wheel

AJC Publications and Media Portal

 

But the Comforter, which is the Holy Ghost, whom the Father will send in my name, he shall teach you all things,
and bring all things to your remembrance, whatsoever I have said unto you. John 14:26


യേഹേസ്കേൽ അദ്ധ്യായം 43
  • 1 അനന്തരം അവൻ എന്നെ ഗോപുരത്തിലേക്കു, കിഴക്കോട്ടുള്ള ഗോപുരത്തിലേക്കു തന്നേ, കൊണ്ടുചെന്നു;
  • 2 അപ്പോൾ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കു വഴിയായി വന്നു; അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെ ആയിരുന്നു; ഭൂമി അവന്റെ തേജസ്സുകൊണ്ടു പ്രകാശിച്ചു.
  • 3 ഇതു ഞാൻ കണ്ട ദർശനംപോലെ ആയിരുന്നു; നഗരത്തെ നശിപ്പിപ്പാൻ ഞാൻ വന്നപ്പോൾ കണ്ട ദർശനംപോലെ തന്നേ; ഈ ദർശനങ്ങൾ കെബാർ നദീതീരത്തുവെച്ചു ഞാൻ കണ്ട ദർശനംപോലെ ആയിരുന്നു; അപ്പോൾ ഞാൻ കവിണ്ണുവീണു.
  • 4 യഹോവയുടെ തേജസ്സു കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽ കൂടി ആലയത്തിലേക്കു പ്രവേശിച്ചു.
  • 5 ആത്മാവു എന്നെ എടുത്തു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; യഹോവയുടെ തേജസ്സു ആലയത്തെ നിറെച്ചിരുന്നു.
  • 6 ആ പുരുഷൻ എന്റെ അടുക്കൽ നില്ക്കുമ്പോൾ, ആലയത്തിൽ നിന്നു ഒരുത്തൻ എന്നോടു സംസാരിക്കുന്നതു ഞാൻ കേട്ടു.
  • 7 അവൻ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, ഇതു ഞാൻ എന്നേക്കും യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കുന്ന എന്റെ സിംഹാസനത്തിന്റെ സ്ഥലവും എന്റെ കാലടികളുടെ സ്ഥലവും ആകുന്നു; യിസ്രായേൽഗൃഹമെങ്കിലും അവരുടെ രാജാക്കന്മാരെങ്കിലും തങ്ങളുടെ പരസംഗംകൊണ്ടും പൂജാഗിരികളിലെ തങ്ങളുടെ രാജാക്കന്മാരുടെ ശവങ്ങൾകൊണ്ടും
  • 8 എനിക്കും അവർക്കും ഇടയിൽ ഒരു ചുവർ മാത്രം ഉണ്ടായിരിക്കത്തക്കവണ്ണം തങ്ങളുടെ ഉമ്മരപ്പടി എന്റെ ഉമ്മരപ്പടിയും തങ്ങളുടെ കട്ടള എന്റെ കട്ടളയും ആക്കുന്നതുകൊണ്ടും എന്റെ വിശുദ്ധനാമത്തെ ഇനി അശുദ്ധമാക്കേണ്ടതല്ല; അവർ ചെയ്ത മ്ളേച്ഛതകളാൽ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കിയിരിക്കുന്നു; അതുകൊണ്ടു ഞാൻ എന്റെ കോപത്തിൽ അവരെ നശിപ്പിച്ചു.
  • 9 ഇപ്പോൾ അവർ തങ്ങളുടെ പരസംഗവും രാജാക്കന്മാരുടെ ശവങ്ങളും എങ്കൽനിന്നു ദൂരത്താക്കിക്കളയട്ടെ; എന്നാൽ ഞാൻ അവരുടെ മദ്ധ്യേ എന്നേക്കും വസിക്കും.
  • 10 മനുഷ്യപുത്രാ, യിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ചു ലജ്ജിക്കേണ്ടതിന്നു നീ ഈ ആലയം അവരെ കാണിക്ക; അവർ അതിന്റെ മാതൃക അളക്കട്ടെ.
  • 11 അവർ ചെയ്ത സകലത്തെയും കുറിച്ചു അവർ ലജ്ജിച്ചാൽ നീ ആലയത്തിന്റെ ആകൃതിയും വിധാനവും പുറപ്പാടുകളും പ്രവേശനങ്ങളും അതിന്റെ ആകൃതി ഒക്കെയും സകല വ്യവസ്ഥകളും അതിന്റെ രൂപമൊക്കെയും അതിന്റെ സകല നിയമങ്ങളും അവരെ അറിയിച്ചു, അവർ അതിന്റെ എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും പ്രമാണിച്ചു അനുഷ്ഠിക്കേണ്ടതിന്നു അതിനെ ഒക്കെയും അവർ കാൺകെ എഴുതിവെക്കുക.
  • 12 ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം; പർവ്വതത്തിന്റെ മുകളിൽ അതിന്റെ അതൃത്തിക്കകമെല്ലാം അതി വിശുദ്ധമായിരിക്കേണം; അതേ, ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം.
  • 13 മുഴപ്രകാരം യാഗപീഠത്തിന്റെ അളവു ആവിതു--മുഴം ഒന്നിന്നു ഒരു മുഴവും നാലു വിരലും--: ചുവടു ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്തു ചുറ്റുമുള്ള വക്കുഒരു ചാൺ. യാഗപീഠത്തിന്റെ ഉയരമാവിതു:
  • 14 നിലത്തെ ചുവടുമുതൽ താഴത്തെ തട്ടുവരെ രണ്ടു മുഴവും വീതി ഒരു മുഴവും; താഴത്തെ തട്ടുമുതൽ വലിയ തട്ടുവരെ നാലു മുഴവും വീതി ഒരു മുഴവും ആയിരിക്കേണം.
  • 15 ഇങ്ങനെ മേലത്തെ യാഗപീഠം നാലു മുഴം; യാഗപീഠത്തിന്റെ അടുപ്പിൽനിന്നു മേലോട്ടു നാലു കൊമ്പു ഉണ്ടായിരിക്കേണം;
  • 16 യാഗപീഠത്തിന്റെ അടുപ്പിന്റെ നീളം പന്ത്രണ്ടു മുഴവും വീതി പന്ത്രണ്ടു മുഴവുമായി സമചതുരമായിരിക്കേണം.
  • 17 അതിന്റെ നാലു പുറവുമുള്ള തട്ടു പതിന്നാലു മുഴം നീളവും പതിന്നാലു മുഴം വീതിയും അതിന്റെ ചുറ്റുമുള്ള വക്കുഅര മുഴവും ചുവടു ചുറ്റും ഒരു മുഴവും ആയിരിക്കേണം; അതിന്റെ പതനങ്ങൾ കിഴക്കോട്ടായിരിക്കേണം.
  • 18 പിന്നെ അവൻ എന്നോടു കല്പിച്ചതു: മനുഷ്യപുത്രാ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ യാഗപീഠം ഉണ്ടാക്കുന്ന നാളിൽ അതിന്മേൽ ഹോമയാഗം കഴിക്കേണ്ടതിന്നും രക്തം തളിക്കേണ്ടതിന്നും അതിനെക്കുറിച്ചുള്ള ചട്ടങ്ങൾ ആവിതു:
  • 19 എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തു വരുന്ന സാദോക്കിന്റെ സന്തതിയിലുള്ള ലേവ്യരായ പുരോഹിതന്മാർക്കു നീ പാപയാഗമായി ഒരു കാളക്കുട്ടിയെ കൊടുക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
  • 20 നീ അതിന്റെ രക്തത്തിൽ കുറെ എടുത്തു യാഗപീഠത്തിന്റെ നാലു കൊമ്പിലും തട്ടിന്റെ നാലു കോണിലും ചുറ്റുമുള്ള വക്കിലും പുരട്ടി അതിന്നു പാപപരിഹാരവും പ്രായശ്ചിത്തവും വരുത്തേണം.
  • 21 പിന്നെ നീ പാപയാഗത്തിന്നു കാളയെ എടുത്തു ആലയത്തിൽ നിയമിക്കപ്പെട്ട സ്ഥലത്തു വിശുദ്ധമന്ദിരത്തിന്റെ പുറമെ വെച്ചു ദഹിപ്പിക്കേണം.
  • 22 രണ്ടാം ദിവസം നീ ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ പാപയാഗമായി അർപ്പിക്കേണം; അവർ കാളയെക്കൊണ്ടു യാഗപീഠത്തിന്നു പാപപരിഹാരം വരുത്തിയതുപോലെ ഇതിനെക്കൊണ്ടും അതിന്നു പാപപരിഹാരം വരുത്തേണം.
  • 23 അതിന്നു പാപപരിഹാരം വരുത്തിത്തീർന്നശേഷം, നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻ കൂട്ടത്തിൽ നിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും അർപ്പിക്കേണം.
  • 24 നീ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം; പുരോഹിതന്മാർ അവയുടെമേൽ ഉപ്പു വിതറിയശേഷം അവയെ യഹോവെക്കു ഹോമയാഗമായി അർപ്പിക്കേണം.
  • 25 ഏഴു ദിവസം നീ ദിനംപ്രതി പാപയാഗമായി ഓരോ കോലാട്ടിനെ അർപ്പിക്കേണം; അവർ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻ കൂട്ടത്തിൽനിന്നു ഒരു ആട്ടുകൊറ്റനെയും അർപ്പിക്കേണം.
  • 26 അങ്ങനെ അവർ ഏഴുദിവസം യാഗപീഠത്തിന്നു പ്രായശ്ചിത്തം വരുത്തിയും അതിനെ നിർമ്മലീകരിച്ചുംകൊണ്ടു പ്രതിഷ്ഠ കഴിക്കേണം.
  • 27 ഈ ദിവസങ്ങൾ തികെച്ചശേഷം എട്ടാം ദിവസവും മുമ്പോട്ടും പുരോഹിതന്മാർ യാഗപീഠത്തിന്മേൽ നിങ്ങളുടെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും അർപ്പിക്കേണം. അങ്ങനെ എനിക്കു നിങ്ങളിൽ പ്രസാദമുണ്ടാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.